കോപയിലാര്
റിയോ ഡി ജനീറോ: നാളെ രാവിലെ കേരളക്കര ഉറക്കമുണര്‍ന്നിരിക്കും. ഫുട്‌ബോളില്‍ കേരളത്തിന്റെ വികാരങ്ങളായ ബ്രസീലും അര്‍ജന്റീനയും കോപ അമേരിക്ക ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ അത് കേരളക്കരയെ ഒന്നാകെ ആവേശത്തിലാക്കും. ചരിത്രമുറങ്ങുന്ന മാറക്കാനയിലെ പുല്‍മൈതാനിയില്‍ ഞായര്‍ പുലര്‍ച്ചെ 5.30നാണ് മത്സരം. നെയ്മറിനെയും മെസ്സിയേയും നെഞ്ചേറ്റുന്ന ഫുട്‌ബോള്‍ പ്രേമികള്‍ തമ്മിലുള്ള മത്സരവും കൂടിയാവും ഇത്. കേരളത്തില്‍ ഈ രണ്ട് ടീമുകള്‍ക്കാണ് കൂടുതല്‍ ആരാധകരുള്ളത് എന്നതും ഫൈനലിലെ മാറ്റ് കൂടുന്നു. കഴിഞ്ഞ സീസണിലെ കിരീടം നിലനിര്‍ത്താനാണ് ബ്രസീല്‍ ഇറങ്ങുന്നതെങ്കില്‍ 1993ന് ശേഷം കാത്തിരിക്കുന്ന കിരീടനേട്ടത്തിന് വിരാമമിടാനാണ് അര്‍ജന്റീന ഇറങ്ങുന്നത്. കോപയില്‍ ബ്രസീലിന്റെ 21ാം ഫൈനലാണിത്. അര്‍ജന്റീനയുടേതാവട്ടെ, 29ാം ഫൈനലും. 2016ലാണ് അര്‍ജന്റീന അവസാനമായി ഫൈനലിലെത്തിയത്. അവിടെ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടാനായിരുന്നു വിധി. കോപായിലെ 10ാം കിരീടത്തിലേക്കാണ് ബ്രസീല്‍ കണ്ണുവയ്ക്കുന്നതെങ്കില്‍ 15 തവണ കിരീടം ചൂടി തലപ്പത്തിരിക്കുന്ന ഉറുഗ്വേയ്‌ക്കൊപ്പം റെക്കോര്‍ഡ് കിരീടനേട്ടം പങ്കിടാനാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. ഇതുവരെ 14 കിരീടനേട്ടമാണ് അര്‍ജന്റീനയുടെ അക്കൗണ്ടിലുള്ളത്.
അര്‍ജന്റീനയ്ക്ക് മാത്രമല്ല, മെസ്സിക്കും ഇതൊരു അഭിമാന പോരാട്ടമാണ്. താരം ടീമിനൊപ്പം ചേര്‍ന്നതു മുതല്‍ ഇതുവരെ ടീമിനൊരു പ്രധാന കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആ കാത്തിരിപ്പിന് ഇത്തവണ അവസാനമാവുമെന്നാണ് അര്‍ജന്റീനയും മെസ്സിയും കണക്കുകൂട്ടുന്നത്.
ചരിത്രങ്ങളുടെ കണക്കുമായാണ് ഇരുടീമും കോപായിലെ ഫൈനലിന് കച്ചകെട്ടുന്നത്. 1975ല്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കോപാ അമേരിക്ക എന്ന നാമധേയത്തിലായ ശേഷം ഇരു ടീമും മൂന്ന് തവണയാണ് ഫൈനലില്‍ കൊമ്പുകോര്‍ത്തത്. ഇതില്‍ 1991ലെ ആദ്യ ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടം ചൂടി. എന്നാല്‍ 2004ലും 2007ലും ഫൈനലില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ബ്രസീല്‍ ഇരട്ടി മധുരം നുണഞ്ഞു.
ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനവുമായാണ് ഒരിക്കല്‍ കൂടി ഇരുടീമും കലാശക്കളിക്ക് യോഗ്യത നേടിയത്. ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ അഞ്ച് ജയവും ഒരു സമനിലയുമാണ് ഇവരുടെ സമ്പാദ്യം. എതിര്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുന്നതിലും തുല്യര്‍. ഇതുവരെ 11 ഗോളുകളാണ് മെസ്സിപ്പട എതിര്‍ വലയിലേക്ക് നിക്ഷേപിച്ചതെങ്കില്‍ 12 എണ്ണം ബ്രസീലും എതിര്‍ ടീമുകളുടെ പോസ്റ്റിലെത്തിച്ചു.
സെമിയില്‍ പെറുവിന്റെ പ്രതിരോധപ്പൂട്ട് മറികടന്നാണ് ബ്രസീലിന്റെ ഫൈനല്‍ ടിക്കറ്റ്. അവരെ ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു ജയം. എന്നാല്‍ നാപോളിയുടെ സൂപ്പര്‍ ഗോളി ഡേവിഡ് ഓസ്പിന നയിക്കുന്ന കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്തായിരുന്നു അര്‍ജന്റീനയുടെ കടന്നുവരവ്. സൂപ്പര്‍ താരങ്ങളായ നെയ്മറും മെസ്സിയും തന്നെയാണ് ഇരു ടീമിന്റെയും തുറുപ്പുചീട്ട്. ഓരോ മത്സരങ്ങളിലും ഇരു താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടൂര്‍ണമെന്റില്‍ നാലു ഗോളുകളുമായി തലപ്പത്ത് നില്‍ക്കുന്ന മെസ്സിയെ പൂട്ടാനുള്ള തന്ത്രവുമായാണ് ടിറ്റെ ബ്രസീലിനെ ഇറക്കുന്നതെങ്കില്‍ മറുവശത്ത് നെയ്മറെ തളയ്ക്കാനുള്ള മന്ത്രശക്തിയുമായാണ് അര്‍ജന്റൈ ന്‍ പ്രതിരോധത്തിന്റെ വരവ്. മെസ്സിയെ പൂട്ടുമ്പോള്‍ ഗോളിലേക്കുള്ള കണ്ണിയായി സ്‌കലോണി മാര്‍ട്ടിനസിനെ കരുതി വയ്ക്കാറാണ് പതിവ്. ഇത് കഴിഞ്ഞ മത്സരങ്ങളിലെല്ലാം തെളിഞ്ഞതാണ്. കോപായില്‍ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ മൂന്ന് ഗോളുമായി മെസ്സിക്ക് തൊട്ടുപിന്നാലെ രണ്ടാമതുണ്ട് മാര്‍ട്ടിനസ്. എന്നാല്‍ താരസമ്പത്തുള്ള ബ്രസീലിന്റെ മുന്നേറ്റം മാറിമാറി ഗോളടിക്കുന്ന ശൈലി ഇത്തവണയും ടീമിനൊപ്പമുണ്ട്. രണ്ട് ഗോളുകളുള്ള നെയ്മറും ലുക്കാസ് പക്വെറ്റയുമാണ് ഇക്കാര്യത്തില്‍ മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."