'ജയിന്‍ ഹവാല ഇടപാടില്‍ 7.63 കോടി കൈപ്പറ്റി; ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഴിമതിയുടെ കളങ്കവും ആവോളമുണ്ട്'; ഗവര്‍ണര്‍ക്കെതിരെ ദേശാഭിമാനി ലേഖനം
തിരുവനന്തപുരം: ഗവര്‍ണറുമായുള്ള പോര് തുടരുന്നതിനിടെ എരി തീയില്‍ എണ്ണയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം ദേശാഭിമാനി.
സ്വന്തം നേട്ടങ്ങള്‍ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ജീവിതത്തില്‍ അഴിമതിയുടെ കളങ്കവും ആവോളമുണ്ടെന്ന് പറയുന്ന ലേഖനം രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും തുറന്നടിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ജയിന്‍ ഹവാല കേസിലെ മുഖ്യപ്രതിയായിരുന്നു ഖാനെന്നും പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ജയിന്‍ ഹവാല ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. 7.63 കോടി രൂപയാണ് പല തവണകളായി വാങ്ങിയത് - ലേഖനത്തില്‍ ആരോപിക്കുന്നു.
മന്ത്രിയായും ജനപ്രതിനിധിയായും പ്രവര്‍ത്തിക്കുമ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തി പണം സമ്പാദിച്ചയാളായിരുന്നുവെന്നും സഞ്ജയ് കപൂറിന്റെ ബാഡ് മണി ബാഡ് ബാഡ് പൊളിറ്റിക്‌സ് ദി അണ്‍ടോള്‍ഡ് ഹവാല സ്റ്റോറി എന്ന പുസ്തകം ഈ അഴിമതിയുടെ ഉള്ളറകള്‍ തുറക്കുന്നതാണെന്നും ലേഖനത്തിലുണ്ട്.
വിലപേശി കിട്ടിയ നേട്ടങ്ങളില്‍ ഗവര്‍ണര്‍ മതിമറക്കുകയാണെന്നും ബി.ജെ.പി സര്‍ക്കാറിന്റെ കൂലിപ്പടയാളിയെപ്പോലെ കേരള സര്‍ക്കാറിനെതിരെ അസംബന്ധ യുദ്ധം നയിക്കുന്നുവെന്നും ലേഖനം വിമര്‍ശിച്ചു. സംസ്ഥാന താല്‍പര്യങ്ങള്‍ ഹനിക്കുന്ന ഗവര്‍ണറുടെ നീക്കങ്ങള്‍ നാട് കണ്ടുനില്‍ക്കുമോമെന്ന് കണ്ടറിയണമെന്നും ലേഖനത്തില്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ക്കെതിരെ സിപിഐയും രംഗത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്നുവെന്ന് സി.പി.ഐ മുഖപത്രം ജനയുഗം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു. ഗവര്‍ണര്‍ മനോനില തെറ്റിയവരെ പോലെ പെരുമാറുന്നുവെന്നും പ്രതിമാസം ഗവര്‍ണര്‍ സംവിധാനത്തിന് ചെലവാക്കുന്നത് കോടികളാണെന്നും കുറ്റപ്പെടുത്തി. രാജ്ഭവന്റെയും ഗവര്‍ണറുടെയും ധൂര്‍ത്ത് വെബ്‌സൈറ്റില്‍ വ്യക്തമാകുമെന്നും ഈ ഗവര്‍ണറാണ് സര്‍ക്കാറിനെതിരെ ധൂര്‍ത്ത് ആരോപിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പുലഭ്യം പറഞ്ഞ് രാജ്ഭവനെ മലിനാക്കുന്ന നടപടിയാണ് ഗവര്‍ണറുടെതെന്നും വിമര്‍ശനം ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."