വൃത്തിയിലും പരിപാലനത്തിലും സമയനിഷ്ഠയിലും ഒന്നാമൻ; ദുബൈ മെട്രോയ്ക്ക് ഇന്ന് 14 വയസ്
വൃത്തിയിലും പരിപാലനത്തിലും സമയനിഷ്ഠയിലും ഒന്നാമൻ; ദുബൈ മെട്രോയ്ക്ക് ഇന്ന് 14 വയസ്
ദുബൈ: ദുബൈ നിവാസികളുടെ ജീവിതത്തിന്റെ മുഖച്ഛായ മാറ്റിയ ദുബൈ മെട്രോയ്ക്ക് ഇന്ന് 14 വയസ് തികയുന്നു. പ്രതിദിനം 1.7 ദശലക്ഷത്തിലധികം ആളുകൾ സഞ്ചരിക്കുന്ന മെട്രോ ലോകത്തിലെ തന്നെ വലിയ മെട്രോകളിലൊന്നാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതവും വൃത്തിയുള്ളതും എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ പൊതുഗതാഗത മാർഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത് ദുബൈ മെട്രോയെയാണ്. ട്രെയിനുകളുടെ കൃത്യനിഷ്ഠതയിലും പരിപാലനത്തിലും ദുബൈ മെട്രോയെ വെല്ലാൻ മറ്റൊന്നില്ലെന്നതാണ് വാസ്തവം.
ദുബൈയുടെ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ല് ആയ ദുബൈ മെട്രോ 2009 സെപ്തംബർ 9-നാണ് തുറന്നുകൊടുത്തത്. ചുവപ്പും പച്ചയും ലൈനുകളോടെ ദുബൈ നഗരത്തിന്റെ തന്നെ അടയാളമായി മാറിയ 14 വർഷങ്ങളാണ് പിന്നീട് കണ്ടത്. മെട്രോ ഒരു ഗതാഗത മാർഗ്ഗം എന്നതിലുപരിയായി താമസക്കാരെയും വിനോദസഞ്ചാരികളെയും ഗതാഗത പ്രശ്‌നങ്ങൾ, സമ്മർദ്ദം, സാമ്പത്തിക ബാധ്യതകൾ എന്നിവയിൽ നിന്ന് രക്ഷിക്കുന്ന ഒരു ജീവനാഡിയായി മാറിയിട്ടുണ്ട്.
ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ - https://www.rta.ae/wps/portal/rta/ae/public-transport/metro/about-metro) ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ദുബായ് മെട്രോ. പ്രതിദിനം 1.7 ദശലക്ഷത്തിലധികം ആളുകൾ മെട്രോയിൽ സഞ്ചരിക്കുന്നു. മെട്രോക്ക് 2 ലൈനുകളിലായി ആകെ 47 സ്റ്റേഷനുകൾ ആണ് ഉള്ളത്. മെട്രോ റെയിലുകളുടെ പരിപാലനത്തിനായി ആർ.ടി.എ ചെലവിട്ടത് 1.68 കോടി മണിക്കൂറാണ്. റെയിലുകൾ, തുരങ്കങ്ങൾ, ഗാരേജുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായാണ് ഈ സമയം ചെലവിട്ടത്. റെയിലുകൾ പരിശോധിക്കാനും കേടുപാടുകൾ കണ്ടെത്താനായി മെയിന്റനൻസ് ജീവനക്കാർ ഇതുവരെ കാൽനടയായി 30,000 കിലോമീറ്റർ ഇതുവരെ പിന്നിട്ടുകഴിഞ്ഞു.
സമയനിഷ്ഠയുടെ കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയാണ് ദുബൈ മെട്രോ. മെട്രോയുടെ സമയനിഷ്ഠ നിരക്ക് 99.9 ശതമാനം ആണ്. വൈകിയോടലും ട്രെയിൻ ക്യാൻസൽ ചെയ്യുന്നതും അപൂർവമാണ്. കഴിഞ്ഞ 14 വർഷത്തിനിടെ പത്തുലക്ഷം കിലോമീറ്റർ സഞ്ചാര ദൂരവും ദുബൈ മെട്രോ സഞ്ചരിച്ചു. അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങളെ പോലും പിന്നിലാക്കിയാണ് ദുബൈ മെട്രോയുടെ കുതിപ്പ്.
3,000 സി.സി.ടി.വി കാമറകൾ, സുരക്ഷ പരിശോധനക്കായി ഡ്രോൺ, യാത്രക്കാർക്കും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെല്ലാം പ്രത്യേക ആപ്പുകൾ, നൂതന സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ദുബൈ മെട്രോ യുഎഇയുടെയും ലോകത്തിന്റെയും അഭിമാനമായി ജൈത്രയാത്ര തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."