കോപയില്‍ 'മാലാഖ'യുടെ ചിറകടി; തലയുയര്‍ത്തി അര്‍ജന്റീന
മാറക്കാന മൈതാനിയിലെ പുല്‍ത്തകിടിയിലെ ലാറ്റിന്‍ അമേരിക്കന്‍ പോരാട്ടത്തിനൊടുവില്‍ കോപയില്‍ കൊടുങ്കാറ്റടങ്ങി. കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന കപ്പുയര്‍ത്തി. ഫുട്‌ബോളിലെ ജന്മശത്രുക്കളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് മെസ്സിയെന്ന ഫുട്‌ബോള്‍ മിശിഹയുടെ നേതൃത്വത്തില്‍ അര്‍ജന്റീനയുടെ കിരീടധാരണം. 1993 ന് ശേഷം ഇപ്പോഴാണ് ഒരു രാജ്യാന്തര കിരീടം അര്‍ജന്റീനയുടെ ഷോക്കേസിലെത്തുന്നത്. അന്താരാഷ്ട്ര കരിയറില്‍ ലയണല്‍ മെസ്സിയുടെ ആദ്യകിരീട നേട്ടം കൂടിയാണിത്. അര്‍ജന്റീനയുടെ എതിരാളികള്‍ പോലും ഒരുപാട് ആഗ്രഹിച്ചതാണ് മെസ്സിയൊരു രാജ്യാന്തര കിരീടം നേടണമെന്നത്.
അര്‍ജന്റീനയുടെ മുന്നേറ്റ നിരക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയ ബ്രസീലിന്റെ നെഞ്ചകം തകര്‍ത്താണ് മെസ്സിക്ക് കോപ കിരീടം സമ്മാനിച്ചത്. ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണക്കുപോലും നേടാന്‍ കഴിയാതെ പോയ കോപ മെസ്സിക്ക് സ്വന്തം. 2014 ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മന്‍ പോരാളികള്‍ക്ക് മുന്നില്‍ അര്‍ജന്റീന അടിയറവ് പറഞ്ഞ നാള്‍ മുതല്‍ തുടങ്ങിയതാണ് മെസ്സിയും രാജ്യാന്തര കിരീടനേട്ടവും തമ്മിലുള്ള ഒളിച്ചുകളി. ബാഴ്‌സലോണയുമായി ക്ലബ് ഫുട്‌ബോളില്‍ ഗോള്‍ മഴയോടെ കിരീടങ്ങള്‍ വെട്ടിപ്പിടിക്കുമ്പോഴും മെസ്സിയും ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ പ്രേമികളും രാജ്യത്തിനു കിട്ടാത്ത കിരീടങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നുണ്ടായിരുന്നു. ചിരവൈരികളെ തന്നെ ഫൈനലില്‍ വീഴ്ത്തി മാറക്കാനയില്‍ നിന്നു കോപയുമായി അര്‍ജന്റീന തലയുയര്‍ത്തി മടങ്ങുമ്പോള്‍ അത് മെസ്സിയുടെ കരിയറിലെ രാജ്യാന്തര കിരീട വരള്‍ച്ചയ്ക്ക് വിരാമം കൂടിയായി. 105 വര്‍ഷത്തെ ചരിത്രമുണ്ട് കോപ അമേരിക്ക ടൂര്‍ണമെന്റിന്. ആ ചരിത്രത്തിലെ അര്‍ജന്റീനയുടെ 15ാം കിരീടധാരണമാണ് കഴിഞ്ഞ ദിവസം നടന്നത്.
കോപയുടെ ചരിത്രത്തില്‍ 34 മത്സരങ്ങളിലാണ് അര്‍ജന്റീനയും ബ്രസീലും നേരിട്ട് ഏറ്റുമുട്ടിയത്. 16 ജയവുമായി അര്‍ജന്റീന ആധിപത്യം പുലര്‍ത്തിയപ്പോള്‍ ബ്രസീലിന്റെ വിജയം 10ല്‍ ഒതുങ്ങി. എട്ടു പോരാട്ടങ്ങള്‍ സമനിലയിലായി. കോപയില്‍ 11 തവണ ഫൈനലില്‍ ബ്രസീലിനെ നേരിട്ട അര്‍ജന്റീന ഒന്‍പത് തവണ കിരീടം ചൂടി. മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയ, പെറു, ഉറുഗ്വേ, ചിലി, വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍, പരാഗ്വേയ് എന്നീ രാജ്യങ്ങളും അണിനിരന്ന കോപയില്‍ തോല്‍വി അറിയാതെയാണ് അര്‍ജന്റീനയും ബ്രസീലും കലാശപ്പോരിന് മാറക്കാനയില്‍ ഇറങ്ങിയത്. ഉറുഗ്വേയും ചിലിയും അടങ്ങിയ മികച്ച ടീമുകള്‍ തന്നെയായിരുന്നു അര്‍ജന്റീനയുടെ ഗ്രൂപ്പിലെ എതിരാളികള്‍. ബ്രസീലിന് ഗ്രൂപ്പു പോരാട്ടങ്ങള്‍ അത്ര കടുത്തതായിരുന്നില്ല. ബൊളീവിയയും വെനസ്വേലയും കൊളംബിയയും ഉള്‍പ്പെട്ട ഗ്രൂപ്പ് പോരാട്ടം കാനറികളുടെ പാത സുഗമമാക്കി.
എങ്കിലും കലാശപ്പോരില്‍ ലാറ്റിന്‍ അമേരിക്കന്‍ കാല്‍പന്തുകളിയുടെ മിന്നലാട്ടം പോലും ദൃശ്യമായില്ലെന്നത് ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കുന്നുണ്ട്. പരുക്കന്‍ അടവുകള്‍ നിറഞ്ഞാടിയ കളത്തില്‍ റഫറിക്ക് പലപ്പോഴും മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടിവന്നു. മധ്യനിരതാരം ഡി ലോറെന്റയിന്‍ അര്‍ജന്റീനയുടെ ഭാവി പ്രതിഭയാണെന്ന് കോപയില്‍ തെളിയിച്ചു. എയ്ഞ്ചല്‍ ഡി മരിയയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇറക്കിയ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കൊലോനിയുടെ തീരുമാനവും ഫലം കണ്ടു. രണ്ടാമത്തെ കളിയില്‍ മാത്രമാണ് ഡി മരിയ പകരക്കാരന്റെ റോളില്‍ നിന്ന് ആദ്യ ഇലവനില്‍ ബൂട്ടുകെട്ടിയത്. സ്‌കൊലോനി ഫൈനലിലേക്ക് കരുതിവച്ച ആവനാഴിയിലെ അസ്ത്രം പോലെ അത് ലക്ഷ്യം ഭേദിച്ചു. ബ്രസീലിയന്‍ പരിശീലകന്‍ ടിറ്റെയുടെ ബ്രഹ്മാസ്ത്രം നെയ്മര്‍ തന്നെയായിരുന്നു. അര്‍ജന്റീനിയന്‍ പ്രതിരോധ മതില്‍ ഭേദിച്ചു കയറാന്‍ നെയ്മര്‍ക്കായില്ല. എവര്‍ട്ടണും ഫ്രെഡും റിച്ചാര്‍ലിസണും ബ്രസീലിന് കരുത്തായില്ല. ഡി മരിയയും റോഡ്രിഗോ ഡി പോളും കളംനിറഞ്ഞു കളിച്ച മാറക്കാനയില്‍ മെസ്സിയും ലോറന്റയിനും അര്‍ജന്റീനിയന്‍ നീക്കങ്ങള്‍ ആസൂത്രണം ചെയ്തു. മുന്നിലേക്കും പിന്നിലേക്കും കയറിയിറങ്ങി മെസ്സി കളിയുടെ നിയന്ത്രണം ഏറ്റെടുത്തതും അര്‍ജന്റീനയുടെ വഴി എളുപ്പമാക്കി. കോപയിലെ തോല്‍വി കൊണ്ട് ബ്രസീലിയന്‍ ഫുട്‌ബോളിന് ഒന്നും സംഭവിക്കില്ല. ബ്രസീല്‍ പ്രതിരോധത്തിന് സംഭവിച്ച വീഴ്ചയില്‍ നിന്നാണ് ഡി മരിയ ഗോളിലേക്ക് വഴികണ്ടത്. മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ പിന്നീട് മെസ്സിക്കോ ഡി മരിയക്കോ കഴിഞ്ഞില്ലെന്നതും ബ്രസീലിയന്‍ നിരയുടെ കരുത്ത് തെളിയിക്കുന്നതാണ്. അവസാന നിമിഷങ്ങളില്‍ ബ്രസീലിയന്‍ ബോക്‌സില്‍ മെസ്സി ഭീതി വിതച്ചത് ആവേശമുയര്‍ത്തി. ഗോളിയുടെ മികവില്‍ അതിനെയും മറികടക്കാനായത് ബ്രസീലിയന്‍ വീഴ്ചയുടെ ആഘാതം കുറച്ചു. മികച്ച രണ്ട് അവസരങ്ങള്‍ ലഭിച്ചിട്ടും അര്‍ജന്റീനിയന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസിനെ ബ്രസീലിയന്‍ താരങ്ങള്‍ക്ക് കീഴടക്കാനുമായില്ല.
കോപ തുടങ്ങുമ്പോള്‍ അര്‍ജന്റീനയുടെ ഗോള്‍ വല കാക്കുന്നവരില്‍ രണ്ടാമനായിരുന്നു എമിലിയാനോ മാര്‍ട്ടിനസ്. ഗോള്‍ വരയ്ക്ക് മുന്നില്‍ ചോരാത്ത കൈകളുമായി പുതിയ താരോദയമായി മാറാന്‍ മാര്‍ട്ടിനസിനു കഴിഞ്ഞു. ആദ്യ രാജ്യാന്തര മത്സരത്തിന്റെ പരിഭ്രമം തെല്ലുമില്ലാതെ കൊളംബിയയ്ക്ക് എതിരേ മാര്‍ട്ടിനസ് പുറത്തെടുത്ത പോരാട്ടവീര്യം ബ്രസീലിന് മുന്നിലും വെളിപ്പെട്ടു.
കോപയില്‍ കൊടിയിറങ്ങുമ്പോള്‍ മെസ്സിയെയും ഡി മരിയയെയും ഓട്ടമെന്റിയെയും മാറ്റിനിര്‍ത്തിയാല്‍ അര്‍ജന്റീനയുടെ പ്രതിഭയുള്ള യുവനിര ഭാവിയിലേക്കുള്ള പ്രതീക്ഷ തന്നെയാണ്. ഇവരെ സ്‌കൊലോനി എങ്ങനെ തേച്ചുമിനുക്കി എടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു അര്‍ജന്റീനയുടെ ലോകകപ്പ് ഭാവി.
കൊവിഡ് 19 ലോകത്തെ നിശ്ചലമാക്കിയ കാലത്ത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശം പകരുന്നതായിരുന്നു കോപ അമേരിക്ക, യൂറോ കപ്പ് ഫുട്‌ബോള്‍ മാമാങ്കങ്ങള്‍. കോപയില്‍ പന്തുരുണ്ടതുതന്നെ പ്രതിസന്ധികളെ ഭേദിച്ചായിരുന്നു. കൊളംബിയയും അര്‍ജന്റീനയും ആതിഥ്യം വഹിക്കേണ്ട ടൂര്‍ണമെന്റ് കൊവിഡ് ഭീഷണി കാരണം ബ്രസീലിന് ഏറ്റെടുക്കേണ്ടി വരുകയായിരുന്നു. ആളൊഴിഞ്ഞ ഗാലറികള്‍ക്ക് മുന്നിലായിരുന്നു സെമി വരെയുള്ള പോരാട്ടങ്ങള്‍. പെറുവിനെ വീഴ്ത്തി ബ്രസീലും കൊളംബിയയെ തോല്‍പ്പിച്ച് അര്‍ജന്റീനയും ഫൈനലില്‍ എത്തിയപ്പോള്‍ മാറക്കാനയില്‍ 8,000 കാണികളെയെങ്കിലും അനുവദിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കൊവിഡിന്റെ ഭീഷണിയെ മറികടന്നും കോപ അമേരിക്ക ടൂര്‍ണമെന്റ് വിജയകരമായി പൂര്‍ത്തിയാക്കിയ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനെയും അഭിനന്ദിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."