മെഡിക്കല്‍ അത്യാഹിത ഡ്രോണുകള്‍ വികസിപ്പിച്ചു; എന്‍.ഐ.ടി വിദ്യാര്‍ഥികള്‍ക്ക് ദേശീയ അംഗീകാരം
മെഡിക്കല്‍ അത്യാഹിത ഡ്രോണുകള്‍ വികസിപ്പിച്ചു; എന്‍.ഐ.ടി വിദ്യാര്‍ഥികള്‍ക്ക് ദേശീയ അംഗീകാരം
കോഴിക്കോട്• ദേശീയ തലത്തിലുള്ള ഡ്രോണ്‍ വികസന മത്സരത്തില്‍ കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എയറോഅണ്‍വയര്‍ഡ് ക്ലബിന്റെ ഭാഗമായ ഒമ്പത് വിദ്യാര്‍ഥികളടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം.
മെഡിക്കല്‍ അത്യാഹിത ഘട്ടങ്ങളില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന ഡ്രോണ്‍ വികസിപ്പിച്ചാണ് എന്‍.ഐ.ടി.സി വിദ്യാര്‍ഥികള്‍ അഭിമാന നേട്ടം കരസ്ഥമാക്കിയത്.
സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്‌സ് (എസ്.എ.ഇ) ഇന്ത്യ ദേശീയ തലത്തില്‍ നടത്തിയ ഓട്ടോണമസ് ഡ്രോണ്‍ ഡെവലപ്‌മെന്റ് 2023 മത്സരത്തിലാണ് എന്‍.ഐ.ടി.സിയിലെ എയറോമോഡലിങ് ക്ലബിലെ വിദ്യാര്‍ഥികള്‍ മികച്ച ഡിസൈന്‍ റിപ്പോര്‍ട്ട് അവാര്‍ഡ് കരസ്ഥമാക്കിയത്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ കോളജുകളില്‍ നിന്നായി 42 ടീമുകള്‍ പങ്കെടുത്തു.
അടിയന്തര ഘട്ടങ്ങളില്‍ ആരോഗ്യരക്ഷാ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായുള്ള ഒരു സ്വയംനിയന്ത്രിത ഡ്രോണ്‍ ആണ് മത്സരത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി തങ്ങള്‍ വികസിപ്പിച്ചെടുത്തതെന്ന് ടീമംഗമായ ആയുഷ് സിങ് പറഞ്ഞു. മെഡിക്കല്‍ അത്യാഹിത ഘട്ടങ്ങളില്‍ ഒരു കിലോഗ്രാം വരെ ഭാരമുള്ള മെഡിക്കല്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് സ്വയം നിയന്ത്രണശേഷിയുള്ള ഡ്രോണ്‍ രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുക എന്നതായിരുന്നു എസ്.എ.ഇ നടത്തിയ മത്സരത്തിന്റെ ലക്ഷ്യം.
ഹിമാന്‍ഷു ദുഡി, സിറിയക് ജോയ്, നവീന്‍ സുനില്‍, കോമള്‍ സിംഗ്, ശ്യാം പ്രകാശ്, വേദാന്ത് ജാദവ്, എസ്.കെ അരുണ്‍, അനുരാഗ് ഭട്ട് എന്നിവരടങ്ങിയ ടീമാണ് മത്സരത്തില്‍ വിജയികളായത്. ഡ്രോണ്‍ വികസിപ്പിക്കുന്നതിന് മത്സരത്തിന്റെ സംഘാടകര്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതനുസരിച്ചാണ് വിദ്യാര്‍ഥികള്‍ ഡ്രോണ്‍ നിര്‍മിച്ചതെന്ന് അധ്യാപക കോഡിനേറ്റര്‍മാരായ എ.എം ശ്രീനാഥ്, ഡോ. ടി.ജെ.എസ് ജ്യോതി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."