HOME
DETAILS
MAL
അഭിലാഷ് വധക്കേസില്‍ സി.പി.എം പ്രവര്‍ത്തകരുടെ ജീവപര്യന്തം ശരിവച്ചു
backup
July 11 2021 | 04:07 AM
കൊച്ചി: കൊലപാതകങ്ങള്‍ക്ക് വഴിയൊരുക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഇരുണ്ടുപോകുമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. അഭിലാഷ് വധക്കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരുടെ ജീവപര്യന്തം കഠിനതടവ് ശിക്ഷ ശരിവച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സിയാദ് റഹ്മാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് പരിഷ്‌കൃത സമൂഹത്തില്‍ മികച്ച സ്ഥാനമാണുള്ളത്. സമൂഹത്തില്‍ ആദര്‍ശവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ കാരണമാകേണ്ടവയാണവ. ക്രൂരമായ കൊലപാതകങ്ങളിലൂടെ കുടുംബങ്ങളെ തീരാദുഖങ്ങളിലാക്കുന്നതാവരുത് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെന്നും കോടതി ഓര്‍മിപ്പിച്ചു. കള്ളവും ചതിയുമില്ലാത്ത കാലത്തിന്റെ ഓര്‍മ പുതുക്കുന്നവേളയില്‍ ഒരു യുവാവിനെ ജീവനോടെ കശാപ്പുചെയ്ത സംഭവമാണിതെന്നും കൊടിയുടെ നിറം പറയുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഒന്നാംപ്രതി ചെരുപ്പറമ്പില്‍ ഷാന്റോ, രണ്ടാംപ്രതി കിഴക്കെപുരക്കല്‍ ജിത്ത്, മൂന്നാം പ്രതി ചവറക്കാടന്‍ ശിവദാസ്, നാലാം പ്രതി പോട്ടക്കാരന്‍ ഡെന്നിസ്, ഏഴാം പ്രതി ഐനിക്കാടന്‍ രാജന്‍ എന്നിവര്‍ക്ക് 2016ല്‍ ഓഗസ്റ്റില്‍ ഇരിങ്ങാലക്കുട അഡീ. ജില്ലാ സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ യഥാക്രമം 75,000, 20,000, 5,000, 5,000, 10,000 രൂപ വീതം പിഴയൊടുക്കാനും പിഴയില്‍നിന്ന് രണ്ടുലക്ഷം നഷ്ടപരിഹാരമായി അഭിലാഷിന്റെ കുടുംബത്തിന് നല്‍കാനും ഉത്തരവിട്ടിരുന്നു. കേസിലെ 18ല്‍ 13 പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.
2015ലെ തിരുവോണനാളില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ തൃശൂര്‍ വെള്ളിക്കുളങ്ങര വാസുപുരം സ്വദേശി കാട്ടൂര്‍ വീട്ടില്‍ അഭിലാഷിനെ (31) വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."