ഓണത്തിനുശേഷം കൊവിഡ് കേസുകളിൽ വർധന; ഉയർന്നത് 30-35ശതമാനം വരെ
സുനി അൽഹാദി
കൊച്ചി • ഓണാഘോഷത്തിനുശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നു. കൊവിഡ് ചികിത്സ നടത്തുന്ന ആശുപത്രികളിലെ കണക്കുകൾ പ്രകാരം 30-35ശതമാനം വരെയാണ് കേസുകൾ ഉയർന്നിരിക്കുന്നത്. ആരോഗ്യപ്രവർത്തകർക്കിടയിലും രോഗബാധിതതരുടെ എണ്ണം കൂടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം ഇരട്ടിയായി ഉയർന്നിട്ടുണ്ട്. ഓണത്തിനുമുമ്പ് സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി 1400-1500 ആയിരുന്നെങ്കിൽ ഓണത്തിനുശേഷം 2000ത്തിൽ അധികമായി ഉയർന്നു. സെപ്റ്റംബർ 14ന് 2427 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കടുത്ത ക്ഷീണം, പനി, ചുമ എന്നിവയുമായി ആശുപത്രിയിലെത്തുന്നരിൽ ഭൂരിഭാഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇവരിൽ പലർക്കും വീണ്ടും അണുബാധയുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന ഇന്ത്യൻമെഡിക്കൽ അസോസിയേഷൻ യോഗത്തിലും വിഷയം ഗൗരവമായി ചർച്ച ചെയ്തിരുന്നു. സമൂഹത്തിൽ നിരവധിപേർ ചുമയും പനിയുമൊക്കെയായി കഴിയുന്നുണ്ട്. എന്നാൽ ഇവരാരും കൊവിഡ് പരിശോധനയ്ക്ക് തയാറാകുന്നില്ലെന്നും ഇത് രോഗം വ്യാപിക്കാൻ കാരണമാകുന്നുണ്ടെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ പനിയും ചുമയും പടരുന്നതും പതിവായിട്ടുണ്ട്. കൊവിഡ് ബാധിച്ച മുതിർന്നവരിൽ വീണ്ടും രോഗം റിപ്പോർട്ട് ചെയ്യുന്നതും കൂടിയിട്ടുണ്ട്. കൊവിഡാനന്തരരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ എണ്ണവും ആശങ്കപ്പെടുത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."