പട്ടം കണക്കെ ഉയർന്നുപറക്കാൻ
വെള്ളിപ്രഭാതം
ഹനീഫ് റഹ്മാനി പനങ്ങാങ്ങര
പുതിയ തലമുറയെ പാരമ്പര്യങ്ങളിൽനിന്ന് അടർത്തിമാറ്റി പുതിയ അച്ചിൽ വാർത്തെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് സർക്കാർ പ്രത്യക്ഷത്തിൽ ഒരടി പുറകോട്ട് വച്ചിട്ടുണ്ടെങ്കിൽ കൂടി മതനിരാസത്തിനു കുടപിടിക്കുന്ന പ്രോജക്ടുകളുമായി സർക്കാരും വകുപ്പുകളും സ്വകാര്യമായും അല്ലാതെയും നീക്കുപോക്കുകൾ നടത്തുന്നു. ലിംഗസമത്വത്തിന്റെ പേരിൽ കലാലയങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ പദ്ധതികൾ ഒരു ഭാഗത്തും വിദ്യാർഥി പ്രസ്ഥാനങ്ങൾ അരങ്ങൊരുക്കുന്ന ലൈംഗിക പേക്കൂത്തുകൾ മറുഭാഗത്തും. ഇതിനിടയിൽ വലവിരിച്ച് മുതലെടുപ്പ് നടത്തുന്ന ലഹരിമാഫിയകളും എല്ലാം കൂടി വളരുന്ന തലമുറയെ അധാർമികതയിലേക്ക് കൂട്ടിക്കൊടുക്കുന്ന ലക്ഷ്യത്തിൽ കൈകോർക്കുകയാണ്.
രക്ഷിതാക്കളുടെ കണ്ണുകൾ മൂടിക്കെട്ടി, അധ്യാപകരുടെ വായടപ്പിച്ച്, സമൂഹത്തെ നോക്കുകുത്തികളാക്കി പുതിയ വിദ്യാർഥിവ്യൂഹം ഭീഷണാത്മകമായ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവരവരുടെ രക്ഷിതാക്കളിൽ മാത്രം ഞെട്ടലുളവാക്കുന്ന വാർത്തകളുമായി നാളെകളിൽ അവർ പ്രത്യക്ഷപ്പെടും. സ്‌നേഹപരിലാളനകൾ നൽകി വലിയ പ്രതീക്ഷകളോടെ വേണ്ടതിലേറെ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കി കലാലയങ്ങളിലേക്ക് പറഞ്ഞുവിടുന്ന മക്കളെ തങ്ങൾക്ക് നഷ്ടമായിരിക്കുന്നുവെന്ന തിരിച്ചറിവിന്റെ നിമിഷം പിന്നെ അവർക്കുവേണ്ടി ആഗ്രഹിക്കുന്നതും ഗുണം കാംക്ഷിക്കുന്നതും മക്കളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തലായി മാറും. ജന്മം നൽകുകയും തൽക്കാലം പറക്കമുറ്റാത്ത പ്രായത്തിൽ ശാരീരിക, സാമ്പത്തിക പിന്തുണകൾ നൽകുകയും മാത്രമേ മാതാപിതാക്കൾ ചെയ്യേണ്ടതുള്ളൂ. അതിലപ്പുറം അവരുടെ മതത്തിലോ സംസ്‌കാരത്തിലോ ഇടപെടരുതെന്ന് അവർ ആഗ്രഹിക്കുന്നു.
അറിവിനേക്കാൾ വിവേകത്തിനു പ്രാധാന്യം കൊടുക്കുന്നവർ മക്കൾ കനപ്പെട്ട ക്വാളിഫിക്കേഷനുകൾ നേടിയില്ലെങ്കിലും ക്വാളിറ്റിയുള്ള മനുഷ്യനായിത്തീരണമെന്ന് കൊതിക്കുന്നവരാണ്. വ്യക്തിത്വ വിശുദ്ധിയോടൊപ്പം കുടുംബ, സാമൂഹിക ബന്ധങ്ങൾക്കു വിലകൽപിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ അതിനുതകുന്ന ബോധനങ്ങൾ പകർന്നുനൽകാനുള്ള ചുറ്റുപാടുകൾ ഇല്ലാതായിത്തീരുന്നുവെന്നുമാത്രമല്ല കാലമിത്രയായി പവിത്രമെന്നു കരുതിപ്പോന്നിരുന്ന ബന്ധങ്ങളുടെ അടിത്തറതന്നെയിളക്കുന്ന സമവാക്യങ്ങളാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.
കലാലയങ്ങളിലെ അരുതായ്മകൾ കണ്ടില്ലെന്ന് നടിക്കാനേ അധ്യാപകർക്കാവുന്നുള്ളൂ. കൊച്ചുകൊച്ചു ശിക്ഷണങ്ങൾ പോലും അന്യംനിന്നുപോയി. അരുതെന്ന് പറയാൻ ഭയക്കുന്ന രക്ഷിതാക്കൾ. എന്തും ഏതും അനുവദിച്ചുകൊടുത്ത് അവസാനം ആവശ്യങ്ങൾക്കൊപ്പം നിൽക്കാനാവാതെ വരുമ്പോൾ ആത്മാഹുതി എന്ന ഒറ്റപോംവഴിയിലേക്ക് എത്തിച്ചേരുന്ന മക്കൾ. അവരുടെ മനസ്സ് ദുർബലമായിരിക്കുന്നു. ശരീരത്തിന് കിട്ടുന്ന പോഷണം മനസ്സിന് കിട്ടാതെപോകുന്നു. വിദ്യാർഥികളുടെ ആത്മഹത്യാ വാർത്തകൾ തുടർച്ചയായി വന്നുകൊണ്ടേയിരിക്കുന്നു. മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2022 ജൂൺ വരെയുള്ള കാലയളവിൽ 25 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഡിജിറ്റൽ ആസക്തി മൂലമുണ്ടായ ആത്മഹത്യകളായിട്ടാണ് ഈ കേസുകൾ പൊലിസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ ഓരോ കേസിലും ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്. കുട്ടികൾ വിഷാദരോഗത്തിലേക്ക് വീഴുന്നതാണ് ഒരു പ്രധാന കാരണം. കുട്ടികൾ ഗെയിമുകളിലും വിഡിയോകളിലും കാണുന്നത് ജീവിതത്തിലേക്ക് പകർത്താൻ ശ്രമിക്കുന്നതും പ്രണയനൈരാശ്യവുമെല്ലാം കാരണങ്ങളാവുന്നുണ്ട്. സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി കുട്ടികൾ ജീവനൊടുക്കിയ സംഭവങ്ങളും ഇതിലുണ്ട്. ആത്മഹത്യാനിരക്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളം കുട്ടികളുടെ അസ്വാഭാവിക മരണത്തിലും മുന്നിൽത്തന്നെയാണ്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവർഷത്തെ കണക്കെടുക്കുമ്പോൾ, കുട്ടികളുടെ ആത്മഹത്യാനിരക്ക് ഞെട്ടിക്കുന്നതാണ്. 2019ൽ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 2020ൽ 311 കുട്ടികൾ ആത്മഹത്യചെയ്തു. 2021 ആയപ്പോൾ ആത്മഹത്യാനിരക്ക് വീണ്ടും വർധിച്ചതായി പഠനത്തിൽ വ്യക്തമാക്കുന്നു. 345 ആയിരുന്നു 2021ലെ കണക്ക്, 168 ആൺകുട്ടികളും 177 പെൺകുട്ടികളും.
പിടിച്ചതിനേക്കാൾ വലുതാണ് മാളത്തിലെന്ന വണ്ണം പുറം ലോകമറിയുന്നതിലപ്പുറമാണ് ലഹരിമാഫിയ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വിധം എന്നുവേണം മനസ്സിലാക്കാൻ. ലഹരി സംബന്ധമായ കേസുകൾ 2020ൽ 4650, 2021ൽ 5334 ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ 2022 ഓഗസ്റ്റ് 29 ആയപ്പോഴേക്കും 16,128 കേസ് റിപ്പോർട്ട് ചെയ്തുവെന്നു മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതിൽ നിന്ന് എന്തുമാത്രം വർധനവാണ് ഇതിൽ വന്നിരിക്കുന്നതെന്ന് ഭീതിപ്പെടുത്തുന്നുണ്ട്. ഒളിഞ്ഞും മറഞ്ഞും ഉപയോഗിച്ചിരുന്നത് ഇപ്പോൾ എല്ലാ പരിധിയും വിട്ട് വഴിയോരങ്ങളിലും കവലകളിലും കൺവെട്ടത്തായിരിക്കുന്നു.
ആരെന്തൊക്കെ പറഞ്ഞാലും മക്കളുടെ നല്ല ഭാവിയാഗ്രഹിക്കുന്നവർ നിതാന്തജാഗ്രത പാലിച്ചേ പറ്റൂ. കുഞ്ഞുനാൾ തൊട്ടേ അവരിൽ നന്മയോടുള്ള ആഭിമുഖ്യം വളർത്താൻ വേണ്ടത് ചെയ്തുകൊണ്ടിരിക്കണം. കൂട്ടുത്തരവാദിത്വത്തോടെ എല്ലാവരും നന്മയുറ്റ സമൂഹം ലക്ഷ്യമാക്കി കൈകോർക്കുമെങ്കിൽ വലിയ മാറ്റംതന്നെ വരുത്താനാവും. നന്മയുള്ള വ്യക്തിയാവുന്നതിലൂടെയാണ് ജീവിതത്തിൽ വിജയം നേടാനാവുന്നതെന്ന അവബോധമുണ്ടാക്കണം. സമൂഹത്തെക്കാൾ രക്ഷിതാക്കൾക്കും പിതാവിനേക്കാൾ മാതാവിനും ഇക്കാര്യത്തിൽ കൂടുതൽ ചെയ്യാനാവും. മാതാവിന്റെ മടിത്തട്ടിൽ കുഞ്ഞായിട്ടിരിക്കുന്നത് നാളെയുടെ സമൂഹമാണ്.
ഇന്നലെകളിലെ മക്കളല്ല ഇന്നിന്റെ മക്കളെന്ന ബോധ്യത്തോടെ അവരുടെ പരിസരവും മാനസിക വളർച്ചയും പരിഗണിച്ച് ഇടപെടാനാവണം. പുതിയ തലമുറയുടെ പ്രവർത്തനമണ്ഡലം വിശാലവും ദുർഗ്രഹവുമാണെന്ന വസ്തുത ഉൾക്കൊണ്ടു വേണം അവരുടെ ആസ്വാദനങ്ങൾക്ക് വഴിയൊരുക്കാൻ. താക്കീതുകളുടെയും കുറ്റപ്പെടുത്തലിന്റെയും ഭാഷ മാറ്റി സൗഹാർദത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഇടപെടലുകളാവണം.
കുട്ടികളെ സംബന്ധിച്ചെടുത്തോളം 'Needs'ഉം 'Wants'ഉം ഉണ്ട്. 'Needs' നിറവേറ്റിക്കൊടുക്കാമെങ്കിൽ 'Wants' നിയന്ത്രണങ്ങളോടെ വേണം സാധിപ്പിച്ചുകൊടുക്കാൻ. നമ്മുടെ കുട്ടിക്കാലത്തു സാധിച്ചില്ലെന്ന് കരുതി മക്കൾ അനുഭവിക്കട്ടെ, ആസ്വദിക്കട്ടെ എന്ന് പറഞ്ഞ് ചോദിക്കുന്നതെന്തും നിറവേറ്റിക്കൊടുത്തു ശീലിപ്പിക്കുന്നത് അവരുടെ ഭാവിയെ അപകടപ്പെടുത്തും. ഒരാവശ്യത്തിന് മുമ്പിലും നോ പറയാതെ വളർത്തുന്നത് അവരുടെ മനസ്സിന് ആരോഗ്യം പകരില്ല. വീട്ടിലെ ചെറിയ ജോലികളിൽ കൂടെക്കൂട്ടിയും മാനസികോല്ലാസം നൽകുന്ന ശീലങ്ങളിൽ വ്യാപൃതരാക്കിയും സ്വഭാവരൂപീകരണത്തിന് വഴിയൊരുക്കിയും മൊബൈൽ മാനിയയിൽ നിന്ന് അവരെ തിരികെകൊണ്ടുവരണം. കുടുംബ, അയൽപക്ക ബന്ധങ്ങൾ സുദൃഢമാക്കി സാമൂഹിക സുസ്ഥിതി സാധ്യമാക്കും വിധം ജീവിതത്തെ നല്ലരീതിയിൽ പുതുക്കിപ്പണിയണം. ആരുടെ കീഴിലുമല്ല, ആരോടും ബാധ്യതയുമില്ല എന്ന അപകടകരമായ ചിന്തയിൽ നിന്ന് ജീവിതം എന്നത് ബന്ധങ്ങളിലും ബാധ്യതകളിലും ഉത്തരവാദിത്വങ്ങളിലും പടുത്തുയർത്തേണ്ട സാമ്രാജ്യമാണ് എന്ന ബോധ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. കഴിവുകളെ പ്രോത്സാഹിപ്പിക്കുക, നേട്ടങ്ങളിൽ അഭിനന്ദിക്കുക, അംഗീകരിക്കുക, അവരുടെ കൂടെ സമയം ചിലവഴിക്കുക പോലുള്ളവയിൽ ശ്രദ്ധ വേണം.
മക്കൾക്ക് രക്ഷിതാക്കൾ മാതൃകയാവണം. സത്യസന്ധതയ്ക്ക് വിരുദ്ധമായ വാക്കോ പ്രവൃത്തിയോ സംഭവിക്കാതെ സൂക്ഷിക്കണം. മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ നിർദേശിക്കുന്ന മാതാപിതാക്കൾ ഫുൾടൈം മൊബൈലിലായാൽ ഉപദേശങ്ങൾ ഫലം ചെയ്യില്ല. അത് അവരിൽ തെറ്റായ സന്ദേശം നൽകും. പ്രയാസങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്ന് ബോധ്യപ്പെടുത്തണം. കഠിനാധ്വാനത്തിലൂടെ മാത്രമേ വലിയ നേട്ടങ്ങൾ കൊയ്യാനാവൂ, കുറുക്കു വഴികൾ പരിഹാരമല്ലെന്നും പ്രതിസന്ധികളും പരാജയങ്ങളും പിന്മാറ്റത്തിനല്ല പുരോപ്രയാണത്തിനുള്ള പ്രേരകമാവണമെന്നും അനുഭവവേദ്യമാക്കണം. പട്ടം കണക്കെ അവർ ഉയർന്നു പറക്കട്ടെ. അതിനു നൂലറ്റം രക്ഷിതാക്കളുടെ കൈകളിൽ സുരക്ഷിതമായിരിക്കിക്കണം. ഒപ്പം നല്ല നിരീക്ഷണവും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."