യുപിയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് ആര്‍.എസ്.എസ്സുകാരനായ പ്രിന്‍സിപ്പല്‍; നീതി തേടി യോഗിക്ക് ചോരകൊണ്ട് കത്തെഴുതി കുട്ടികള്‍, ഒടുവില്‍ അറസ്റ്റ്
പ്രിന്‍സിപ്പല്‍; നീതി തേടി യോഗിക്ക് ചോരകൊണ്ട് കത്തെഴുതി കുട്ടികള്‍, ഒടുവില്‍ അറസ്റ്റ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് പ്രിന്‍സിപ്പല്‍. ഗാസിയാബാദിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലായ ഡോ. രാജീവ് പാണ്ഡെയാണ് പ്രതി. 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികളാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പാണ്ഡെയുടെ ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പ്രിന്‍സിപ്പലിനെ പൊലിസ് അറസ്റ്റ് ചെയ്തു.
പ്രിന്‍സിപ്പലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഇരകളായ വിദ്യാര്‍ഥിനികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചോര കൊണ്ട് കത്തെഴുതി. പ്രിന്‍സിപ്പല്‍ രാജീവ് പാണ്ഡെ പെണ്‍കുട്ടികളെ തന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു എന്നാണ് പരാതി. പീഡനത്തെക്കുറിച്ച് ആദ്യം ഭയന്നെങ്കിലും സഹികെട്ട് പിന്നീട് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്‌തെന്നും പെണ്‍കുട്ടികള്‍ കത്തില്‍ പറയുന്നു. തുടര്‍ന്ന് രക്ഷിതാക്കളും പാണ്ഡെയും തമ്മില്‍ വാക്കേറ്റമുണ്ടായി. വിദ്യാര്‍ഥിനികളേയും അവരുടെ കുടുംബാംഗങ്ങളേയും പ്രിന്‍സിപ്പല്‍ അസഭ്യം പറഞ്ഞു. ഇതോടെ രക്ഷിതാക്കളുടെ സംഘം പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്തു.
പിന്നാലെ, രക്ഷിതാക്കള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ പൊലിസില്‍ എതിര്‍പരാതി നല്‍കി. സ്‌കൂളില്‍ അതിക്രമിച്ചു കടന്നെന്നും തന്നെ മര്‍ദിച്ചെന്നും ആരോപിച്ചായിരുന്നു പരാതി. പരാതികളില്‍, പൊലിസ് പ്രിന്‍സിപ്പലിനും രക്ഷിതാക്കള്‍ക്കുമെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പൊലിസ് തങ്ങളെ ഭീഷണിപ്പെടുത്തുകയും കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം തടങ്കലില്‍ വയ്ക്കുകയും ചെയ്തതായി വിദ്യാര്‍ഥിനികളും രക്ഷിതാക്കളും ആരോപിക്കുന്നു. തങ്ങള്‍ നാല് മണിക്കൂര്‍ നേരം പൊലിസ് സ്റ്റേഷനില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരായെന്ന് കത്തില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആണെന്നും അതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും മാതാപിതാക്കള്‍ പറഞ്ഞതായി കത്തില്‍ പറയുന്നു.
'പ്രിന്‍സിപ്പല്‍ ഉപദ്രവിച്ച ഞങ്ങളെല്ലാവരും ഈ വിഷയം താങ്കളുമായി നേരിട്ട് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും നിങ്ങളെ കാണാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു'- യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ വിദ്യാര്‍ഥിനികള്‍ പറയുന്നു. ഇനി ക്ലാസുകളില്‍ കയറരുതെന്ന് സ്‌കൂള്‍ അധികൃതര്‍ തങ്ങളോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."