എസ്.എം.എ രോഗം വന്‍കരയുടെ കരുണകാത്ത് ഇശല്‍ മറിയവും
ജലീല്‍ അരൂക്കുറ്റി
കവരത്തി: അപൂര്‍വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ)യുടെ ചികില്‍സയ്ക്കുള്ള മരുന്നില്‍ പ്രതീക്ഷയര്‍പ്പിച്ച്, കണ്ണൂരിലെ മുഹമ്മദിന് പിന്നാലെ ലക്ഷദ്വീപിന്റെ കുഞ്ഞുമോള്‍ ഇശല്‍ മറിയവും. കട്മത്ത് ദ്വീപിലെ പുതിയ കൊട്ടാരം വീട്ടില്‍ പി.കെ നാസറിന്റേയും ഡോ.ജസീനയുടേയും നാലുമാസം പ്രായമുള്ള ഏകമകള്‍ ഇശല്‍ മറിയമാണ് ബംഗളൂരൂവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.
സോള്‍ജെന്‍സ്മ എന്ന 16 കോടി രൂപ വിലവരുന്ന മരുന്നിന്റെ ഒറ്റഡോസിലൂടെ ചികില്‍സിക്കാവുന്ന എസ്.എം.എ രോഗത്തിന്റെ വാര്‍ത്ത കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് എന്ന കുഞ്ഞിലൂടെ മലയാളി മനസാക്ഷിയുടെ മുന്നില്‍ എത്തിയപ്പോഴുണ്ടായ കാരുണ്യപ്രവാഹമാണ് ഇശല്‍ മറിയത്തിനും പ്രതീക്ഷയായി മാറിയിരിക്കുന്നത്.
മരുന്നിനായി തിരുവനന്തപുരം കിംസ് ആശുപത്രിവഴി ബുക്ക് ചെയ്തു പണം സമാഹരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് നാസറും ജസീനയും. കട്മത്ത് സ്വദേശികളായ ഇരുവരും ജോലി ആവശ്യാര്‍ഥമാണ് ബംഗളൂരുവിലെത്തിയത്. പ്രസവത്തിന് ശേഷം ദ്വീപിലെത്തി രണ്ട് മാസം കഴിഞ്ഞപ്പോഴാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.
സാധാരണഗതിയില്‍ ചെറിയ പ്രായത്തില്‍ ഈ രോഗം കണ്ടെത്തുക പ്രയാസകരമാണ്. എന്നാല്‍ ഡോക്ടറായതിനാല്‍ ജസീനയ്ക്ക് കുട്ടിയുടെ മാറ്റങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുകയും തുടര്‍ന്ന് കുട്ടിയുടെ വിഡിയോ സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ക്ക് അയച്ചുനല്‍കുകയും ചെയ്തപ്പോഴാണ് അപൂര്‍വ രോഗം ഇശല്‍ മറിയത്തിനും ബാധിച്ചത് കണ്ടെത്തിയത്. തുടര്‍ന്ന് ബംഗളൂരുവിലേക്ക് എത്തുകയായിരുന്നു. മരുന്നിന്റെ വില തങ്ങള്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമായതിനാല്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് മുഹമ്മദിനായി മലയാളികള്‍ സഹായഹസ്തം നീട്ടിയത് ശ്രദ്ധയില്‍പ്പെട്ടതെന്ന് നാസര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഇതുവരെ 70 ലക്ഷം രൂപ മാത്രമാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. റെയില്‍വെയില്‍ ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ചിരിക്കുന്ന ജസീനയ്ക്കും സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന നാസറിനും കൂട്ടിയാല്‍ കൂടുന്നതല്ല മരുന്നിന്റെ വില.
ദ്വീപില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചികില്‍സാ സഹായം തേടി ഇശല്‍മറിയത്തിനായുള്ള അഭ്യര്‍ഥന പ്രചരിക്കുകയാണ്. അക്കൗണ്ട് നമ്പര്‍ 9150100 40427467 ഐ.എഫ്.എസ്.സി കോഡ് - യു.ടി.ഐ.ബി 0002179. ഗൂഗിള്‍ പേ 8762464897, 9480114897 (നാസര്‍ പി.കെ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."