പാർട്ടി ഘടനയിലും മാറ്റം വേണം സി.പി.െഎ സമ്മേളനത്തിൽ ഉന്നയിക്കാൻ കാനം വിരുദ്ധ പക്ഷം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • പ്രായപരിധി വിവാദത്തിനുപുറമെ പാർട്ടി ഘടനയിലും കാതലായ മാറ്റംവേണമെന്ന ആവശ്യം കാനംവിരുദ്ധ പക്ഷം സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ ഉന്നയിക്കും.
ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയാകാൻ കഴിയുന്നില്ലെന്ന ആരോപണത്തിനൊപ്പം നേതൃത്വത്തിന്റെ ഏകപക്ഷീയ ഇടപെടലിനെതിരേയും ജില്ലാ സമ്മേളനങ്ങളിൽ കടുത്ത വിമർശനമുയർന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പാർട്ടിഘടനയിൽ മാറ്റംവേണമെന്ന ആവശ്യം തിരുവനന്തപുരത്ത് 30ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ശക്തമായി ഉന്നയിക്കാൻ കാനംവിരുദ്ധ പക്ഷം തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന സെന്ററിന്റെ പ്രവർത്തനം ഒറ്റയാളിലേക്ക് ഒതുങ്ങിയെന്ന ആക്ഷേപത്തിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. ത്രിതല ഘടനയിൽ പ്രവർത്തിച്ചിരുന്ന പാർട്ടിക്ക് ഇപ്പോൾ സംസ്ഥാന കൗൺസിലും എക്‌സിക്യൂട്ടീവും മാത്രമാണുള്ളത്. അംഗങ്ങളുടെ എണ്ണക്കൂടുതൽ കാരണം അടിക്കടി യോഗം ചേരാനോ ഫലപ്രദമായ ചർച്ചയ്ക്കോ ഇടമില്ല. നേതൃത്വം അറിയിക്കുന്ന തീരുമാനം അംഗീകരിച്ച് മടങ്ങുന്ന ഈ പതിവിന് അപ്പുറം മുമ്പുണ്ടായിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തിരിച്ചു കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം.
എക്‌സിക്യൂട്ടീവിന് മുകളിൽ പത്തിൽ താഴെ അംഗങ്ങളുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് വേണമെന്ന ആവശ്യം സംസ്ഥാന സമ്മേളന വേദിയിൽ ശക്തമായി ഉയർന്നുവന്നേക്കും.
ആഴ്ചയിലൊരിക്കലെങ്കിലും സെക്രട്ടേറിയറ്റ് യോഗം ചേർന്നാൽ സംഘടനാപരമായും രാഷ്ട്രീയമായും നയരൂപീകരണത്തിന് ഇടംകിട്ടുമെന്നാണ് വാദം. അതേസമയം, കാനത്തിനെതിരേ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്ന് വിമത നേതാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു.
മൂന്നുതവണ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ. പ്രകാശ് ബാബുവിനെ ഇക്കാര്യം ചൂണ്ടിക്കാട്ടി വിമത വിഭാഗം വീണ്ടും സമീപിച്ചു. എന്നാൽ, അനുകൂല മറുപടി ഉണ്ടായില്ലെന്നാണ് സൂചന. പാർട്ടി കോൺഗ്രസിൽ ദേശീയ നിർവാഹക സമിതിയിൽ നിന്ന് കെ.ഇ ഇസ്മായിൽ ഒഴിയുമ്പോൾ പകരക്കാരനായി പ്രകാശ് ബാബുവിനെ കേരളത്തിൽ നിന്ന് നിർദേശിക്കാമെന്നാണ് കാനത്തിന്റെ വാഗ്ദാനം.
അതിനിടെ, പ്രകാശ് ബാബുവിന് പകരം വിമത വിഭാഗം ബിനോയ് വിശ്വത്തെയും സമീപിച്ചിട്ടുണ്ട്. മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ മറുപടി നൽകിയിട്ടില്ല.
ബിനോയ് വിശ്വം മത്സരരംഗത്തുണ്ടെങ്കിൽ ദേശീയ നേതൃത്വം അദ്ദേഹത്തിന് മുൻഗണന നൽകിയേക്കുമെന്നാണ് വിമത വിഭാഗത്തിന്റെ കണക്കുകൂട്ടൽ. ഇങ്ങനെയുണ്ടായാൽ കാനത്തിന് തിരിച്ചടിയാകും. മത്സരം ഒഴിവാക്കാൻ ഒരുപരിധിവരെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്നും വിമത വിഭാഗം കണക്കുകൂട്ടുന്നു.
വിമത വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് സംസ്ഥാന സമ്മേളനം പ്രായപരിധി കർശനമായി പാലിച്ചാൽ 81കാരനായ കെ.ഇ ഇസ്മായിൽ, 80കാരനായ സി. ദിവാകരൻ എന്നിവരെ കൂടാതെ മുതിർന്ന നേതാക്കളായ എ.കെ ചന്ദ്രൻ (76), എൻ അനിരുദ്ധൻ (79) എന്നിവർ സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്തായേക്കും.
മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രന് സാങ്കേതികമായി 76 വയസ് തികഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ യഥാർഥ പ്രായം 74 ആണെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇവരെക്കൂടാതെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുതിർന്ന നേതാവ് കെ.ആർ ചന്ദ്രമോഹനും ഒഴിവാകും. കൂടാതെ കഴിഞ്ഞവർഷം അന്തരിച്ച മുൻ ഡെപ്യൂട്ടി സ്പീക്കർ സി.എ കുര്യന്റെ സ്ഥാനവും സംസ്ഥാന കൗൺസിലിൽ ഒഴിഞ്ഞുകിടക്കുകയാണ്.
സി.പി.ഐ ഭരണഘടനയനുസരിച്ച് 20 ശതമാനം കമ്മിറ്റി അംഗങ്ങളെ മാറ്റിസ്ഥാപിക്കുന്ന സംവിധാനം നിലവിലുണ്ട്. ഇതോടെ 96 അംഗ കൗൺസിലിൽ 19 പേർ പുറത്തേക്കു പോകും. പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കിയാൽ പുതിയ കമ്മിറ്റിയിൽ 40 ശതമാനം 50 വയസിന് താഴെയുള്ളവരും 15 ശതമാനം സ്ത്രീകളും ഇടംനേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."