വള്ളക്കടവ് ബോട്ടുപുര കവാടം പൂര്‍ണനാശത്തിലേക്ക്
തിരുവനന്തപുരം: കഴിഞ്ഞ കാലത്തിന്റെ പ്രൗഢസ്മരണകളുണര്‍ത്തുന്ന വള്ളക്കടവ് ബോട്ടുപുര കവാടം പൂര്‍ണ നാശത്തിലേക്ക്. ബോട്ടുപുരയുടെ മുന്‍വശത്തായി സ്ഥിതി ചെയ്യുന്ന കവാടത്തിന്റെ സിമന്റ് പാളികള്‍ ഇടിഞ്ഞ് വീണു കഴിഞ്ഞു.കവാടത്തിന് മുകളിലേക്ക് മരച്ചില്ലകള്‍ പടര്‍ന്നും കാടുപിടിച്ചും കിടക്കുകയാണ്. ഇതിനോട് ചേര്‍ന്നുള്ള ബോട്ടുപുര സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബോട്ട് കവാടത്തിന്റെ കാര്യത്തില്‍ ആരും ഇതുവരെ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല.
ബോട്ടുപുരക്കും കവാടത്തിനും അനന്തപുരിയുടെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. രാജഭരണ കാലത്ത് കച്ചവടാവശ്യത്തിനായുള്ള ബോട്ടുകള്‍ ഇവിടേക്കായിരുന്നു എത്തിയിരുന്നത്. അക്കാലത്തെ വിനോദസഞ്ചാര കേന്ദ്രം കൂടിയായിരുന്ന ഇവിടേക്ക് രാജകുടുംബാംഗങ്ങളും വിദേശികളുമെത്തിയിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മറുജപത്തിനും മറ്റ് ഉത്സവങ്ങള്‍ക്കും നമ്പൂതിരികള്‍ എത്തിയിരുന്നതും ഇതുവഴിയായിരുന്നെന്ന് ചരിത്രം പറയുന്നു.
നൂറ്റാണ്ടോളം പഴക്കമുള്ള ബോട്ടുപുര പുനര്‍ നിര്‍മിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ബോട്ടുപുരയെ ജൈവവൈവിധ്യ പാര്‍ക്കാക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
പ്രദേശവാസികളുടെ നീണ്ട നാളത്തെ ആവശ്യത്തിനൊടുവിലാണ് ബോട്ടുപുര പുനര്‍ നിര്‍മിച്ചത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടത്തിന് ആവശ്യമായ മറ്റ് സൗകര്യങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
പാര്‍വ്വതീ പുത്തനാര്‍ ശുചിയാക്കി പഴയ രീതിയില്‍ ഇതുവഴി ബോട്ട് സര്‍വീസ് പുനരാരംഭിക്കുമെന്നെല്ലാം പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ബോട്ടുപുര കവാടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് തദ്ദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."