മോക് ടെസ്റ്റ് ഇന്ന്, ഉദ്ഘാടനം അടുത്തമാസം മലബാറിലെ ആദ്യ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഒരുങ്ങി
കോഴിക്കോട്: മലബാറിലെ ആദ്യ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് ഒരുങ്ങി. സെന്ററിലെ മോക് ടെസ്റ്റ് ഇന്നു നടക്കും. സെന്ററിന്റെ പ്രവര്‍ത്തനം വിലയിരുത്താനായി പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഇന്ന് കോഴിക്കോട്ടെത്തുന്നുണ്ട്.
സിവില്‍സ്റ്റേഷന്‍ പി.എസ്.സി ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന പരീക്ഷാ കേന്ദ്രത്തിലാണ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം അടുത്തമാസം ആദ്യത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. മലബാറിലെയും ഉത്തരകേരളത്തിലെയും ഉദ്യോഗാര്‍ഥികള്‍ക്ക് സെന്റര്‍ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിട നിര്‍മാണ പ്രവൃത്തികളും അനുബന്ധ കാര്യങ്ങളും നേരത്തേ പൂര്‍ത്തിയായിരുന്നു. കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് കോഴിക്കോട് സെന്ററിന്റെ പ്രാരംഭപ്രവൃത്തികള്‍ക്ക് തുടക്കമായത്.
സംസ്ഥാനത്തെ പി.എസ്.സിയുടെ നാലാമത് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമാണ് കോഴിക്കോട്ടേത്. നേരത്തേ തുടങ്ങിയ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഇപ്പോള്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരികയാണ്.
ഒരേസമയം 321പേര്‍ക്ക് പരീക്ഷയെഴുതാവുന്ന കേന്ദ്രമാണ് കോഴിക്കോട്ട് വിഭാവനം ചെയ്തിരിക്കുന്നത്. ഇതു സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേസമയം പരീക്ഷയെഴുതാന്‍ കഴിയുന്ന സെന്ററാകും. 4.81 കോടിയാണു പദ്ധതിയുടെ ആകെ തുകയായി കണക്കാക്കുന്നത്. കെല്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല.
ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തനം തുടങ്ങിയ മൂന്നു കേന്ദ്രങ്ങളിലും നിലവില്‍ പരീക്ഷകള്‍ നടന്നുവരുന്നുണ്ട്. ഇപ്പോള്‍ 500ല്‍ താഴെ അപേക്ഷകരുള്ള തസ്തികകള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ കഴിയൂ. കോഴിക്കോട് കേന്ദ്രം വരുന്നതോടെ ഇത് 860ഓളം പേര്‍ക്കായി ഉയര്‍ത്താന്‍ കഴിയും. കൂടാതെ ഓണ്‍ലൈന്‍ പരീക്ഷകളുടെ എണ്ണം കൂട്ടാനും അതുവഴി പി.എസ്.സി പരീക്ഷാ ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കും. പരീക്ഷാ തിയതി മുതല്‍ 30 ദിവസത്തിനകം ചുരുക്കപ്പട്ടികയും റാങ്കുപട്ടികയും പ്രസിദ്ധീകരിക്കാനും തുടര്‍നടപടികള്‍ വേഗത്തിലാക്കാനും കഴിയും. നേരത്തേ ചെറിയ പരീക്ഷകള്‍ അനന്തമായി നീളുന്നതു പതിവായിരുന്നു. ചോദ്യങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്താനായി ജാഗ്രതാപൂര്‍വമായ മുന്‍കരുതലോടെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നത്.
പി.എസ്.സി നടത്തിവരുന്ന ഒ.എം.ആര്‍ പരീക്ഷയില്‍ ഒരു തവണ ഉത്തരം ബബ്ള്‍ ചെയ്താല്‍ അത് അന്തിമമായാണു പരിഗണിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ നിശ്ചിത സമയത്തിനുള്ളില്‍ ഏത് ഉത്തരവും എത്ര തവണ വേണമെങ്കിലും മാറ്റാം. 12 ഉദ്യോഗാര്‍ഥികളെ നിരീക്ഷിക്കാനായി ഒരു ഇന്‍വിജിലേറ്ററെയാണ് നിയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."