കാട്ടാന ഭീതിയില്‍ ബിദര്‍ക്കാടും പരിസരവും
ബിദര്‍ക്കാട്: കാട്ടാനകളുടെ ദിനംപ്രതിയുള്ള അലര്‍ച്ചയാല്‍ പൊറുതി മുട്ടിയിരിക്കുകയാണ് ബിദര്‍ക്കാടും സമീപപ്രദേശങ്ങളും. ആനശല്ല്യത്താല്‍ വീട് വരെ ഒഴിഞ്ഞുപോകുകയാണ് ഗത്യന്തരമില്ലാതെ പ്രദേശത്തെ പല കുടുംബങ്ങളും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ആനകളെ കൊണ്ടുള്ള ശല്ല്യം അസഹനീയമായിരിക്കുകയാണ്. കൃഷിനാശത്തിന് പുറമെ വീടുകള്‍ക്കും നാശം വരുത്തുന്ന ആനകള്‍ മനുഷ്യരെയും വെറുതെ വിടുന്നില്ല.
പല ആളുകളും ആനകള്‍ക്ക് മുന്നില്‍ നിന്ന് താലനാരിഴക്കാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി നാട്ടിലിറങ്ങിയ ആനക്കൂട്ടം നിരവധി നാശനഷ്ടങ്ങളുണ്ടാക്കി രാവ് പുലര്‍ന്നപ്പോഴാണ് കാടു കയറിയത്. ബിദര്‍ക്കാട് ചന്തക്കുന്നില്‍ ഇറങ്ങിയ ആനക്കൂട്ടം ആദ്യമെത്തിയ വീടിന് മുന്നിലെ കാര്‍ഷിക വിളകളെല്ലാം പിഴുതെറിഞ്ഞ് നശിപ്പിച്ചു.
തുടര്‍ന്ന് സമീപത്തെ മറ്റു അഞ്ചു വീടുകളിലും ഇതേ രീതിയില്‍ നാശം വിതച്ചാണ് ആനകള്‍ മടങ്ങിയത്. ഈ സമയത്ത് വീടുകള്‍ക്കുള്ളില്‍ ഭീതിയില്‍ കഴിയുകയായിരുന്നു എല്ലാ കുടുംബങ്ങളും. ആനകളിറങ്ങിയത് വനപാലകരെ അറിയിച്ചാല്‍ അവരെത്തി ആനകളെ കാട്ടിലേക്ക് തുരത്താറുണ്ട്.
എന്നാല്‍ അടുത്ത ദിവസവും ആനകള്‍ ഇതേ രീതിയില്‍ കാടിറങ്ങുകയും നാശമുണ്ടാക്കുകയുമാണ് ചെയ്യുന്നത്. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായി നിരവധി പേരുണ്ട്. കടുവ, ആന തുടങ്ങിയ മൃഗങ്ങളുടെ ആക്രമണങ്ങളിലാണ് പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. ഇതേ രീതിയില്‍ തന്നെയാണ് പലര്‍ക്കും പരുക്കേറ്റതും.
വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങള്‍ ആക്രമിക്കുന്നത് പ്രദേശത്ത് നിത്യസംഭവമാണ്. ഇതിനെതിരേ പരാതി ഉന്നയിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് പരക്കെ ആക്ഷേപമുയരുന്നത്. മാത്രമല്ല വന്യമൃഗങ്ങളുടെ ശല്ല്യം പതിന്‍മടങ്ങ് വര്‍ധിക്കുകയുമാണ്. ഇതിനെതിരേ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്ന ആവശ്യമാണ് ബിദര്‍ക്കാടും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങള്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."