ഇനിയില്ല 'കോടിയേരിയിസം'
ടി.കെ തേജസ്വിനി
മാഞ്ഞത് സി.പി.എമ്മിന്റെ സൗമ്യമുഖമാണ്. കോടിയേരി ബാലകൃഷ്ണന് പകരക്കാരായി പലരുമുണ്ടെങ്കിലും അവർക്കാർക്കും 'കോടിയേരിയിസം' ഇല്ലെന്നതായിരിക്കും ഇനി സി.പി.എം നേരിടുന്ന വെല്ലുവിളി. അതാണ് ആ ജീവിതം കാട്ടിത്തരുന്നതും. പാർട്ടി സംവിധാനത്തെ ഉണർവോടെ നിർത്താനുള്ള പാടവം കോടിയേരിയുടെ പ്രത്യേകതയായിരുന്നു. പാർട്ടിയിൽ വിഭാഗീയതയുടെ കനൽ എരിഞ്ഞപ്പോഴും കോടിയേരിയുടെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല. വി.എസും പിണറായിയും രണ്ടു ഭാഗങ്ങളിൽ നിന്നപ്പോൾ മധ്യസ്ഥന്റെ റോളിലായിരുന്നു അദ്ദേഹം. 2006ലായിരുന്നു വി.എസും പിണറായിയും വിഭാഗീയതയുടെ ഇരുചേരികളിൽ ശക്തമായി നിലയുറപ്പിച്ചിരുന്നത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി. ഈ നയചാതുര്യം തന്നെയാണ് 16 വർഷം പിണറായി ഇരുന്ന സെക്രട്ടറി കസേരയിൽ ഇരിക്കാൻ കോടിയേരിയെ പാർട്ടി ചുമതലപ്പെടുത്തിയതും.
പാർലമെന്ററി പ്രവർത്തനത്തോടു വിടപറഞ്ഞ് പിന്നെ സംഘടനാ നേതൃത്വത്തിൽ പൂർണശ്രദ്ധ. സി.പി.എമ്മിന്റെ മുഖത്ത് പുഞ്ചിരി പടർന്ന ഒരു കാലഘട്ടത്തിന്റെ തുടക്കമെന്ന് മാധ്യമങ്ങൾ വാഴ്ത്തി. പ്രത്യയശാസ്ത്ര കരുത്തിലും ഇത്ര സൗമ്യമായി സെക്രട്ടറി പദം അലങ്കരിക്കാനാകുമെന്ന് കോടിയേരി കാട്ടിക്കൊടുത്തു. രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് ഈ ഈ നേതാവിനെ തേടിയെത്തി. പിണറായി മുഖ്യമന്ത്രി സ്ഥാനത്തു തുടർന്നപ്പോൾ കോടിയേരി സെക്രട്ടറി സ്ഥാനത്ത് മൂന്നാമൂഴത്തിലേക്ക് കടന്നു. അനാരോഗ്യം കീഴടക്കുംവരെ അമരത്ത് തുടർന്നു.
പാർട്ടിയിലെ വിഭാഗീയതയിൽ മാത്രമല്ല കോടിയേരി ഇടനിലക്കാരനായത്. വി.എസ് സർക്കാരിന്റെ കാലത്ത് സി.പി.ഐയുമായുള്ള ബന്ധം തീർത്തും വഷളായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരസ്യമായി കൊമ്പുകോർത്തപ്പോൾ രംഗം ശാന്തമാക്കിയത് കോടിയേരിയുടെ ഇടപെടലുകളാണ്.
രാഷ്ട്രീയത്തിൽ പാടത്തു പണി തന്നാൽ വരമ്പത്തു കൂലി എന്ന പയ്യന്നൂർ പ്രസംഗത്തിൽ അദ്ദേഹം ഉറച്ചുനിന്നു. 'പാർട്ടി പ്രവർത്തകരെ ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ വന്നയാൾ വന്നതുപോലെ തിരിച്ചുപോകാൻ പാടില്ല. പ്രതിരോധിക്കണം. തിരിച്ച് അങ്ങോട്ട് ആക്രമിക്കാൻ പോകണം എന്നല്ല ഞാൻ പറഞ്ഞത്. നമ്മളെ ഒരു ഈച്ച കുത്താൻ വന്നാൽ ആ ഇച്ചയെ തട്ടിക്കളയില്ലേ?'ഫലിതവും കാർക്കശ്യവും കലർന്ന 'കോടിയേരിയിസം' അണികളിലേക്ക് ആഴ്ന്നിറങ്ങാൻ പോന്നതായിരുന്നു.
ഭരണത്തിലും അതികായൻ
പാർട്ടിയിൽ വിഭാഗീയത കൊടികുത്തി വാഴുന്ന കാലത്ത് നടന്ന തെരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫ് അധികാരത്തിൽ വരുന്നത്. വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രി സ്ഥാനം. മുഖ്യമന്ത്രിയിൽ നിന്ന് ആഭ്യന്തര വകുപ്പ് എടുത്തുമാറ്റി കോടിയേരിക്ക് നൽകിയതോടെ ഭരണത്തിൽ 'ഒന്നാമനായി' കോടിയേരി. പാർട്ടി ഏൽപ്പിച്ച ആഭ്യന്തരം കോടിയേരിയുടെ കൈകളിൽ സുരക്ഷിതവുമായിരുന്നു.
കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിമാരിൽ ഒരാളായിരുന്നു അദ്ദേഹം. പൊലിസ് സേനയിൽ ആധുനികവൽക്കരണം നടന്നതും സ്റ്റുഡന്റ് പൊലിസ് രൂപീകരിച്ചതടക്കമുള്ള പുതിയ തുടക്കങ്ങൾ നടന്നത് കോടിയേരിയുടെ കാലത്താണ്. സർക്കാരിനു തലവേദനയാകുന്ന പൊലിസ് നയത്തെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കോടിയേരി പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോയി. ആ നയത്തിന്റെ പേരിൽ പാർട്ടിക്കു തലകുനിക്കേണ്ടിവന്നില്ല. ബീമാപ്പള്ളിയിൽ ഉണ്ടായ സാമുദായിക സംഘർഷം വെടിവയ്പ്പിൽ കലാശിച്ചപ്പോഴും അതു ആ മേഖലയിൽ മാത്രം ഒതുക്കിനിർത്താൻ കോടിയേരിയുടെ നേതൃത്വത്തിനായി.
കുടുംബ സ്‌നേഹി
രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നപ്പോഴും കുടുംബം കോടിയേരിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. അതിനാൽ തന്നെ കുടുംബവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും അദ്ദേഹത്തെ ഉലച്ചിരുന്നു. മക്കളുടെ പേരിലുള്ള വിവാദങ്ങളും മകന്റെ അറസ്റ്റുമായിരുന്നു ഇതിൽ മുഖ്യം. 1953ൽ കോടിയേരി മൊട്ടമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിൻ്റെയും നാരായണി അമ്മയുടെയും ഇളയമകനായിട്ടായിരുന്നു ജനനം. ആറാം വയസിൽ അച്ഛൻ മരിച്ചു. പിന്നെ അമ്മയും നാലു സഹോദരിമാരുടെയും ഒപ്പമുള്ള ജീവിതം. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ദിവസമായിരുന്നു കോടിയേരിയുടെ വിവാഹം. കല്യാണ സ്ഥലത്തുനിന്ന് സമ്മേളന നഗരിയിലേക്കുപോയ കോടിയേരി പിറ്റേന്നാണ് മടങ്ങിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."