അഴിമതിക്കേസുകള്‍ എത്രകാലം അട്ടിമറിക്കാം?
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തുണ്ടായ മൂന്ന് പ്രധാനപ്പെട്ട കേസുകളും ഒത്തുതീര്‍പ്പാക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണെന്നു വേണം കരുതാന്‍. ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ കേസായിരുന്നു നയതന്ത്രകാര്യാലയം വഴിയുള്ള സ്വര്‍ണക്കടത്ത്. ഈ കേസില്‍ അന്നത്തെ മന്ത്രിയായിരുന്ന കെ.ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിനു വിധേയരായി. രണ്ടാമത്തെ കേസായിരുന്നു കൊടകര കുഴല്‍പ്പണക്കവര്‍ച്ചാ കേസ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയ കള്ളപ്പണത്തുകയിലെ ചെറിയൊരു ഭാഗമാണ് കൊടകരയില്‍ പിടിക്കപ്പെട്ടതെന്നും കേസില്‍ സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കു പങ്കുണ്ടെന്നും ആക്ഷേപമുയര്‍ന്നു. മൂന്നാമത്തെ അഴിമതിയാരോപണം സംസ്ഥാന വ്യപകമായി നടന്ന മരംമുറി. എന്നാല്‍ ഈ കേസുകളെല്ലാം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി തേച്ചുമായ്ച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും അവസാന സൂചനകളില്‍നിന്നു മനസിലാകുന്നത്.
ജൂലൈ അഞ്ചിനു സ്വര്‍ണ കള്ളക്കടത്തുകേസിന് ഒരു വര്‍ഷം തികഞ്ഞു. സ്വര്‍ണം കടത്തിയ ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തു എന്നതൊഴിച്ചാല്‍ ആര്‍ക്കുവേണ്ടി, എന്തിന് വേണ്ടി യു.എ.ഇ കോണ്‍സലേറ്റ് വഴി നയതന്ത്ര ബാഗേജില്‍ 30 കിലോ സ്വര്‍ണം കടത്തിയെന്ന ചോദ്യം ഉത്തരം കിട്ടാതെ ഇപ്പോഴും അവശേഷിക്കുകയാണ്. നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും ആരോപിക്കപ്പെട്ട കേസില്‍ അഞ്ച് കേന്ദ്ര ഏജന്‍സികളാണ് ഒരേസമയം അന്വേഷണത്തിനിറങ്ങിയത്. 53 പ്രതികള്‍ പിടിയിലായെങ്കിലും യു.എ.ഇ കോണ്‍സുലേറ്റ് വഴി കള്ളക്കടത്തിന് ചുക്കാന്‍ പിടിച്ച ബുദ്ധി ആരുടേതാണ്? സ്വര്‍ണം കയറ്റി അയച്ചവര്‍ ആരാണ്? എന്ന ചോദ്യങ്ങള്‍ക്കൊന്നും ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉത്തരമില്ല. കേസില്‍ പിടിക്കപ്പെട്ട സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായുള്ള ബന്ധം ചികഞ്ഞ് കേസന്വേഷണം ഒതുക്കുകയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കുറ്റപത്രം വൈകിയപ്പോള്‍ കസ്റ്റംസ് കേസില്‍ ഭൂരിഭാഗം പ്രതികളും ജാമ്യത്തിലിറങ്ങി. എന്‍.ഐ.എ കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളെല്ലാം മാപ്പുസാക്ഷികളുമായി.
ഇതേ അട്ടിമറി തന്നെയാണ് കൊടകര കുഴല്‍പ്പണ കേസിലും സംഭവിച്ചിരിക്കുന്നത്. കൊടകര കുഴല്‍പ്പണ കേസിലെ പ്രധാന പ്രതികളെല്ലാം ഇപ്പോഴും പുറത്താണ്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും കണ്ടെത്തണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ അവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ കേസില്‍ നിഗൂഢമായ പലതും പുറത്തുവരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. അതെല്ലാം എപ്പോള്‍, എന്ന് പുറത്തുവരുമെന്ന് ആര്‍ക്കറിയാം. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കു പങ്കുണ്ടെന്ന ആരോപണം തണുപ്പിക്കാനായിരിക്കാം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാനെന്ന പേരില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഏതാനും മണിക്കൂര്‍ നേരത്തേക്ക് വിളിപ്പിച്ചിട്ടുണ്ടാവുക. കോഴക്കേസുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഭീഷണിയുടെ സ്വരത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയും സര്‍ക്കാരിന്റെ നെഞ്ചത്തുകൊണ്ടു എന്നു വേണം കരുതാന്‍. കെ. സുരേന്ദ്രനെ കേസില്‍ കുടുക്കാനാണ് ഭാവമെങ്കില്‍ സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി കള്ളപ്പണ കേസില്‍ തങ്ങളുടെ കൈയിലാണെന്ന് മറക്കേണ്ട എന്ന കുമ്മനത്തിന്റെ ഭീഷണി ഏറ്റു എന്നു വേണം കരുതാന്‍. കെ. സുരേന്ദ്രന്‍ ഇനി തുടര്‍അന്വേഷണത്തിന് ഹാജരാകേണ്ട എന്നാണ് അന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്. അമ്പു കൊള്ളാത്തവരില്ല ഗുരുക്കളില്‍ എന്നു പറഞ്ഞതുപോലെ കള്ളപ്പണ ഇടപാടില്‍ സി.പി.എമ്മും ബി.ജെ.പിയും ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് സാരം. അപ്പോള്‍ രണ്ടുകൂട്ടര്‍ക്കും ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നു. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇതോടെ കെ. സുരേന്ദ്രന്‍ സി.കെ ജാനുവിന് എന്‍.ഡി.എയുടെ ഘടകകക്ഷിയാകാനും സ്ഥാനാര്‍ഥിയാകാനുമായി ലക്ഷങ്ങള്‍ കോഴ നല്‍കിയെന്ന ജാനുവിന്റെ പാര്‍ട്ടിയിലെ തന്നെ നേതാവിന്റെ ആരോപണവും വിസ്മൃതിയില്‍ വിലയം കൊള്ളുമെന്നു കരുതാം. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായിട്ടായിരിക്കാം സ്വര്‍ണക്കടത്ത് കേസും കൊടകര കുഴല്‍പ്പണ കേസും തേഞ്ഞുമാഞ്ഞു കൊണ്ടിരിക്കുന്നതെങ്കില്‍, മരം മാഫിയയോട് സന്ധി ചെയ്താണ് മരം കൊള്ളക്കേസുകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നത്.
മരംമുറിക്കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയത് ഇതിന്റെ ഭാഗമാണ്. ഇവര്‍ക്കെതിരെ അന്വേഷണവുമായി മുന്‍പോട്ടുപോയാല്‍ മരംമുറിക്കാന്‍ ഉത്തരവ് നല്‍കിയ സി.പി.ഐ മന്ത്രിമാര്‍ക്കു നേരെയും പിന്തുണ നല്‍കിയ മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെയും അന്വേഷണം നീളുമെന്ന് കരുതിയാണ് മരംമാഫിയയോട് ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത്. മാഫിയകള്‍ മരംവെട്ടി വെളുപ്പിച്ചതിനെ തുടര്‍ന്നു സര്‍ക്കാരിനുണ്ടായ 15 കോടിയുടെ നഷ്ടം എഴുതിത്തള്ളാനാണ് നീക്കം. സി.പി.ഐ ഇതുവരെ പറഞ്ഞു പോന്നിരുന്ന പരിസ്ഥിതി സംരക്ഷണവും പ്രകൃതി സ്‌നേഹവും അവരുടെ പുറംപൂച്ച് മാത്രമായിരുന്നുവെന്നും അഴിമതി നടത്താനായി പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള അടവ് മാത്രമായിരുന്നുവെന്നും സംസ്ഥാന വ്യാപകമായി നടന്ന മരംമുറിയോടെ ബോധ്യപ്പെട്ടു.
മരംമുറിയുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും റദ്ദാക്കുന്നതോടെ മരം കടത്തിയ മാഫിയകളും കേസില്‍ നിന്നു രക്ഷപ്പെടും. മുട്ടില്‍ മരംമുറി കൊള്ളയുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുനല്‍കിയ റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വിസ് എന്‍ട്രി സര്‍ക്കാര്‍ റദ്ദാക്കിയതും വയനാട് മണിക്കുന്നുമലയിലെ മരംമുറി സംബന്ധിച്ചു വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയ ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വനം മേധാവിയുടെ ശുപാര്‍ശയും ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നു പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ അവിശ്വസനീയമാണ്.
എം.ശിവശങ്കര്‍ സ്വപ്ന സുരേഷിന് കരാര്‍ അടിസ്ഥാനത്തില്‍ ജോലിനല്‍കിയത് അറിയില്ലെന്ന് അന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇപ്പോഴും ഒന്നും അറിയില്ലെന്നു പറയുന്നത്. കൊവിഡിനെ മറയാക്കിയാണ് സര്‍ക്കാര്‍ സ്വര്‍ണ കള്ളക്കടത്ത് കേസും കൊടകര കുഴല്‍പ്പണ കേസും ഏറ്റവും ഒടുവില്‍ മരംമുറി കേസും അട്ടിമറിച്ചത്. തെരുവില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷം വരില്ല. കിറ്റു കൊടുക്കുന്നതിനാല്‍ പൊതുജനത്തില്‍നിന്നു കാര്യമായ എതിര്‍പ്പുണ്ടാവില്ല. ഈ അനുകൂല സാഹചര്യങ്ങളാണ് അഴിമതി കേസുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാരിന് സഹായകരമാകുന്നത്. എത്രകാലം പൊതുസമൂഹത്തെ വഞ്ചിച്ചുകൊണ്ട് സര്‍ക്കാരിന് ഇങ്ങനെ മുന്‍പോട്ടു പോകാനാകും?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."