മടിയിലെ കനത്തിൽ പിടിക്കുന്ന ഗവർണർ
ഏറ്റെടുക്കുന്ന ജോലി ഭംഗിയായി നിർവഹിക്കുന്നയാളാണ് നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പല രാഷ്ട്രീയകക്ഷികളിലിരുന്നുകൊണ്ട് വഹിച്ച ചുമതലകൾ പരിശോധിച്ചാൽ അദ്ദേഹം മികച്ചൊരു പൊളിറ്റിക്കൽ പ്രൊഫഷനൽ ആണെന്ന് ബോധ്യപ്പെടും. ബി.ജെ.പിക്കാരനായതുകൊണ്ടാണ് അദ്ദേഹം ഇന്നത്തെ പദവിയിൽ നിയോഗിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ അദ്ദേഹം ആ പാർട്ടിക്കുവേണ്ടി ഭംഗിയായി പണിയെടുക്കുന്നു.
കേന്ദ്രം ഭരിക്കുന്നവർക്ക് കണ്ണിലെ കരടുകളാണ് സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സർക്കാരുകൾ. അവയെ തകർക്കുക എന്നത് സ്വാഭാവികമായി തന്നെ ബി.ജെ.പിയുടെ ലക്ഷ്യമാണ്. നിയമസഭകളിൽ കുറച്ചെങ്കിലും പാർട്ടിയുടെ അംഗങ്ങളുള്ള ചില സംസ്ഥാനങ്ങളിൽ ഓപറേഷൻ താമരയെന്ന കുതിരക്കച്ചവടത്തിലൂടെ രാഷ്ട്രീയ എതിരാളികളുടെ മന്ത്രിസഭകളെ മറിച്ചിട്ടോ ശത്രുചേരിയെ പിളർത്തിയോ ഒക്കെ ഭരണം കൈപ്പിടിയിലൊതുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ അത്തരം ഓപറേഷനുകളെക്കുറിച്ച് അവർക്ക് ചിന്തിക്കാൻ പോലുമാവില്ല. അതുകൊണ്ടുതന്നെ സർക്കാരിനെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുക മാത്രമാണ് ഇവിടെ കരണീയം. അതിനുവേണ്ടി ഗവർണർ കഠിനാദ്ധ്വാനം ചെയ്‌തപ്പോൾ പണി ഇത്തിരി പാളിപ്പോയി എന്നത് വേറെ കാര്യം. സർക്കാരിനെതിരേ ഒരു മാരകായുധം പുറത്തുവിടുമെന്നു പറഞ്ഞ് ഗവർണർ ജോലിയിൽ പതിവില്ലാത്ത പത്രസമ്മേളനം വിളിച്ചുകൂട്ടി അദ്ദേഹം ഉന്നയിച്ചതിൽ പ്രധാനപ്പെട്ടത് പാളിപ്പോയി. ചരിത്ര കോൺഗ്രസ് വേദിയിൽ വയോധികനായ പ്രൊഫ. ഇർഫാൻ ഹബീബ് തന്നെ വധിക്കാൻ ശ്രമിച്ചെന്നും പൊലിസ് അത് തടയാൻ ശ്രമിച്ചില്ലെന്നും കെ.കെ രാഗേഷ് വധശ്രമത്തെ പ്രോത്സാഹിപ്പിച്ചെന്നുമുള്ള ആരോപണം. അതു തെളിയിക്കാൻ പുറത്തുവിട്ട ദൃശ്യങ്ങളിൽ അങ്ങനെയൊന്നും ആർക്കും തോന്നിയില്ല.
ആ ആരോപണം പാളിപ്പോയിട്ടും ഗവർണർ പറയുന്നതും ചെയ്യുന്നതുമായ ചില കാര്യങ്ങൾക്ക് കുറേയാളുകളുടെ പിന്തുണ കിട്ടുന്നു എന്നത് കാണാതിരുന്നുകൂടാ. അദ്ദേഹം പറയുന്നതിലും കാര്യമില്ലാതില്ല എന്നെങ്കിലും ചിന്തിക്കുന്നത് പ്രതിപക്ഷ കക്ഷികളോ എൽ.ഡി.എഫിന്റെ മറ്റു പ്രഖ്യാപിത ശത്രുക്കളോ മാത്രമല്ല. ഭരണമുന്നണിയെ പിന്തുണയ്ക്കുന്ന ഒരുപാട് ഇടത് സഹയാത്രികരുമുണ്ട് അക്കൂട്ടത്തിൽ. അതറിഞ്ഞുതന്നെയാണ് അദ്ദേഹം കളിക്കുന്നതെന്ന് തോന്നുന്നു.
അടുത്തകാലത്ത് സർക്കാരിനെതിരേ ചില ആരോപണങ്ങൾ വന്നപ്പോൾ നാടാകെ ഭരണപക്ഷം, പ്രത്യേകിച്ച് സി.പി.എം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ബോർഡിൽ 'മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ട' എന്ന് എഴുതിവച്ചിരുന്നു. ആവശ്യത്തിലധികമുണ്ടായിരുന്നു ആ ബോർഡുകൾ. ഒരു കാര്യം ആവശ്യത്തിനും അതിലധികവും നിഷേധിക്കുമ്പോൾ അതിലെന്തോ ഉണ്ടെന്ന് നാട്ടുകാർ ചിന്തിച്ചുപോകുന്നത് സ്വാഭാവികമാണ്. ആ സംശയത്തിന്റെ പുകമറയിലേക്കാണ് ഗവർണർ ചില ചോദ്യങ്ങൾ ഇട്ടുകൊടുത്തത്. പ്രത്യേകിച്ച് അദ്ദേഹം ഇപ്പോൾ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളുടെ കാര്യത്തിൽ. അത് എവിടെയൊക്കെയോ ഏശിയിട്ടുണ്ട്.
നേരത്തെ, മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ എതിരേ ലോകായുക്ത ഉത്തരവുണ്ടായാൽ അതിൽ തീരുമാനമെടുക്കാനുള്ള അധികാരം ഗവർണർക്കായിരുന്നു. തീരുമാനം പ്രതികൂലമായാൽ അവർ രാജിവയ്‌ക്കേണ്ട അവസ്ഥയുണ്ടായിരുന്നു. പണ്ട് നായനാർ സർക്കാരിന്റെ കാലത്ത് നിയമസഭ പാസാക്കിയ നിയമമാണിത്. പുതിയ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രിക്കെതിരേ ഉത്തരവുണ്ടായാൽ അത് പരിശോധിച്ച് തീരുമാനമെടുക്കാനുള്ള അവകാശം നിയമസഭയ്ക്കായിരിക്കും. ഉത്തരവ് മന്ത്രിമാർക്കെതിരാണെങ്കിൽ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാം. ചുരുക്കിപ്പറഞ്ഞാൽ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ എതിരായ ലോകായുക്ത ഉത്തരവുണ്ടായാൽ നിയമസഭയിൽ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന സർക്കാരിന് അത് നിഷ്പ്രയാസം തള്ളിക്കളയാം.
സർക്കാർ എന്തിനെയോ പേടിക്കുന്നു എന്നും മടിയിൽ ഇത്തിരിയെങ്കിലും കനമുണ്ടായതുകൊണ്ടാണ് ഈ നിയമഭേദഗതിയെന്നുമുള്ള സംശയം നാട്ടുകാരിൽ കുറച്ചുപേരിലെങ്കിലും ഉണ്ടാകുന്നത് സ്വാഭാവികം. ആ സംശയത്തിലാണ് ഗവർണർ കയറിപ്പിടിച്ചിരിക്കുന്നത്.
സർവകലാശാലകളിലെ വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ളതാണ് സർവകലാശാല നിയമ ഭേദഗതി ബിൽ. നേരത്തെ ഇതേ ഗവർണർ തന്നെ ഒപ്പുവച്ച, കണ്ണൂർ സർവകലാശാല വി.സിക്ക് പുനർനിയമനം നൽകുന്ന ഉത്തരവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ അദ്ധ്യാപികയായി നിയമനം നൽകിയതും വിവാദമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഗവർണർ ആ ബില്ലിൽ കയറിപ്പിടിച്ചത്.
തിരിച്ചയയ്ക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കിയാൽ അതിൽ ഒപ്പിടാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് അറിയാതെയൊന്നുമല്ല അദ്ദേഹം കളിക്കുന്നത്. അതിനെടുക്കുന്ന കാലയളവിനുള്ളിൽ ഈ വിഷയങ്ങൾ ചർച്ചയാക്കി നിലനിർത്തി സർക്കാരിന് കൂടുതൽ ക്ഷീണമുണ്ടാക്കാൻ ഗവർണർക്ക് സാധിച്ചേക്കും. അതായത് സർക്കാരിനെ അടിക്കാനുള്ള വടികൾ സർക്കാർ തന്നെ ചെത്തിമിനുക്കി ഗവർണറുടെ കൈയിൽ കൊടുത്തിട്ടുണ്ട്.
ആറിത്തണുത്ത വിദ്യാർഥി ഐക്യം
രജനി എസ്. ആനന്ദിനെ ഓർമയില്ലേ? സ്വാശ്രയ എൻജിനീയറിങ് കോളജിൽ വിദ്യാർഥിനിയായിരിക്കെ ഫീസടയ്ക്കാൻ കാശില്ലാതെ പഠനം വഴിമുട്ടുമെന്ന അവസ്ഥയിൽ ജീവനൊടുക്കുകയായിരുന്നു രജനി. 2004ലാണത് സംഭവിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർഥി രോഷത്തിന്റെ അഗ്‌നിയിൽ കേരളം കത്തിയെരിയുകയായിരുന്നു. അന്നത്തെ യു.ഡി.എഫ് സർക്കാരിനെതിരേ വലിയ തോതിൽ ജനവികാരമുണർത്താൻ ആ വിദ്യാർഥി പ്രക്ഷോഭത്തിനു സാധിച്ചു. എസ്.എഫ്.ഐ ആയിരുന്നു അതിന്റെ മുൻനിരയിൽ.
വെറും വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങളിൽ മാത്രമല്ല സമൂഹത്തെ മൊത്തം ബാധിക്കുന്ന കാര്യങ്ങളിലും രക്തം തിളച്ചുമറിയുന്ന ഇളംപ്രായക്കാരുടെ സംഘടിത രോഷം സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭം തന്നെ വലിയ ഉദാഹരണം. ക്യൂബൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് കാംപസുകളിൽനിന്നാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലുമുണ്ട് വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നിർണായക പങ്ക്.
രാഷ്ട്രീയകക്ഷികളിൽനിന്ന് ഭിന്നമായി നിർണായക സന്ദർഭങ്ങളിൽ കക്ഷിഭേദം മറന്ന് ഒറ്റക്കെട്ടായി ശബ്ദമുയർത്താൻ കേരളത്തിലെ വിദ്യാർഥി സംഘടനകൾക്ക് എക്കാലവും സാധിച്ചിട്ടുണ്ട്. ഇൻക്വിലാബ് സിന്ദാബാദ് പോലെ തന്നെ വിദ്യാർഥി ഐക്യം സിന്ദാബാദ് കേരളത്തിന് ചിരപരിചിത മുദ്രാവാക്യമായത് അങ്ങനെയാണ്.
എന്നാല്‍ കുറച്ചുകാലമായി ആ മുദ്രാവാക്യം നാട്ടില്‍ അധികമൊന്നും കേള്‍ക്കാറില്ല. വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന ഏറെ വിഷയങ്ങളുണ്ടായിട്ടും നേതാക്കളുടെ പ്രസ്താവനകള്‍ക്കപ്പുറം കലാലയ പരിസരങ്ങളിലോ തെരുവുകളിലോ വിദ്യാര്‍ത്ഥി ശബ്ദം കാര്യമായി ഉയര്‍ന്നില്ല.
വിദ്യാർഥികളുടെ കൂട്ടായ ശബ്ദം കേൾക്കാൻ പൊതുസമൂഹം വല്ലാതെ ആഗ്രഹിച്ചുപോയ ദിവസങ്ങളായിരുന്നു കഴിഞ്ഞയാഴ്ചയിലേത്. കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മകളുടെ യാത്രാ കൺസഷൻ പാസ് പുതുക്കാനെത്തിയ പിതാവിനെ ജീവനക്കാർ മകളുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതച്ച സംഭവം കേരളീയ മനഃസാക്ഷിയെ വല്ലാതെ മുറിപ്പെടുത്തുകയുണ്ടായി. പൊതുസമൂഹത്തിൽ ഏറെ രോഷം പുകഞ്ഞിട്ടും, അവിടേക്ക് എസ്.എഫ്.ഐ ഒരു പ്രകടനം നടത്തിയതൊഴിച്ചാൽ വിദ്യാർഥി സംഘടനകളുടെ ശബ്ദം അധികമൊന്നും ഉയർന്നില്ല. ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും കെ.എസ്.ആർ.ടി.സി സി.എം.ഡി കേരളത്തോട് മാപ്പുപറയുകയുമൊക്കെ ചെയ്തതിന്റെ പേരിൽ സമാധാനിക്കാമെങ്കിലും നിലവിലുള്ള അവകാശങ്ങൾ പോലും വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ച് വലിയ ചർച്ചയൊന്നും ഉയർത്തിവിടാൻ വിദ്യാർഥി സംഘടനകൾക്കായില്ല.
വിദ്യാഭ്യാസ മേഖലയുമായി നേരിട്ടു ബന്ധപ്പെട്ട വിഷയത്തിന്റെ പേരിലെങ്കിലും കൊല്ലത്ത് അഭിരാമി എന്നൊരു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവവുമുണ്ടായി. സർഫാസി എന്ന പ്രാകൃതമായ വായ്പാനിയമത്തിന്റെ ഇരയാണ് ആ കുട്ടി. കേരള ബാങ്കിന്റെ നടപടിയാണ് കാരണമെങ്കിലും സർഫാസി കേന്ദ്ര നിയമമായതിനാൽ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന് കൈമലർത്തുകയാണ് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ മേഖലയ്ക്കപ്പുറമുള്ള സാമൂഹ്യ വിഷയങ്ങൾ വിദ്യാർഥികളുടെ ജീവനെടുത്താലും അതു ഗൗനിക്കേണ്ടെന്ന ചിന്തയിലേക്ക് വിദ്യാർഥിസംഘടനകളെന്ന് സംശയിക്കേണ്ടിവരുന്നു.
സംസ്ഥാനഭരണം ഇടതുമുന്നണിക്കായതിനാൽ എസ്.എഫ്.ഐക്കും എ.ഐ.എസ്.എഫിനും ഇക്കാര്യത്തിലുള്ള പരിമിതികൾ മനസ്സിലാക്കാം. എന്നാൽ കെ.എസ്.യുവും എം.എസ്.എഫുമൊക്കെ എന്തെടുക്കുകയാണെന്ന് ചിലരെങ്കിലും ചോദിച്ചുപോകുന്നുണ്ട്. ഇത്രയേറെ തണുത്തുറഞ്ഞുപോയോ കേരളീയ വിദ്യാർഥിസമൂഹത്തിന്റെ ഐക്യബോധം?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."