എ.ടി.എം തട്ടിപ്പ് വീണ്ടും; പത്തനാപുരം സ്വദേശിക്ക് 50000 രൂപ നഷ്ടപ്പെട്ടു
കൊല്ലം: എ.ടി.എം തട്ടിപ്പനിരയായി വീണ്ടും കൊല്ലം സ്വദേശി. പത്തനാപുരം കല്ലുംകടവ് കളീക്കല്‍ വീട്ടില്‍ റിനുവിന്റെ 50000 രൂപയാണ് നഷ്ടപ്പെട്ടത്.
കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡിന്റെ കീഴിലെ എ.ടി.എമ്മില്‍ നിന്നാണ് മോഷ്ടാക്കള്‍ പണം പിന്‍വലിച്ചിരിക്കുന്നത്. 21ന് രാത്രി 11ഓടെയാണ് വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയത്. പതിനായിരം രൂപ വീതം അഞ്ച് തവണയായാണ് എടുത്തിരിക്കുന്നത്. എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിച്ചതായുളള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ കസ്റ്റമര്കെയറുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ കൂടുതല്‍ പണം നഷ്ടമായില്ല.
ആദ്യ വിവരം ലഭിച്ചപ്പോള്‍ തന്നെ എ.ടി.എം കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന നമ്പറില്‍ റിനു വര്‍ഗീസ് ബന്ധപ്പെട്ടിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന റിനു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചാണ് മോഷണം നടത്തിയിരിക്കുന്നത് എന്നാണ് പൊലിസ് പറയുന്നത്. റിനുവിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. പത്തനാപുരം പൊലിസില്‍ പരാതി നല്കി. ഹൈട്ടക്ക് എ.ടി.എം തട്ടിപ്പിന്റെ അന്വേഷണ സംഘത്തിന് പരാതി കൈമാറിയതായാണ് സൂചന. എ.ടി.എം തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നതോടെ ആശങ്കയിലാണ് ഉപഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."