ചേരി മറച്ചുകെട്ടിയാൽ ദാരിദ്ര്യം മായുമോ?
യു.എം.മുഖ്താർ
ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്തെ നിരവധി ചേരികള്‍ അപ്രത്യക്ഷമായി എന്നാണ് ഉച്ചകോടി തുടങ്ങുന്ന ദിവസം (സെപ്റ്റംബര്‍ 8) ജപ്പാന്‍ ടൈംസില്‍ വന്ന വാര്‍ത്ത. ഉച്ചകോടിക്ക് ചുവന്ന പരവതാനി വിരിച്ചപ്പോള്‍ ദരിദ്രരുടെ ദുരവസ്ഥയില്‍ ഡല്‍ഹി തിളങ്ങുന്നു (ദി ഗാര്‍ഡിയന്‍), ഉച്ചകോടിക്കായി മോദി ന്യൂഡല്‍ഹിയിലെ ദാരിദ്ര്യം താല്‍ക്കാലികമായി ഇല്ലാതാക്കുന്നു (ഫ്രാന്‍സിലെ ലെമോന്‍ദെ), ലോകനേതാക്കളെ വരവേല്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത് വീടുകള്‍ ബുള്‍ഡോസര്‍ ചെയ്ത് (എന്‍.ബി.സി), ചേരികള്‍ക്കും കുരങ്ങുകള്‍ക്കും ശേഷം ഡല്‍ഹിയില്‍നിന്ന് തെരുവ് നായ്ക്കളെയും നീക്കം ചെയ്യുന്നു (റോയിട്ടേഴ്‌സ്),
ഉച്ചകോടിക്കുമുമ്പ് ഡല്‍ഹിയിലെ ചേരികള്‍ നിരപ്പാക്കിയത് ഇങ്ങനെ(ബംഗ്ലാദേശിലെ ഡെയ്‌ലിസ്റ്റാര്‍), ഉച്ചകോടിക്ക് ഇന്ത്യന്‍ തലസ്ഥാനം മാറിക്കൊണ്ടിരിക്കുമ്പോള്‍ ജീവിതം ഇല്ലാതായെന്ന് പാവങ്ങള്‍ (അല്‍ജസീറ). ഒന്നുകൂടി കടുപ്പമേറിയ സി.എന്‍.എന്നിലെ തലക്കെട്ട് ഇങ്ങനെ: ആഗോള ദരിദ്രര്‍ക്കുവേണ്ടി വാദിക്കുന്ന ഇന്ത്യ ഉച്ചകോടിക്ക് മുന്നോടിയായി ചേരികളെല്ലാം ഒഴിപ്പിച്ചു!
ഇങ്ങനെ ഇന്ത്യയിലെ ദാരിദ്ര്യം മറച്ചുവയ്ക്കണോ ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി20 ഉച്ചകോടിക്ക് ആതിഥ്യമരുളാന്‍? ആവശ്യമില്ലെന്നാണ് ഉത്തരം. കാരണം, ഇന്ത്യയിലേക്ക് വിരുന്നിനെത്തുന്നവര്‍ അന്യഗ്രഹങ്ങളില്‍നിന്ന് വരുന്നവരല്ല. മുകളിലെ പ്രശസ്ത മാധ്യമങ്ങള്‍ കണ്ടും അവലോകനങ്ങൾ വായിച്ചും തന്നെയാണ് വരവ്. ഇന്ത്യയിലെ ഏഴുശതമാനം ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് അവര്‍ക്കറിയാം. ലോകത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്ന് സ്ഥിതിചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയിലാണെന്നും 2.39 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ ദശലക്ഷം മനുഷ്യര്‍ തിങ്ങിക്കൂടി താമസിക്കുകയാണെന്നും ഇവര്‍ക്കെല്ലാം അറിയേണ്ടതാണ്. പൊതുവിജ്ഞാനം ഇല്ലാത്തവരല്ലല്ലോ ലോക നേതാക്കള്‍.
ഉച്ചകോടിയുടെ പേര് പറഞ്ഞ് ഡല്‍ഹിയിലെയും വിവിധ വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ നടന്ന മുംബൈ, കൊല്‍ക്കത്ത, നാഗ്പുര്‍, ഇന്‍ഡോര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലെയും വിവിധ ചേരികളാണ് മറച്ചത്. കൂടാതെ, ഇവിടങ്ങളിലുള്ള നിരവധി പേരെ പുറത്താക്കി. ഡല്‍ഹിയില്‍ യമുന ബാങ്ക്, തുഗ്ലക്കാബാദ്, മെഹ്‌റൗളി, ഗിയാസ്പുര്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളും ബുള്‍ഡോസര്‍കൊണ്ട് നിലംപരിശാക്കി. യമുനാ തീരത്തെ ബേല എസ്‌റ്റേറ്റിലുണ്ടായിരുന്നവരെ മൂന്നുമണിക്കുര്‍ മുമ്പ് മാത്രം നോട്ടിസ് നല്‍കി ഒഴിപ്പിച്ചു. രാജ്യത്താകെ മൂന്ന് ലക്ഷത്തോളം ആളുകളെ ചേരികളില്‍നിന്ന് പുറത്താക്കിയെന്നും ഡല്‍ഹിയില്‍മാത്രം ഇരുപത്തഞ്ചോളം ചേരികളില്‍നിന്ന് പതിനായിരങ്ങളെ പുറത്താക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യതലസ്ഥാന മേഖല(എന്‍.സി.ആര്‍)യിൽ ഉള്‍പ്പെടുന്ന നോയിഡയിലെ ചേരികള്‍ ഇരുമ്പ് ഗ്രില്ലിട്ടശേഷം വലിയ ഷീറ്റുകള്‍കൊണ്ടാണ് മറച്ചത്. അവിടെ സൗന്ദര്യവല്‍ക്കരണത്തിനായി നൂറുകണക്കിന് പേരെ ഒഴിപ്പിച്ചു. ഇങ്ങനെ കൊട്ടിയടക്കുന്നതോടെ ചേരികളില്‍ കഴിയുന്ന ഒരുപറ്റം ദരിദ്രമനുഷ്യരുടെ കച്ചവടവും റിക്ഷാവണ്ടി ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള ജീവിതമാര്‍ഗങ്ങളുമാണ് സര്‍ക്കാര്‍ തടഞ്ഞുവയ്ക്കുന്നത്. ഒറ്റരാത്രികൊണ്ടാണ് ചേരി പ്രദേശങ്ങള്‍ക്ക് മുന്നില്‍ ഷീറ്റുകള്‍ ഉയര്‍ന്നതെന്നും ഇരുട്ടിവെളുത്തപ്പോള്‍ ഇവിടെയാകെ ഷീറ്റുകൊണ്ട് മറച്ചു എന്നുമാണ് ചേരിയിലെ ഒരാള്‍ പറഞ്ഞത്.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇങ്ങനെയൊരു ശുചിത്വ പരിപാടി ഞങ്ങള്‍ കണ്ടിട്ടില്ലെന്നാണ് മുംബൈ കോര്‍പറേഷന്‍ പരിധിയിലെ പച്ചക്കറി കച്ചവടക്കാരനായ മുഹമ്മദ് റബ്ബാന്‍ പറഞ്ഞത്. കശ്മീര്‍ ഗേറ്റ്, കൊണാട്ട് പ്ലേസ് എന്നിവിടങ്ങളിലെ യാചകരെ മുഴുവനായി ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡിന് കീഴിലുള്ള അഭയകേന്ദ്രങ്ങളിലേക്കും മാറ്റി.
ജി20 ഉച്ചകോടിയെന്നോ മറ്റോ കേള്‍ക്കാത്ത, സൂര്യനുദിക്കുന്നത് ഞങ്ങള്‍ക്ക് ജോലിക്ക് പോകാനാണെന്ന് മാത്രം കരുതുന്ന കുറേ മനുഷ്യരെയാണ് ഭരണകൂടം കവറിട്ട് മൂടിയത്. ചേരികളിലൊരാൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്; ഞങ്ങളെ ഒഴിപ്പിച്ച്, പ്രദേശത്താകെ കാടുകളുടെ ചിത്രമുള്ള ഭീമന്‍ ഫ്‌ലെക്‌സ് ബോര്‍ഡ് വച്ചപ്പോഴാണ് ഏതോ വലിയ ആളുകള്‍ വരുന്നുണ്ടെന്ന് അറിഞ്ഞതെന്നാണ്. ആ പാവം കരുതിയത്, അയാളുടെ ചേരിയിലേക്ക് ആരോ വരുന്നുണ്ടെന്നാണ്. ഈ അനീതിയാകട്ടെ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അത്ര വാര്‍ത്തയാക്കിയതുമില്ല.
വിദേശമാധ്യമങ്ങളും ദി വയര്‍ പോലുള്ള സമാന്തര ഇന്ത്യന്‍ മാധ്യമങ്ങളുമാണ് പ്രധാനമായും ഇത് പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചത്. അതേസമയം, ഡല്‍ഹിയിലെ ചേരി കൊട്ടിയടക്കുന്നു എന്ന പേരില്‍ മുംബൈയിലെ ചേരി അടച്ച ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോള്‍ ഫാക്ട് ചെക്ക് ചെയ്യാന്‍ ദേശീയമാധ്യമങ്ങളും മലയാള മാധ്യമങ്ങളും മുന്നോട്ടുവരികയും ചെയ്തു.
ഉച്ചകോടി സമയത്ത് ഇന്ത്യയിലെ ചേരി വാര്‍ത്തയായത് അവ മൂടിയിട്ടതുകൊണ്ടാണ്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ചേരികള്‍ വാര്‍ത്തയാകുമായിരുന്നില്ല.
കാരണം യു.എസിലും ബ്രിട്ടനിലും മാത്രമല്ല ഇതിന് മുമ്പ് ജി20 നേതാക്കള്‍ ഒന്നിച്ചിരുന്നത്. ദക്ഷിണ കൊറിയയിലും (2010) മെക്‌സിക്കോയിലും (2012) ചൈനയിലും (2016) അര്‍ജന്റീനയിലും (2018) കഴിഞ്ഞതവണ ഇന്തോനേഷ്യയിലും നടന്നു. സമ്പൂര്‍ണ ദാരിദ്ര്യമുക്ത രാജ്യങ്ങളല്ല ഇവയൊന്നും. എന്നാല്‍, സമ്പന്ന രാഷ്ട്രനേതാക്കള്‍ വരുന്നുവെന്ന കാരണംകൊണ്ട്, അപകര്‍ഷതാബോധം കൊണ്ട് ഇവരാരും ചേരി ഒഴിപ്പിക്കുകയോ ദരിദ്രമനുഷ്യരെ മറച്ചുപിടിക്കുകയോ ചെയ്തിരുന്നില്ല.
അടുത്ത ജി20 ബ്രസീലിലാണ്. 2025ല്‍ ദക്ഷിണാഫ്രിക്കയിലും നടക്കും. പട്ടിണിപ്പാവങ്ങളുള്ള നാടാണ് ഇവ രണ്ടും. ആദിവാസികളും ചേരികളും ഇഷ്ടംപോലെയുള്ള രാജ്യങ്ങളുമാണ്. ഇവിടത്തെ ഭരണകൂടം ഇങ്ങനെ പാവങ്ങളെ ഷീറ്റുകൊണ്ട് മറച്ചുപിടിക്കുമെന്ന് തോന്നുന്നില്ല.
ഡല്‍ഹിയിലെത്തിയ വി.വി.ഐ.പി അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിയത് സ്വര്‍ണവും വെള്ളിയും കലര്‍ന്ന മിശ്രിതം പൂശിയ പാത്രങ്ങളിലായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജി20 ലോക രാഷ്ട്രനേതാക്കളെല്ലാം പൊതുവിജ്ഞാനമുള്ളവരാണ്. ഭക്ഷണ മേശയിൽ നിരത്തിയ സ്വര്‍ണ പാത്രങ്ങളല്ല യഥാര്‍ഥ ഇന്ത്യയെന്ന് ബോധ്യമുള്ളവരാണ് അവര്‍.
Content Highlights:Today's Article By muqtar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."