അറഫയില്‍ ഒത്തൊരുമയുടെ മഹാസംഗമം; ആത്മനിര്‍വൃതിയില്‍ ഹജ്ജ് തീര്‍ഥാടകര്‍
അറഫാത്ത്: ആഗോള സാഹോദര്യത്തിന്റെ വിളംബരവുമായി തീർത്ഥാടകർ അറഫയിൽ സമ്മേളിച്ചു. വർണ്ണ, ഭാഷാ, പ്രദേശ, അറബി, അനറബി വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന ഏറ്റവും വലിയ സന്ദേശം നൽകിയാണ് അറഫ സംഗമം സമാപിച്ചത്. മിനായിൽ നിന്നും തിങ്കളാഴ്ച്ച സുബ്ഹിയോടെ അറഫാത്ത് മൈതാനിയെ ലക്ഷ്യമാക്കി ഹാജിമാർ നീങ്ങിയിരുന്നു. ഉച്ചയോടെ തന്നെ ഏകദേശം ഹാജിമാരെല്ലാം അറഫയിൽ എത്തിച്ചേർന്നത്തോടെ അറഫാത്ത് നഗരി സംഗമത്തിന് സജ്ജമായി.
ദുഹ്ർ നിസ്‌കാരത്തോടെ ആരംഭിച്ച അറഫ സംഗമ ചടങ്ങുകൾ വൈകീട്ട് സൂര്യാസ്തമനത്തോടെയാണ് സമാപിച്ചത്. ദുഹ്ർ ബാങ്കിന് ശേഷം ആരംഭിച്ച അറഫ സംഗമത്തിന് നമിറ മസ്‌ജിദിൽ മുതിർന്ന പണ്ഡിത കൗൺസിൽ അംഗവും മസ്ജിദുൽ ഹറാമിലെ ഇമാമുമായ ഡോ: ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല പ്രവാചകന്റെ അറഫ പ്രസംഗത്തെ അനുസ്‌മരിച്ചു ഖുതുബ നിർവ്വഹിച്ചു.
Now: Hujjaj at Jabal Ar Rahma#Hajj pic.twitter.com/4c1oRvdlCh
— Haramain Sharifain (@hsharifain) July 19, 2021
ലോകത്തുള്ള മുഴുവൻ മനുഷ്യരോടും ജീവജാലങ്ങളോടും നന്മ ചെയ്യണമെന്ന് അറഫ പ്രസംഗത്തിൽ ശൈഖ് ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല ആഹ്വാനം ചെയ്തു. ദൈവീക തീരുമാനം അനിവാര്യമായും നടപ്പാക്കപ്പെടും. അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തിന്റെ കാര്യത്തിൽ നാം നന്ദി കാണിക്കണമെന്നും പ്രപഞ്ചത്തെ മുഴുവൻ അല്ലാഹു നമുക്ക് കീഴ്‌പ്പെടുത്തി തന്നിട്ടുണ്ടെന്നും ഉണർത്തിയ ശൈഖ് ബന്ദർ, അല്ലാഹുവിനെ മറന്ന് ഈ ഭൂമിയിൽ നാം ജീവിച്ചുകൂടെന്നും ഏറ്റവും നല്ല സൃഷ്ടിപ്പ് നൽകിയ അല്ലാഹുവിനെ സ്മരിക്കണമെന്നും അല്ലാഹുവിനോട് സദാസമയവും നന്ദിയുള്ളവരാകണമെന്നും അറഫ ഖുതുബയിൽ ആഹ്വാനം ചെയ്‌തു.
ഓരോ മനുഷ്യന്റെയും മാതൃരാജ്യം വിശുദ്ധമാണ്. ആ രാജ്യത്തിന്റെ വിശുദ്ധത കാത്തുസൂക്ഷിക്കാൻ ആ രാജ്യത്തെ വിശ്വാസിക്ക് ബാധ്യതയുണ്ട്. ഭരണകൂടത്തിനെതിരെ കലാപങ്ങൾ ഉണ്ടാക്കി അസ്ഥിരപ്പെടുത്തരുത്. രാജ്യത്തെ നാശങ്ങളിൽനിന്നും കലഹങ്ങളിൽനിന്നും രക്ഷിക്കേണ്ട ബാധ്യത വിശ്വാസിക്കുണ്ടെന്നും പരിസ്ഥിതിയോടും നന്മ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജീവജാലങ്ങളോട് വരെ നന്മ ചെയ്യണം. ഒരു നന്മ ചെയ്താൽ പത്തിരിട്ടിയായി അല്ലാഹു തിരിച്ച് നന്മ ചെയ്യുമെന്ന കാര്യം ഓർക്കണമെന്നും പശ്ചാതാപത്തിന്റെ വാതിൽ തുറന്നുതരുമെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. പ്രവാചകൻ അറഫയിൽ നടത്തിയ പ്രസംഗത്തിലെ ആശയങ്ങൾക്ക് ഊന്നൽ നൽകിയാണ് ഖുതുബ നിർവ്വഹിച്ചത്.
അറഫയിൽ നിന്ന് സൂര്യാസ്തമനത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാർ ഇവിടെ നിന്നും കല്ലേറ് കർമ്മങ്ങൾക്ക് ആവശ്യമായ കല്ലുകൾ ശേഖരിച്ചു. ചൊവ്വ പുലർച്ചെ മിനായിലേക്ക് നീങ്ങും. അവിടെ നിന്ന് പിശാചിന്റെ സ്‌തൂപങ്ങളിലെ ജംറതുൽ അഖബയിൽ കല്ലേറ് പൂർത്തിയാക്കി തല മുണ്ഡനം ചെയ്തു ഹജ്ജ് വസ്‌ത്രമായ ഇഹ്‌റാം വസ്‌ത്രം മാറും. തുടർന്ന് ത്വവാഫ് ചെയ്യാനായി മക്കയിലേക്ക് തന്നെ നീങ്ങും. പിന്നീട് സ്വഫാ മാർവ്വക്കിടയിൽ സഅയ് ചെയ്യുന്ന ഹാജിമാർ വീണ്ടും മിനയിലേക്ക് തന്നെ തിരിച്ചു പോകും. തുടർന്ന് മിനായിൽ രാപാർക്കുകയും അയ്യാമുത്തശ്‍രീഖിന്റെ മൂന്നു ദിവസങ്ങളിൽ ഏഴ് വീതം കല്ലെറിയുകയും ചെയ്യുന്നതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് പൂർണ്ണ പരിസമാപ്‌തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."