തൊഴിലുറപ്പ് പദ്ധതി: പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന്
കടുത്തുരുത്തി: മന്ത്രി കെ.റ്റി. ജലീലുമായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ജനവികാരം മാനിക്കാതെ ഗുരുതരമായ അനാസ്ഥ കാണിച്ച ഉഴവൂര്‍ ബ്ലോക്ക് അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് അടിയന്തിര വിശദീകരണം ചോദിക്കാന്‍ നിര്‍ദ്ദേശിക്കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനവും ഉണ്ടായി.
കടുത്തുരുത്തി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണത്തില്‍ വിവിധ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിലനിന്നിരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രാമവികസന പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലുമായി തിരുവനന്തപുരത്ത് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു.
കോട്ടയം ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലും ജനോപകാരപ്രദമായ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ബ്ലോക്കിലെ എഞ്ചിനീയറിംഗ് വിഭാഗം ആത്മാര്‍ത്ഥതയോടെ സഹകരിച്ചപ്പോള്‍ പൂര്‍ണ്ണമായും ജനവിരുദ്ധ നിലപാട് സ്വീകരിച്ച പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ച ഉഴവൂര്‍ ബ്ലോക്കിലെ അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് അടിയന്തിര വിശദീകരണം ചോദിക്കാന്‍ മന്ത്രി കെ.ടി. ജലീല്‍ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ വകുപ്പുതലത്തിലുള്ള പരിശോധനകള്‍ ഉടനേ നടത്തി ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് സ്വൂകരിക്കാനും തീരുമാനിച്ചു.
നാട്ടിലെ മുഴുവന്‍ ജനപ്രതിനിധികളും രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നിന്നുകൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് ഇതിനോട് സഹകരിക്കാതെ ധിക്കാരപരവും നിഷേധാത്മകവുമായ നിലപാടു സ്വീകരിച്ച ബ്ലോക്കിലെ എഞ്ചിനീയര്‍മാരെ മര്യാദ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. ചൂണ്ടിക്കാട്ടി.
മന്ത്രി കെ.ടി. ജലീന്റെ സെക്രട്ടേറിയേറ്റിലുള്ള ഓഫീസ് ചേമ്പറില്‍ നടത്തിയ ചര്‍ച്ചയില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയോടൊപ്പം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി.കുര്യന്‍ (കുറവിലങ്ങാട്), കെ.സി. മാത്യു (മാഞ്ഞൂര്‍), തങ്കമണി ശശി (വെളിയന്നൂര്‍), മേഴ്‌സി ജയിംസ് (ഉഴവൂര്‍), മേരിക്കുട്ടി തോമസ് (കടപ്ലാമറ്റം), ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ സി.എം.ജോര്‍ജ്ജ്, ആന്‍സി ജോസ്, ലിസ്സി ബേബി, ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ പി.എല്‍. എബ്രഹാം, തോമസ് പുളിക്കല്‍, ലിസ്സി തോമസ്, സി.പി.രാഗിണി (മരങ്ങാട്ടുപള്ളി) എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
ഉഴവൂര്‍ ബ്ലോക്കില്‍ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ ഈ പ്രതിനിധികള്‍ തുടര്‍ന്നു നടത്താന്‍ തീരുമാനിച്ചിരുന്ന സമരപരിപാടികള്‍ താല്‍ക്കാലികമായി മാറ്റിവച്ചതായി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് തോമസ് ടി. കീപ്പുറം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."