HOME
DETAILS
MAL
സൈനീ ബറകാത് ഭരണകൂട ഭീകരതയുടെ പരകായ പ്രവേശം
backup
July 11 2021 | 03:07 AM
ഡോ. എന്‍. ഷംനാദ്
ഈജിപ്തിലെ ഏതെങ്കിലുമൊരു പ്രദേശത്തേക്ക് പോകണമെന്നു തോന്നിയാല്‍ എനിക്ക് അവിടെ ചെല്ലേണ്ട ആവശ്യമേയില്ല. വാസസ്ഥലത്തോട് ചേര്‍ന്ന ഈ ഓഫീസ് മുറിയിലേക്ക് ഒന്നു വരേണ്ടതേ ഉള്ളൂ. രാജ്യത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള സര്‍വ പട്ടണങ്ങളും ഗ്രാമങ്ങളും കുഗ്രാമങ്ങളും അടക്കമുള്ള ഓരോ തുണ്ടുഭൂമിയെക്കുറിച്ചും ഇവിടെ പ്രത്യേക രേഖകളുണ്ട്. ആ പ്രദേശത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്, പ്രമുഖ വ്യക്തികള്‍ ആരൊക്കെ, പിന്നെ അവരെക്കുറിച്ച് അറിയേണ്ടത് എന്തൊക്കെയോ അവയെല്ലാം ഈ രേഖകളില്‍ കാണും.
കൈറോ പട്ടണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് പ്രത്യേക വിഭാഗം തന്നെയുണ്ട്. ഇവിടത്തെ തെരുവുകള്‍, അവയുടെ രൂപരേഖ, പള്ളികള്‍, മതപണ്ഡിതര്‍, മുതിര്‍ന്നവരും കുട്ടികളുമായ ആളുകള്‍, അടിമപ്പണിക്കാര്‍, പൊലിസുകാര്‍, ചന്തകള്‍, പൊതുകുളിപ്പുരകള്‍, മദ്യശാലകള്‍, വിനോദാലയങ്ങള്‍, വേശ്യാലയങ്ങള്‍, നാട്ടില്‍ ചുറ്റിക്കറങ്ങുന്ന റൂമികള്‍, സഞ്ചാരികളായി എത്തുന്ന വിദേശികള്‍, അവരുമായി ബന്ധപ്പെടുന്ന നാട്ടുകാര്‍... ഇങ്ങനെ ചെറുതും വലുതുമായ സര്‍വ്വ വിവരങ്ങളും ഈ രേഖകളില്‍ ഉണ്ടാകും.
ഈജിപ്ഷ്യന്‍ സുല്‍ത്താന്‍ ഭരണകൂടത്തിന്റെ നെറുകയിലെ പൊന്‍താരകമായ ഈ ഓഫീസിന് തുല്യമായ ഒരു വിവരശേഖരം ലോകത്തെ ഒരു ചാരശൃംഖലയുടെ ചരിത്രത്തിലും നിങ്ങള്‍ക്ക് കാണാനാകില്ല. നോക്കിക്കോളൂ... ഈജിപ്തിലെ ഓരോ വ്യക്തിയുടെ പേരിലും പ്രത്യേകമായ ഒരു വിഭാഗം തന്നെ ഉണ്ടാകുന്നൊരു ദിവസം വരും. അയാള്‍ ജനിച്ചുവീഴുന്നത് മുതല്‍ മരിക്കുന്നതു വരെയുള്ള സര്‍വ്വ വിവരങ്ങളും നല്‍കാന്‍ പോന്ന ഒരു പ്രത്യേക വിഭാഗം!''
നാടിന്റെ ഓരോ സ്പന്ദനവും സ്വകാര്യതയുടെ സര്‍വ്വസീമകളും ലംഘിച്ച് ചാരക്കണ്ണുകളിലൂടെ നിരീക്ഷിക്കുന്നതില്‍ അഭിമാനംകൊള്ളുന്ന സകരിയ്യ ഇബ്‌നു റാദീയുടെ വാക്കുകളാണിത്. അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈജിപ്തില്‍ അരങ്ങേറിയ ഭരണകൂട ഭീകരതയുടെ കഥ പറയുന്ന ജമാല്‍ അല്‍ഗീതാനി (1945-2015) യുടെ വിഖ്യാതനോവലായ 'അല്‍-സൈനീ ബറകാത്' എന്ന കൃതിയിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളാണ് സകരിയ്യ. മധ്യകാല ഇസ്‌ലാമിക സാമ്രാജ്യമായിരുന്ന മംലൂകുകളുടെ ഈജിപ്ഷ്യന്‍ പൊലിസ് ചീഫ്. മുഴുവന്‍ ജനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ചോര്‍ത്താനായി ചാരന്മാരുടെ ശൃംഖല തന്നെ വിന്യസിച്ചൊരാള്‍. സകരിയ്യയെ സംബന്ധിച്ച് വിവരങ്ങളാണ് ഏറ്റവും വലിയ ശക്തി. അതിനുവേണ്ടി എന്ത് ക്രൂരമായ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ മടിയില്ല. പൗരാവകാശങ്ങള്‍, മനുഷ്യത്വം എന്നിവയൊന്നും അയാളുടെ നിഘണ്ടുവിലേ ഇല്ല. 'ചാരത്തലവന്‍' എന്ന സ്ഥാനം എടുത്തണിയുന്നതിനിടയില്‍ സാക്ഷാല്‍ സുല്‍ത്താനെതിരെ ചാരപ്പണി നടത്താന്‍ പോലും അയാള്‍ക്ക് മടിയില്ല. എന്നാല്‍ സകരിയ്യയുടെ ഉറക്കം കെടുത്താനായി പുതിയൊരു ശക്തി പിറവിയെടുത്തു. നീഗൂഢതയുടെ ആള്‍രൂപമായൊരാള്‍. സൈനീ ബറകാത്!
മംലൂക്കുകളുടെ കഥ
ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനം 1258 വരെ ഇറാഖിലെ ബാഗ്ദാദായിരുന്നു. എന്നാല്‍ മംഗോളിയന്‍ ആക്രമണത്തില്‍ അബ്ബാസി ഭരണകൂടം നിലംപൊത്തിയതോടെ മംലൂക് സുല്‍ത്താനേറ്റ് എന്ന പുതിയൊരു ഭരണകൂടം രംഗപ്രവേശനം ചെയ്തു. ഈജിപ്തും ലെവന്റുമായിരുന്നു മംലൂക്കുകളുടെ കേന്ദ്രങ്ങള്‍. തുര്‍ക്കി, ജര്‍ക്കസ് വംശജരായ മംലൂക്കുകള്‍ അയ്യൂബി സാമ്രാജ്യത്തെ തുരത്തിയാണ് പതിമൂന്നാം നൂറ്റാണ്ടില്‍ ഭരണംപിടിക്കുന്നത്. 1453ല്‍ ഉസ്മാനീ (ഓട്ടോമന്‍ തുര്‍ക്കികള്‍) സാമ്രാജ്യം കിഴക്കന്‍ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയത് മധ്യകാല ചരിത്രഗതിയെത്തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു. കിഴക്കന്‍ യൂറോപ്പ് മുഴുവന്‍ വെട്ടിപ്പിടിച്ച ഉസ്മാനികള്‍ പിന്നീട് അറബ് പ്രദേശങ്ങളിലേക്ക് തിരിഞ്ഞു. സുല്‍ത്താന്‍ സലീം ഒന്നാമന്റെ നേതൃത്വത്തിലുള്ള ഉസ്മാനീ സൈന്യം 1516-17 കാലയളവില്‍ ലെവന്റും, ഈജിപ്തും ആക്രമിച്ച് കീഴടക്കിയതോടെ മൂന്ന് നൂറ്റാണ്ട് നീണ്ടുനിന്ന മംലൂക് ഭരണത്തിന് അന്ത്യംകുറിച്ചു. മംലൂക് സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ അവസാനത്തെ ഒരു പതിറ്റാണ്ടിനിടയില്‍, ഈജിപ്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതമായ സംഭവങ്ങളുടെ ഹിസ്റ്റോറിക്കല്‍ മെറ്റാഫിക്ഷനാണ് 'സൈനീ ബറകാത്' എന്ന നോവല്‍. എ.ഡി 1506 മുതല്‍ 1517 വരെയുള്ള 12 വര്‍ഷത്തിനിടയില്‍ കൈറോയില്‍ നടക്കുന്ന ഭരണകൂടഭീകരതയുടെയും ഡീപ് സ്റ്റേറ്റിന്റെ മനുഷ്യവേട്ടയുടെയും കഥ. അതേസമയം ഗൈതാനി വരികള്‍ക്കിടയിലൂടെ ജമാല്‍ അബ്ദുല്‍ നാസിറിന്റെ സമകാലിക ഈജിപ്തിനെ ഒളിച്ചുകടത്തുന്നത് വായനക്കാര്‍ക്ക് വിസ്മയത്തോടെ വായിച്ചറിയാം.
സൈനീ ബറകാതിന്റെ വരവ്
അവസാന മംലൂക് സുല്‍ത്താനായ ഖാന്‍സൂ ഗൂരി ഈജിപ്തിലെ മേയര്‍ അലി ഇബ്‌നു അബില്‍ജൂദിനെ മാറ്റി പുതിയൊരാളെ നിയമിക്കാന്‍ പോവുകയാണ്. അലിക്ക് ശേഷം ഈ സ്ഥാനം തനിക്ക് ലഭിക്കുമെന്നാണ് പൊലിസ് ചീഫായ സകരിയ്യ കരുതിയിരുന്നത്. എന്നാല്‍ സകല ഈജിപ്തുകാരെക്കുറിച്ചും എല്ലാമറിയുമെന്ന് അഹങ്കരിക്കുന്ന സകരിയ്യക്ക് ഭീഷണിയായൊരാള്‍ രംഗപ്രവേശനം ചെയ്യുന്നു. സൈനീ ബറകാത്. തന്നെ കൈറോ പട്ടണത്തിന്റെ മേയറായി നിയമിക്കാനുള്ള തീരുമാനമറിഞ്ഞതും, സൈനീ, സുല്‍ത്താനെ സമീപിച്ച് ഈ ഭാരിച്ച ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു. നാട്ടില്‍ അനീതി തടയേണ്ട ജോലിയില്‍ വീഴ്ചവന്നാല്‍ മരണാനന്തരം ദൈവത്തിന്റെ കോടതിയില്‍ താനുത്തരവാദിയാകുമെന്നാണ് സൈനീ പരിതപിച്ചത്. ഈ വാര്‍ത്തയറിഞ്ഞ നാട്ടുകാരാകെ അതിശയിച്ചു. എത്ര നീതിമാനായ മനുഷ്യനാണിയാള്‍! സൈനീ തങ്ങളുടെ പ്രതീക്ഷയാണ്. പിന്നീട് ഏതോ നിഗൂഢ ശക്തികളുടെ ചരടുവലികള്‍ക്കിടയില്‍ വലിയൊരാള്‍ക്കൂട്ടം അല്‍-അസ്ഹര്‍ പള്ളിയിലെ ശൈഖ് അബുല്‍ സുഊദിനെ സമീപിച്ചു. സാക്ഷാല്‍ സുല്‍ത്താന്‍ വരെ ബഹുമാനിക്കുന്നയാളാണ് ശൈഖ്. സൈനീ ബറകാതിനെ സമ്മര്‍ദം ചെലുത്തി മേയര്‍ സ്ഥാനം ഏറ്റെടുപ്പിക്കണം എന്നായിരുന്നു ജനത്തിന്റെ ആവശ്യം.
അങ്ങനെ അവസാനം ബറകാത് ഇബ്‌നു മൂസ കൈറോ പട്ടണത്തിന്റെ മേയറാകുന്നു. 'സൈനീ' എന്ന സ്ഥാനപ്പേരും സുല്‍ത്താന്‍ അയാള്‍ക്ക് നല്‍കി. ഈ വിവരങ്ങളറിയുന്ന പൊലിസ് ചീഫ് സകരിയ്യ ഓഫീസിലെ ഫയലുകള്‍ പരതുമ്പോഴാണ് ഞെട്ടിയത്. തന്റെ കൈവശമുള്ള രേഖകളില്‍ ബറകാതിനെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല. അപ്പോള്‍ ശരിക്കും ആരാണിയാള്‍? പെട്ടെന്ന് എവിടെനിന്ന് പൊട്ടിമുളച്ചതാണിയാള്‍? സകരിയ്യ തന്റെ ചാരന്മാരെ സൈനീയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചു. അപ്പോഴാണ് മറ്റാര്‍ക്കുമറിയാത്തൊരു വിവരം ചാരന്മാര്‍ ചെവിയിലെത്തിക്കുന്നത്. മേയര്‍ സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളൊക്കെ ഒരു നാടകമായിരുന്നു. എല്ലാം സൈനീ തയാറാക്കിയ തിരക്കഥയായിരുന്നു. സുല്‍ത്താന്റെ ബന്ധുവായൊരു രാജകുമാരന് മൂവായിരം ദീനാര്‍ കൈക്കൂലി നല്‍കി തന്നെ മേയറായി നിയമിക്കാന്‍ കരുനീക്കം നടത്തിയത് സൈനീ തന്നെയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ പോപ്പുലാരിറ്റി സൃഷ്ടിക്കാനും, അധികാരത്തില്‍നിന്നു പുറത്താക്കാനാകാത്ത വിധം ശക്തനാകാനുമുള്ള തന്ത്രമായിരുന്നു സൈനീ പയറ്റിയത്.
കമ്പോളത്തിലെ വിലനിലവാരം പരിശോധിക്കുക, നികുതി കുറയ്ക്കല്‍, മോഷ്ടാക്കളുടെ കരഛേദം ചെയ്യല്‍, സ്വന്തം വീട്ടില്‍ നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കല്‍, കൈറോയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ജനപ്രിയ പരിഷ്‌കരണങ്ങളിലൂടെ സൈനീ ബറകാത് ആളുകളുടെ മനസില്‍ വാനോളം ഉയര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ വമ്പന്‍ സ്രാവുകള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന സൈനീയുടെ തനിനിറം സകരിയ്യക്ക് മാത്രമേ അറിയൂ.
മേയര്‍ സ്ഥാനത്തില്‍ തൃപ്തനല്ലാത്ത സൈനീ ബറകാത് ശരിക്കും ലക്ഷ്യമിട്ടത് ഈജിപ്ത് ഗവര്‍ണര്‍ സ്ഥാനമായിരുന്നു. അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട പഴയ മേയര്‍ അലി പിരിച്ചെടുത്ത നികുതിപ്പണമൊക്കെ എവിടെയോ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നറിയാം. അത് കണ്ടെത്താനായി സൈനീ അലിയെ തടങ്കലിലിട്ട് ക്രൂരമായി പീഡിപ്പിക്കുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത പീഡനങ്ങളൊക്കെ ഏറ്റിട്ടും അലി നിധി എവിടെയാണെന്ന് മാത്രം തുറന്നുപറയുന്നില്ല. അതോടെ സൈനീ പൊലിസ് ചീഫ് സകരിയ്യയെ സമീപിച്ചു. അലിയുടെ രഹസ്യങ്ങളൊക്കെ അറിയാവുന്ന ഒരേയൊരാളാണ് സകരിയ്യ. പൊലിസ് ചീഫിനെ തന്റെ വരുതിക്ക് കൊണ്ടുവരാനായി സൈനീ ഒരു തുറപ്പുചീട്ട് പുറത്തെടുത്തു. സകരിയ്യയുടെ മറ്റാര്‍ക്കുമറിയാത്തൊരു രഹസ്യം. സുല്‍ത്താനുമായി ബന്ധമുള്ള ശഅ്ബാന്‍ എന്നൊരു ബാലനെ സകരിയ്യ തട്ടിക്കൊണ്ടുപോയിരുന്നു. സുല്‍ത്താനുമായി അസന്മാര്‍ഗിക ബന്ധമുണ്ടെന്ന് സമ്മതിപ്പിക്കുന്നതിനായി ഈ കുട്ടിയെ സകരിയ്യ തടവില്‍വച്ച് നിരന്തരം പീഡിപ്പിച്ചു. അവസാനം ജീവനോടെ കുഴിച്ചുമൂടിയ ശഅ്ബാന്റെ രഹസ്യം തനിക്കറിയാമെന്ന് സൈനീ ഭീഷണിപ്പെടുത്തുമ്പോള്‍ സകരിയ്യക്ക് നില്‍ക്കക്കള്ളിയില്ലാതായി. അങ്ങനെ പഴയ മേയര്‍ ഒളിപ്പിച്ചുവച്ചിരുന്ന വലിയ നിധിശേഖരം കണ്ടെത്തി നല്‍കിയ മിടുക്കനായ പുതിയ മേയറെ ഈജിപ്തിന്റെയാകെ ഗവര്‍ണറായിക്കൂടി സുല്‍ത്താന്‍ നിയമിക്കുന്നു. അതേസമയം, താനറിയാതെ സൈനീ ബറകാത്ത് സ്വകാര്യമായ വേറൊരു ചാരശൃംഖല വിന്യസിച്ചിട്ടുണ്ടോ എന്ന ഉത്തരംകിട്ടാത്ത ചോദ്യത്തിനുമുന്നില്‍ ഉഴറുകയായിരുന്നു സകരിയ്യ.
കിരാതവാഴ്ചയുടെ തുടക്കം
ഗവര്‍ണറായി മാറുന്നതോടെ സൈനീ ബറകാത് സകരിയ്യയെ തന്റെ കൂടെ ചേര്‍ക്കുന്നു. പിന്നീട് അവര്‍ ഇരുവരും ചേര്‍ന്നൊരു 'ഡീപ്പ് സ്റ്റേറ്റാ'യി മാറുന്ന കഥയാണ് നോവല്‍ പറയുന്നത്. ഈജിപ്തിലെ ഓരോ വ്യക്തിയെക്കുറിച്ചും ഇന്റലിജന്‍സ് വിവരങ്ങളടങ്ങിയ പ്രത്യേക ഫയല്‍ തുടങ്ങണമെന്ന് സൈനീ നിര്‍ദേശിക്കുന്നു. നാട്ടിലെങ്ങും ചാരന്മാരായി ആയിരങ്ങളെ വിന്യസിക്കുന്നു. അസ്ഹറിലെ പണ്ഡിതന്മാര്‍ ആരെങ്കിലും ഭരണകൂടത്തിനെതിരെ ഗൂഡാലോചന നടത്തുന്നുണ്ടോ എന്നറിയാനായി അവര്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ചാരന്മാര്‍ നിയോഗിക്കപ്പെട്ടു. മാതാപിതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. എന്തിനേറെ, ചാരശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൈറോയില്‍ ഒരു അന്തര്‍ദേശീയ ചാരസമ്മേളനം തന്നെ നടത്തി. വിദേശനാടുകളിലെ 'സര്‍വൈലന്‍സ്' സമ്പ്രദായങ്ങള്‍ മനസിലാക്കി ചാരപ്രവര്‍ത്തനം ആധുനികവത്ക്കരിക്കുകയായിരുന്നു ലക്ഷ്യം.
പ്രതിഷേധിക്കുന്ന ആളുകളെ നിഷ്ഠുരം അമര്‍ച്ച ചെയ്യുകയായിരുന്നു സൈനീയും സകരിയ്യയും ചെയ്തത്. വിചാരണയൊന്നുമില്ലാതെ മരണംവരെ കാരാഗൃഹത്തിലടക്കുക. മൃഗീയ പീഡനങ്ങള്‍ക്കിരയാക്കുക. സൈനീ ബറകാതിന്റെ ജനകീയ ഭരണത്തിന്റെ ആരാധകനായിരുന്ന അസ്ഹറിലെ വിദ്യാര്‍ഥി സഈദ് ജുഹൈനി അവരിലൊരാളായിരുന്നു. അയാളെ നിരീക്ഷിക്കുവാനായി സകരിയ്യ, അംറ് എന്ന സഈദിന്റെ സുഹൃത്തിനെത്തന്നെ ചാരനായി നിയോഗിച്ചു. സൈനീയുടെ യഥാര്‍ഥ മുഖത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കാന്‍ തുടങ്ങിയ സഈദിനെതിരെ പിന്നീട് നടന്നതൊരു മനുഷ്യവേട്ട തന്നെയായിരുന്നു. സ്‌നേഹിച്ച പെണ്ണിനെ അയാള്‍ വിവാഹം കഴിക്കുന്നത് തടഞ്ഞ ഭരണകൂടം രണ്ട് വര്‍ഷത്തോളം തടവറയിലിട്ട് പീഡിപ്പിച്ച് മനോനില തെറ്റിച്ചു. ഈ ക്രൂരകൃത്യങ്ങളെല്ലാം നടക്കുമ്പോഴും ജനം കരുതിയത് ഇവയിലൊന്നും സൈനീ ബറകാതിന് യാതൊരു പങ്കുമില്ലെന്നാണ്. പതിയെ ജനം ഈ പൗരാവകാശ ലംഘനങ്ങളോട് പൊരുത്തപ്പെടുകയായിരുന്നു.
ഉസ്മാനികളുടെ രംഗപ്രവേശം
1516ല്‍ ഉസ്മാനികള്‍ ലെവന്റ് ആക്രമിക്കാനെത്തി. അവരെ നേരിടാനായി സിറിയയിലേക്ക് പോകുന്ന നേരം സൈനീ ബറകാതിനെ മംലൂക്കുകളുടെ ഈജിപ്ഷ്യന്‍ വക്താവായി നിയമിക്കുകയായിരുന്നു സുല്‍ത്താന്‍ ഗൂരി. 'മറജ് ദാബിഖ്' യുദ്ധത്തില്‍ ഉസ്മാനികള്‍ സുല്‍ത്താനെ തോല്‍പിച്ചു. പിന്നീട് തൂമാന്‍ ബേയ് മംലൂക് ഭരണാധികാരിയായി. ലെവന്റ് കീഴടക്കിയ ഉസ്മാനികളുടെ അടുത്ത ലക്ഷ്യം ഈജിപ്തായിരിക്കും എന്നതുറപ്പാണ്. തൊട്ടടുത്ത വര്‍ഷം സുല്‍ത്താന്‍ സലീം കൈറോ കീഴടക്കി. പക്ഷേ, ഏവരേയും ഞെട്ടിച്ചത് നഗരത്തിന്റെ രക്ഷകനാകേണ്ട സൈനീ ബറകാത് അപ്രത്യക്ഷനായ കാര്യമാണ്. കൈറോയിലാകമാനം അരാജകത്വം അരങ്ങേറുന്നതിനിടയില്‍ മംലൂകുകളെ വഞ്ചിച്ച് സൈനീ ഉസ്മാനികള്‍ക്കൊപ്പം ചേരുകയായിരുന്നു. ഖായിര്‍ ബേയ് എന്ന മംലൂക്കുകളുടെ ഗവര്‍ണറായിരുന്നു എല്ലാത്തിനും പിന്നില്‍ ചരടുവലിച്ചത്. തൂമാന്‍ ബേയെ റൈദാനിയ്യ യുദ്ധത്തില്‍ തോല്‍പിച്ച ഉസ്മാനികള്‍ അയാളെ കൈറോ നഗരവാതില്‍ക്കല്‍ കെട്ടിത്തൂക്കി. വഞ്ചകനായ ഖായിര്‍ ബേയെ സുല്‍ത്താന്‍ സലീം ഈജിപ്തിന്റെ ഗവര്‍ണറായി നിയമിച്ചു. അപ്പോഴതാ സൈനീ ബറകാത് പണ്ടത്തെപ്പോലെ വീണ്ടും രംഗപ്രവേശം ചെയ്യുന്നു. എവിടെയായിരുന്നു അയാള്‍ ഇത്രയും നാള്‍? ജനം ശരിക്കും ഞെട്ടിയത് സൈനീ ബറകാതിനെ ഉസ്മാനികള്‍ വീണ്ടും കൈറോയുടെ മേയറായി നിയമിച്ചപ്പോഴായിരുന്നു. അപ്പോള്‍ ശരിക്കും ആരായിരുന്നു സൈനീ? അയാള്‍ പണ്ടേ ഉസ്മാനികളുടെയോ, ഖായിര്‍ ബേയുടെയോ ചാരനായിരുന്നോ? പേരുകേട്ട സകരിയ്യയുടെ ചാരശൃംഖലയ്ക്കകത്തേക്ക് നുഴഞ്ഞുകയറിയ സൂപ്പര്‍ സ്‌പൈ? ആ ചോദ്യത്തിനൊരുത്തരം നല്‍കാന്‍ ചരിത്രത്തിനാകുകയേയില്ല എന്നതാണ് വാസ്തവം!
ജമാല്‍ അബ്ദുല്‍
നാസിറിന്റെ ഈജിപ്ത്
ശരിക്കും ജമാല്‍ ഗീതാനി പറയാന്‍ ശ്രമിച്ചത് പതിനാറാം നൂറ്റാണ്ടില്‍ നടന്ന മംലൂക് സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ കഥയായിരുന്നോ? ഫാറൂഖ് രാജാവിനെ അട്ടിമറിച്ച 1952 ലെ പട്ടാള വിപ്ലവത്തിന് സമാനമാണ് മേയര്‍ അലിയുടെ ഭരണത്തിനറുതിവരുത്തി സൈനീ ബറകാത് അധികാരത്തിലേറുന്നത്. ജമാല്‍ അബ്ദുല്‍ നാസിറിന്റെ ഭരണം സൈനീയുടേത് പോലെ തന്നെയായിരുന്നു എന്നാണ് വരികള്‍ക്കിടയിലൂടെ നോവല്‍ പറയുന്നത്. 1956ല്‍ സൂയസ് കനാല്‍ ദേശസാത്ക്കരണത്തിലൂടെ പശ്ചാത്യശക്തികളോട് പൊരുതിയ ഈജിപ്ഷ്യന്‍ ഹീറോ, അറബ് ദേശീയതയുടെ അപ്പോസ്തലന്‍, ഇസ്‌റാഈലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനെതിരെ അന്ത്യംവരെ പൊരുതിയ യോദ്ധാവ്, ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകരിലൊരാള്‍ എന്നിങ്ങനെ ജനപ്രീതിയുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ തന്നെ നാസിറിന്റെ ഈജിപ്ത് ഒരു പൊലിസ് സ്റ്റേറ്റായിരുന്നു എന്നതാണ് വാസ്തവം. തുറന്നൊരു ജയില്‍! തനിക്കെതിരെയും പട്ടാളത്തിനെതിരെയും ശബ്ദമുയര്‍ത്തുന്ന ആരെയും കാരാഗൃഹത്തിലടച്ച് പീഡിപ്പിക്കുന്ന ഡീപ് സ്റ്റേറ്റ് അരങ്ങുവാണ കാലമായിരുന്നു നാസിറിന്റെ യുഗം.
സ്വേച്ഛാധിപത്യത്തിന്റെ സ്വാഭാവിക പരിണതിയായിരിക്കും പരാജയമെന്നാണ് ഗീതാനി പറയുന്നത്. നാസിറിന്റെ സ്വേച്ഛാധിപത്യം ഈജിപ്തിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. 1967 ലെ 'ആറുദിനയുദ്ധ'ത്തില്‍ ഇസ്‌റാഈലിനോട് ദയനീയമായി പരാജയപ്പെടുന്നതിലേക്കാണ് അത് ചെന്നവസാനിച്ചത്. സൈനീയുടെ സ്വേച്ഛാധിപത്യത്തിന്റെ അന്തിമഫലമായിരുന്നു മംലൂക് കൈറോയുടെ പതനം. അപ്പോള്‍ 1967 ലെ യുദ്ധപരാജയത്തിന്റെ അലിഗറിക്കല്‍ റെപ്രസെന്റേഷനാണ് 1517 ലെ കൈറോയുടെ പതനം എന്ന് തന്നെ പറയാം. സൈനീയുടെ പൊലിസ് ചീഫായ സകരിയ്യയുടെ ക്രൂരതകള്‍ നാസിറിന്റെ ഇന്റലിജന്‍സ് ചീഫ് ഓഫീസറായിരുന്ന സ്വലാഹ് നസ്‌റിനെ ഓര്‍മിപ്പിക്കും. 67 ലെ യുദ്ധത്തില്‍ ദയനീയ പരാജയം നേരിട്ടുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത ജനങ്ങളിലെത്തിക്കാതെ തടഞ്ഞുനിര്‍ത്താന്‍ 'സൗതുല്‍ അറബ്' റേഡിയോ അടക്കമുള്ള നാസിറിന്റെ മാധ്യമസംഘം അവസാന നിമിഷംവരെ ശ്രമിച്ചിരുന്നു. തന്റെ തനിനിറം പുറത്തുവരാതിരിക്കാനായി സൈനീ ബറകാത് ചാരന്മാരെ ഉപയോഗിച്ചതും ഇതുപോലെ തന്നെയായിരുന്നു. ചാരന്മാരെ ഉപയോഗിച്ച് ജനത്തെ നിരന്തരം നിരീക്ഷിക്കുക, വിമതരെയും വിമര്‍ശകരെയും നിഷ്‌കരുണം അമര്‍ച്ച ചെയ്യുക, സ്‌റ്റേറ്റ് മീഡിയയെ ഉപയോഗിച്ച് സര്‍ക്കാര്‍ അജണ്ട നടപ്പിലാക്കുക... ഇങ്ങനെ ഭരണകൂട ഭീകരത കരാളനൃത്തമാടുന്ന കാഴ്ചയാണ് ഗീതാനി പങ്കുവയ്ക്കുന്നത്.
പോസ്റ്റ് മോഡേണിസ്റ്റ് നോവല്‍
ഭൂതകാലവും സമകാലിക ലോകവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ അപ്രസക്തമാക്കുന്ന കൃതിയാണ് ജമാല്‍ ഗീതാനിയുടെ 'സൈനീ ബറകാത്'. ലക്ഷണമൊത്തൊരു ഡിസ്റ്റോപ്പിയന്‍ പോസ്റ്റ് മോഡേണ്‍ നോവലാണിത്. പോളിഫോണിക് ബഹുകഥന രീതി, കാലത്തുടര്‍ച്ചയില്ലായ്മ, അവ്യക്തമായ കഥാപരിസരം, മുഴുവനാക്കാതെ വിട്ടുപോകുന്ന വിശദാംശങ്ങള്‍, നിഗൂഢത അവശേഷിക്കുന്ന കഥാപശ്ചാത്തലം, നഗരകേന്ദ്രീകൃത ചിത്രീകരണം, പരസ്പര വിരുദ്ധമായ ബഹുമുഖവാദങ്ങള്‍ എന്നിങ്ങനെ പോസ്റ്റ് മോഡേണ്‍ യൂറോപ്യന്‍ നോവലുകളുടെ മിക്ക സവിശേഷതകളും ഈ കൃതി മന:പൂര്‍വം പിന്തുടരുന്നുണ്ട്. ജോര്‍ജ് ഓര്‍വലിന്റെ '1984' എന്ന ഡിസ്‌റ്റോപ്പിയന്‍ നോവലിനോട് അപാരമായ സാമ്യം 'സൈനീ ബറകാതി'ന്റെ ഉള്ളടക്കത്തിനുണ്ട്.
മധ്യകാല ഈജിപ്ഷ്യന്‍ ചരിത്രകാരനായിരുന്ന ഇബ്‌നു ഇയാസിന്റെ 'ബദാഇഉ അല്‍സുഹൂറി'ലെ ചില വിശദാംശങ്ങളെ ഉപജീവിച്ചാണ് ഗീതാനി ഈ നോവല്‍ 1970-71 കാലയളവില്‍ രചിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ അബ്ദുല്‍ നാസിര്‍ മരണപ്പെട്ടശേഷം. 1966-67 കാലയളവില്‍ മാസങ്ങളോളം രാഷ്ട്രീയത്തടവുകാരനായി ജയിലില്‍ കിടന്ന അനുഭവങ്ങളുണ്ട് ഗീതാനിക്ക്. പ്രശസ്തമായ 'റൂസുല്‍ യൂസുഫ്' പത്രത്തില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച നോവല്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നത് 1975 ലാണ്.
ചരിത്ര പശ്ചാത്തലത്തില്‍ എഴുതപ്പെട്ടുവെങ്കിലും 'സൈനീ ബറകാത്' ഒരു ചരിത്ര നോവലായല്ല വിലയിരുത്തപ്പെടുന്നത്. ഹിസ്റ്റോറിക്കല്‍ മെറ്റാഫിക്ഷന്‍ എന്നാണ് പല നിരൂപകരും കൃതിയെ പരിചയപ്പെടുത്തുന്നത്. പരമ്പരാഗത നോവല്‍ രചനാ രീതികളെയാകെ അട്ടിമറിക്കുന്ന അപനിര്‍മാണ ശൈലിയിലാണ് 'സൈനീ ബറകാത്' എഴുതപ്പെട്ടിട്ടുള്ളത്. ചാരന്മാരുടെ റിപ്പോര്‍ട്ടുകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, കുറിപ്പുകള്‍, വിളംബരങ്ങള്‍, യൂറോപ്യന്‍ സഞ്ചാരിയുടെ വിവരണങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത ഡിസ്‌കോഴ്‌സുകള്‍ കാലഗണനയെ ആകെ ഉല്ലംഘിക്കുന്ന രീതിയില്‍ വിന്യസിച്ചിരിക്കുകയാണ് നോവലിലാകെ.
എവിടെ തുടങ്ങുന്നുവോ അവിടെ തന്നെയാണ് കഥ അവസാനിക്കുന്നതും. അങ്ങനെ നോക്കുമ്പോള്‍ ഒരു ലീനിയര്‍ നറേഷന്‍ ഇവിടെ അപ്രസക്തമാകുന്നുണ്ട്. ചരിത്രത്തെ ചാക്രികമായി കാണുന്ന പോസ്റ്റ് മോഡേണ്‍ രീതി സ്വീകരിക്കുമ്പോള്‍ നജീബ് മഹ്ഫൂസിന് ശേഷമുള്ള അറബി നോവല്‍ ഘട്ടത്തിലേക്കാണ് 'സൈനീ ബറകാത്' പ്രവേശിച്ചത്. ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആമുഖമെഴുതിയപ്പോള്‍ എഡ്വേര്‍ഡ് സൈദ് സൂചിപ്പിച്ചതുപോലെ, അബ്ദുല്‍ നാസിറിന്റെ പോപ്പുലിസ്റ്റ് പൊലിസ് സ്റ്റേറ്റിന്റെ ചരിത്രത്തെ മുന്നില്‍വച്ചുകൊണ്ട് വേണം പതിനാറാം നൂറ്റാണ്ടിന്റെ കഥപറയുന്ന 'സൈനീ ബറകാത്' വായിക്കേണ്ടത്. ഭരണകൂട ഭീകരതയുടെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കുള്ളൊരു വിചിത്രമായ പരകായ പ്രവേശം, അതാണ് സൈനീ ബറകാതും സകരിയ്യയും ചേര്‍ന്നു സൃഷ്ടിച്ച ഡീപ് സ്റ്റേറ്റും അതിന്റെ സ്വാഭാവിക പരിണതിയായ കൈറോയുടെ പതനവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."