ആടിനെ മോഷ്ടിച്ചെന്നാരോപണം: ദളിത് യുവാക്കളെ പുകയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു
ആടിനെ മോഷ്ടിച്ചെന്നാരോപണം: ദളിത് യുവാക്കളെ പുകയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു
ഹൈദരാബാദ്: ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാക്കളെ പുകയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലെ മന്ദമാരി ടൗണിലാണ് സംഭവം. ആടിനെ മോഷ്ടിച്ചെന്ന് സംശയം തോന്നിയ ഉടമ രണ്ടു പേരെയും ഒരു ഷെഡ്ഡില്‍ കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും താഴെ വിറകുകള്‍ കത്തിച്ച് പുകയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഗോദാവരിക്കാനി സ്വദേശികളായ ആട്ടിടയന്‍ തേജ (19), സുഹൃത്ത് ചിലുമൂല കിരണ്‍ (30) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മന്ദമാരി അംഗാഡി ബസാറിലെ ഫാം ഉടമയായ കൊമുരാജുല രാമുലുവും കുടുംബവുമാണ് ഇരുവരെയും മര്‍ദിച്ചത്.
കനത്ത ചൂടും പുകയും മര്‍ദനവും സഹിക്കാനാവാതെ രണ്ടു പേരും സഹായത്തിനായി നിലവിളിക്കുമ്പോഴും ഫാം ഉടമയും കൂട്ടാളികളും മര്‍ദനം തുടരുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 20 ദിവസം മുമ്പ് രാമുലുവിന്റെ ഒരു ആടിനെ കാണാതാവുകയായിരുന്നു. ആടിനെ തേജയും കിരണും ചേര്‍ന്ന് മോഷ്ടിച്ചതാണെന്നായിരുന്നു ഇയാളുടെ സംശയം. വെള്ളിയാഴ്ച, തേജയെയും കിരണിനെയും ഷെഡ്ഡിലേക്ക് വിളിച്ചുവരുത്തിയ രാമുലുവും കുടുംബവും ഇവരെ തലകീഴായി കെട്ടിത്തൂക്കുകയും വിറകുകള്‍ പെറുക്കി ഇവരുടെ തലയ്ക്ക് താഴെയിട്ട് കത്തിക്കുകയും മര്‍ദിക്കുകയുമായിരുന്നു.
ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. കുറ്റം അംഗീകരിച്ച് ആടുകളെ തിരികെ നല്‍കണമെന്നും ഇല്ലെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു അക്രമികളുടെ ആവശ്യം. മണിക്കൂറുകളോളം പീഡിപ്പിച്ച ശേഷം താക്കീത് നല്‍കി യുവാക്കളെ വിട്ടയച്ചു. എന്നാല്‍ ഇവരില്‍ ഒരാള്‍ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഗുരുതരമായി പരിക്കേറ്റ തേജയും കിരണും ശനിയാഴ്ച തങ്ങളുടെ വീടുകളിലെത്തി മര്‍ദനത്തെ കുറിച്ച് വിവരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."