വിട്ടുവീഴ്ചയുടെ പാതയില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കള്‍
ഗ്രൂപ്പ് വീതംവയ്പിനെ തുടര്‍ന്ന് ഉടലെടുക്കാറുള്ള പടലപ്പിണക്കങ്ങളും ഭിന്നതയും പരമാവധി ഒഴിവാക്കി സമവായത്തിലെത്തിയാണ് ഇത്തവണ സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. എ, ഐ ഗ്രൂപ്പുകളും കെ.സി വേണുഗോപാല്‍ പക്ഷവും പരസ്പരധാരണയിലെത്തിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഏറ്റുമുട്ടല്‍ ഒഴിവാക്കി സമവായമുണ്ടാക്കാന്‍ സാധിച്ചത്. 310 അംഗ പ്രവര്‍ത്തക സമിതിയാണ് കാര്യമായ അസ്വാരസ്യങ്ങളില്ലാതെ തന്നെ നിലവില്‍ വന്നത്. ഇതില്‍ 77 പേര്‍ പുതുമുഖങ്ങളാണ്. കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് 15 മാസം പിന്നിടുന്ന കെ സുധാകരനെ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കാതെ തന്നെ സ്ഥാനത്ത് തുടരാന്‍ പ്രവര്‍ത്തകസമിതി അനുമതി നല്‍കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കേരളപര്യടനം തുടരുന്ന വേളയില്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ ദോഷംചെയ്യുമെന്ന് ഉന്നതനേതാക്കള്‍ കരുതുന്നു.
ഗ്രൂപ്പ് നേമിനികളെ ചേര്‍ത്ത് അംഗത്വ പട്ടിക പുതുക്കുന്ന പതിവിന് മാറ്റമുണ്ടായിട്ടില്ലെങ്കിലും പരസ്യമായ ഏറ്റുമുട്ടലും വിഴുപ്പലക്കലും ഒഴിവാക്കാനായെന്ന് ആശ്വസിക്കാം. ആദ്യം നല്‍കിയ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചതോടെ കെ സുധാകരനും വി.ഡി സതീശനും മുന്‍കൈയെടുത്ത് എ, ഐ ഗ്രൂപ്പുകളുമായി സമവായത്തിലെത്തുകയായിരുന്നു. പരസ്പരധാരണയനുസരിച്ചുള്ള ഗ്രൂപ്പ് വീതംവയ്പാണ് എല്ലാ ജില്ലകളിലും നടന്നതെങ്കിലും ഗ്രൂപ്പ് മാനദണ്ഡമില്ലാതെയാണ് തിരഞ്ഞെടുപ്പ് എന്നാണ് നേതാക്കളുടെ അവകാശവാദം. പുതുക്കിയ പട്ടികക്കെതിരേ പരാതിയില്ലെന്നതിനാല്‍ എ.ഐ.സി.സി ലിസ്റ്റിന് അംഗീകരാവും നല്‍കി. ഏതാനും ചില ജില്ലകളില്‍ ലിസ്റ്റില്‍ ഇടംകിട്ടാത്ത നേതാക്കള്‍ക്ക് പരാതിയുണ്ട്. 285 ബ്ലോക്ക് പ്രതിനിധികളും പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും അടങ്ങുന്നതാണ് 310 അംഗ പട്ടിക.
കെ.പി.സി.സി പ്രസിഡന്റായി കെ സുധാകരന്‍ തുടരുമെന്ന പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും. പാര്‍ട്ടി ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത ശേഷം സംസ്ഥാന പ്രസിഡന്റുമാരെ ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് പ്രഖ്യാപിക്കുക. ആ മാസം 20നകം പി.സി.സി പ്രസിഡന്റുമാരെ തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1500 എ.ഐ.സി.സി അംഗങ്ങളെയും സംസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്. ദേശീയ പ്രസിഡന്റ് ചുമതലയേറ്റ ശേഷം വിളിച്ചുചേര്‍ക്കുന്ന എ.ഐ.സി.സി സമ്മേളനത്തിനു പിന്നാലെ പ്രവര്‍ത്തക സമിതിയംഗങ്ങളെയും തീരുമാനിക്കും.
വ്യാഴാഴ്ച കെ.പി.സി.സി ജനറല്‍ ബോഡി യോഗത്തില്‍ ഉമ്മന്‍ചാണ്ടി വിട്ടുനിന്നതാണ് ആകെയുണ്ടായ കല്ലുകടി. ജനറല്‍ ബോഡി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ച ശേഷവും അതിന്റെ പകര്‍പ്പ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചിരുന്നില്ല. കൂടാതെ ജനറല്‍ ബോഡി യോഗം തിരക്കിട്ട് വിളിച്ചുചേര്‍ത്തതിലും അദ്ദേഹത്തിന് അതൃപ്തിയുണ്ട്. ഭാരത് ജോഡോ യാത്രയില്‍ തിരുവനന്തപുരത്തും കൊല്ലത്തും സജീവസാന്നിധ്യമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഈ അസാന്നിധ്യം ചര്‍ച്ചയായിട്ടുണ്ട്. തീരുമാനങ്ങള്‍ സോണിയക്ക് വിട്ടുകൊണ്ട് പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത് ഉമ്മന്‍ചാണ്ടി ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തില്‍ ചെന്നിത്തലയാണ് പ്രമേയ അവതാരകനായത്.
യോഗത്തിനു തൊട്ടുമുമ്പായി സുധാകരനെതിരേ 'മല്‍സര ഭീഷണി'യുമായി ടി ശരത്ചന്ദ്ര പ്രസാദ് രംഗത്തെത്തിയതാണ് മറ്റൊരു വാര്‍ത്ത. സജീവരാഷ്ട്രീയ രംഗത്തുണ്ടായിട്ടും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലാണ് ശരത്ചന്ദ്ര പ്രസാദിന്റെ ഇടങ്കോലിന് കാരണം. ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീങ്ങിയാല്‍ മനസാക്ഷി വോട്ട് ചെയ്യണമെന്ന് കെ സുധാകരന്‍ പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ച് ഒളിയമ്പെയ്യാനും അദ്ദേഹം ശ്രമിച്ചു. മല്‍സരിക്കാന്‍ ഒരുങ്ങുന്നത് ഇതുകൊണ്ടാണെന്നാണ് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞത്. എന്നാല്‍ വി ഡി സതീശനും സുധാകരനും അദ്ദേഹത്തെ കണ്ട് സംസാരിച്ച് അനുനയിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."