ഇനിയും 'ഫ്രഷ്' ആവാത്ത നമ്മുടെ വിദ്യാലയങ്ങൾ
ഡോ. ടി.എ മജീദ് കൊടക്കാട്
അമേരിക്കൻ സ്റ്റേറ്റുകളിൽ എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച 'ദേശീയ ശിശു ആരോഗ്യദിന'മായി ആഘോഷിച്ചുവരുന്നു. നവംബർ 14നു രാജ്യത്ത് ശിശുദിനമായി നാം ആഘോഷിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ക്ഷേമം എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ മാത്രം ഒതുങ്ങുകയാണ് ഈ ദിനപരിപാടികൾ. കുട്ടികൾ തങ്ങളുടെ വളർച്ചാകാലഘട്ടം കൂടുതലും ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലായതു കൊണ്ടുതന്നെ അവ ശിശുക്കളുടെ ആരോഗ്യപരിപാലനത്തെക്കുറിച്ച് സഗൗരവം ആലോചിക്കേണ്ടതുണ്ട്. വിദ്യാലയങ്ങൾ ആതുരാലയങ്ങൾ കൂടിയാണ് എന്ന കാഴ്ചപ്പാടിലേക്ക് ഉയർന്നു ചിന്തിക്കേണ്ടതുണ്ടെന്ന് സാരം.
സ്‌കൂൾ കേന്ദ്രീകൃത ആരോഗ്യസേവനങ്ങൾക്കു വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിന്റെ കാരണങ്ങളിലൊന്ന്, ആരോഗ്യപരിചരണ ആവശ്യങ്ങൾ പലപ്പോഴും വൈദ്യപരിശോധനയ്ക്കു തുല്യമായി കാണുന്നതാണ്. ചെറിയ പ്രായത്തിലുള്ള കുട്ടികൾക്കു താരതമ്യേന കുറഞ്ഞ രോഗനിരക്കാണ് ഉള്ളതെങ്കിലും അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ക്രമരഹിതമായ ഉറക്കം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, മാനസികം, ദന്തരോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവർക്കുണ്ട്. കൂടാതെ നേത്രപ്രശ്‌നങ്ങൾ, ലൈംഗിക പെരുമാറ്റം, പുകയിലയുടെയും മറ്റു വസ്തുക്കളുടെയും ഉപയോഗം, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളോടുള്ള ആസക്തി മുതലായവയും അവരെ അലട്ടുന്നുണ്ട്. അതിനാൽ മേൽപ്രശ്‌നങ്ങളുടെ പരിഹാരം സ്‌കൂളുകളിൽ നിന്നുതന്നെ ആരംഭിക്കണം. അങ്ങനെ, സ്‌കൂളിൽ പോകുന്ന പ്രായത്തിൽ സ്വായത്തമാക്കിയ ആരോഗ്യപരിജ്ഞാനവും ജീവിതശൈലിയും പ്രായപൂർത്തിയാകുന്നതു വരെ തുടരുകയും അതവരുടെ ജീവിതകാലം മുഴുവൻ ആരോഗ്യകരമായ പെരുമാറ്റത്തിന് അടിത്തറയിടുകയും ചെയ്യുന്നു. ഉദാഹരണത്തിന്, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം നിർത്താനുള്ള ശ്രമങ്ങൾ സ്‌കൂളിൽനിന്ന് ആരംഭിച്ചാൽ കൂടുതൽ വിജയകരമാണെന്ന് ശാസ്ത്രീയ തെളിവുകൾ വ്യക്തമാക്കുന്നു.
ദേശീയ ശിശു ആരോഗ്യദിനം
1909ൽ അന്നത്തെ ബറോഡ പ്രസിഡൻസി, സ്‌കൂൾകുട്ടികളുടെ വൈദ്യപരിശോധന ആരംഭിച്ചതാണ് ഇന്ത്യയിലെ സ്‌കൂൾ ആരോഗ്യസേവനങ്ങളുടെ ആദ്യരേഖ. പിന്നീട്, സർ ജോസഫ് ബോർ കമ്മിറ്റി 1946ലെ റിപ്പോർട്ടിൽ, ഇന്ത്യയിലെ സ്‌കൂൾ ആരോഗ്യസേവനങ്ങൾ അവികസിതവും പ്രായോഗികമായി നിലനിൽക്കാത്തതുമാണെന്ന് നിരീക്ഷിച്ചു. 1953ൽ, ഇന്ത്യാ ഗവൺമെന്റിന്റെ സെക്കൻഡറി എജ്യുക്കേഷൻ കമ്മിറ്റി സ്‌കൂൾ ആരോഗ്യം, സ്‌കൂൾ ഭക്ഷണ പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട സമഗ്രമായ നയപരമായ ഇടപെടലുകൾക്കു ശുപാർശ ചെയ്തു. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ട ഏതാനും സംസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പദ്ധതി കേന്ദ്രീകൃതമായ ഇടപെടലുകളിൽ മാത്രമായിരുന്നു ശ്രദ്ധിച്ചത്. അതായത്, കൂടുതലും പോഷകാഹാരത്തിൽ മാത്രം ശ്രദ്ധ ചെലുത്തി. എന്നാലും സ്‌കൂൾ ആരോഗ്യം ഒരു നാമമാത്ര സേവനമായി തുടർന്നു. സ്‌കൂൾ ആരോഗ്യവും ശിശു ആരോഗ്യ പരിപാലനവും വ്യവസ്ഥാപിതമായി നടപ്പാക്കാൻ ഒരു 'ദേശീയ ശിശു ആരോഗ്യദിന'ത്തെക്കുറിച്ച് നമ്മുടെ വിദ്യാഭ്യാസ പ്രവർത്തകരും സ്ഥാപനങ്ങളും അധികാരികളും ചിന്തിക്കേണ്ടിയിരിക്കുന്നു.
കൊവിഡിന്റെ, രണ്ടര വർഷത്തിനിടയിൽ സ്‌കൂൾ ആരോഗ്യത്തെക്കുറിച്ച് ഗൗരവമായ ഒരു സംരംഭവും ഉണ്ടായിട്ടില്ല എന്നതാണു വസ്തുത. 2022 മാർച്ച് ആദ്യവാരത്തിൽ ഡൽഹി സർക്കാർ 20 സ്‌കൂൾ ഹെൽത്ത് ക്ലിനിക്കുകൾ ആരംഭിക്കുകയുണ്ടായി. ചെറുതാണെങ്കിലും ഈ സംരംഭത്തിന് രണ്ടു സന്ദേശങ്ങളുണ്ട്. ഒന്ന്, പകർച്ചവ്യാധ്യാനന്തര കാലഘട്ടത്തിൽ സ്‌കൂൾ ആരോഗ്യസേവനങ്ങളുടെ പ്രാധാന്യം. രണ്ട്, ഒരുവശത്ത് വിവിധ ദാതാക്കളിൽ നിന്നുള്ള കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിങ്ങിലൂടെയും മറുവശത്ത് സർക്കാരിനുള്ളിലെ ആരോഗ്യവിദ്യാഭ്യാസ വകുപ്പുകൾ തമ്മിലുള്ള ആന്തരിക സഹകരണത്തിലൂടെയും സ്‌കൂൾ ആരോഗ്യസേവനങ്ങൾക്കായി മൾട്ടി സ്റ്റോക്ക് ഹോൾഡർ പങ്കാളിത്തത്തിന്റെ പ്രാധാന്യം. ഡൽഹി സർക്കാരിന്റെ അവകാശവാദമനുസരിച്ച്, ഈ ക്ലിനിക്കുകൾ രോഗശമന കേന്ദ്രീകൃത സേവനങ്ങളാണ്. എന്നാൽ അതു സമഗ്രമല്ലതാനും.
FRESH സമീപനം
ഇന്ത്യയെപ്പോലെ മിക്ക വികസ്വര രാജ്യങ്ങളിലും അടിസ്ഥാനപരമായ സ്‌കൂൾ ആരോഗ്യസേവനങ്ങളുടെ അഭാവത്തിന്റെ പ്രധാന കാരണം, വ്യക്തതയില്ലാത്തതും തെറ്റായി രൂപകൽപന ചെയ്തതുമായ പദ്ധതികളാണ്. യുനെസ്‌കോ, യുനിസെഫ്, ലോകാരോഗ്യ സംഘടന, ലോകബാങ്ക് എന്നിവ ചേർന്ന് FRESH (ഫോക്കസിങ് റിസോഴ്‌സ് ഓൺ ഇഫക്റ്റീവ് സ്‌കൂൾ ഹെൽത്ത്) എന്ന പേരിൽ ഒരു ഇന്റർ ഏജൻസി ചട്ടക്കൂട് പ്രസിദ്ധീകരിക്കുകയുണ്ടായി. 2000ത്തിൽ സെനഗൽ തലസ്ഥാനമായ ദകാറിൽ നടന്ന ലോകവിദ്യാഭ്യാസ സമ്മേളനത്തിലാണ് ഫ്രെഷ് ചട്ടക്കൂട് നിലവിൽ വന്നത്.
ഫ്രഷ് ചട്ടക്കൂട് പ്രധാനമായും നാലു മേഖലകളും മൂന്നു പിന്തുണാ തന്ത്രങ്ങളും നിർദേശിക്കുന്നു. വെള്ളം, ശുചിത്വം, പരിസ്ഥിതി, നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ-വിദ്യാഭ്യാസവും സ്‌കൂൾ അധിഷ്ഠിത ആരോഗ്യ പോഷകാഹാര സേവനങ്ങളും എന്നിവയാണു പ്രധാന മേഖലകൾ. അതായത്, സ്‌കൂൾ ആരോഗ്യസേവനങ്ങൾ ആരോഗ്യനയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പ്രധാന മേഖലകൾ നിർദേശിക്കുന്നു. വിദ്യാഭ്യാസ-ആരോഗ്യമേഖലകൾ തമ്മിലുള്ള ഫലപ്രദമായ പങ്കാളിത്തം, കമ്മ്യൂണിറ്റി പങ്കാളിത്തം, വിദ്യാർഥി പങ്കാളിത്തം എന്നിവയാണ് മറ്റു മൂന്നു പിന്തുണാ തന്ത്രങ്ങൾ. കൂടാതെ, യു.എസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, സ്‌കൂൾ ആരോഗ്യസേവനങ്ങൾ അടിയന്തരമായ നാലു പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപദേശിക്കുന്നു. അടിയന്തര പരിചരണം, കുടുംബ ഇടപെടൽ, ക്രോണിക് ഡിസീസ് മാനേജ്‌മെന്റ്, പരിചരണ ഏകോപനം.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, സ്‌കൂൾ ആരോഗ്യസേവനങ്ങൾ പ്രാദേശിക ആവശ്യങ്ങൾ വിലയിരുത്തുന്നതിനെ അടിസ്ഥാനമാക്കി രൂപകൽപന ചെയ്യണമെന്നാണ്. ആരോഗ്യ പ്രമോഷൻ, ആരോഗ്യവിദ്യാഭ്യാസം, പരിചരണത്തിലേക്കു നയിക്കുന്ന സ്‌ക്രീനിങ്, അല്ലെങ്കിൽ റഫറൽ, ഉചിതമായ പിന്തുണ എന്നിവയുടെ ഘടകങ്ങൾ ഉണ്ടായിരിക്കണം. സ്‌കൂൾ ആരോഗ്യസേവനങ്ങളുടെ ലക്ഷ്യമെന്നത് പോസിറ്റീവ് ഹെൽത്ത് പ്രോത്സാഹിപ്പിക്കുക, രോഗം തടയൽ, നേരത്തെയുള്ള രോഗനിർണയം, ചികിത്സ, തുടർനടപടികൾ, കുട്ടികളിൽ ആരോഗ്യ അവബോധം വളർത്തുക, ആരോഗ്യകരമായ സ്‌കൂൾ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നിവയാണ്.
നമുക്ക് ചെയ്യാനുള്ളത്
സ്‌കൂൾ ആരോഗ്യസേവനങ്ങൾ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സജീവ സമീപനത്തിന്റെ ആവശ്യമുണ്ട്. 1, ഓരോ ഇന്ത്യൻ സംസ്ഥാനവും സ്റ്റാറ്റസ് അവലോകനം ചെയ്യണം. തുടർന്ന് വിശദമായ ടൈംലൈനും ബജറ്റ് വിഹിതവും ഉൾക്കൊള്ളിച്ച് ആരോഗ്യസേവനങ്ങൾ നവീകരിക്കാനും ശക്തിപ്പെടുത്താനും റോഡ് മാപ്പ് തയാറാക്കുക. ആരോഗ്യമേഖലയ്ക്കുള്ള പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഇതിനായി നൽകണം. 2, വിദ്യാലയങ്ങളിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക. പുതുക്കിയ പ്രവർത്തനമേഖല സമഗ്രവും പ്രതിരോധപരവും പ്രോത്സാഹനപരവും രോഗശാന്തി നൽകുന്നതുമായിരിക്കണം. മറ്റു റഫറൽ സൗകര്യങ്ങൾ നൽകുന്ന സേവനങ്ങളും ഉണ്ടായിരിക്കണം. ശാരീരിക പ്രവർത്തന സെഷനുകൾ പോലെ തന്നെ ആരോഗ്യചർച്ചകളും ജീവിതശൈലീ സെഷനുകളും (അധ്യാപകരും ക്ഷണിക്കപ്പെട്ട മെഡിക്കൽ, ആരോഗ്യ വിദഗ്ധരും) അധ്യാപനത്തിന്റെ ഭാഗമായിരിക്കണം. കൗമാരപ്രായക്കാരുടെ ലൈംഗികാരോഗ്യം, ആർത്തവശുചിത്വം മുതലായവ ക്ലാസ്‌റൂം അധ്യാപനത്തിൽ സംയോജിപ്പിക്കണം.
3, സ്‌കൂൾ ഹെൽത്ത് ക്ലിനിക്കുകൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യ ആവശ്യങ്ങൾക്കായി ഓൺലൈൻ കൺസൾട്ടേഷനിലൂടെ തുടർക്ലാസുകൾ നൽകണം. 4, മാതാപിതാക്കളുടെ പങ്കും പങ്കാളിത്തവും പ്രത്യേകിച്ച് രക്ഷാകർതൃ-അധ്യാപക യോഗത്തിലൂടെ വർധിപ്പിക്കണം. മറ്റു രാജ്യങ്ങളിൽ സ്‌കൂൾ ആരോഗ്യസേവനങ്ങൾ എങ്ങനെ നിർവഹിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ബോധവൽക്കരണം നൽകണം. മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും സ്‌കൂൾ അധ്യാപകർക്കുപോലും ആരോഗ്യസേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നൂതനസമീപനങ്ങൾ, അതിന്റെ ഉപയോഗവും സ്വീകാര്യതയും ആവശ്യവും വർധിപ്പിക്കുക.
5, ഗവൺമെന്റിന്റെ സ്‌കൂൾ ആരോഗ്യസേവന സംരംഭങ്ങളിൽ മിക്കസമയത്തും സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടുന്നില്ല. എന്നാൽ ഈ പദ്ധതിയുടെ സേവനങ്ങൾ സ്വകാര്യ-സർക്കാർ സ്‌കൂൾ കുട്ടികളെ പരിപാലിക്കുന്നതിനായി രൂപകൽപന ചെയ്തതായിരിക്കണം. 6, ആയുഷ്മാൻ ഭാരത് പ്രോഗ്രാമിനു കീഴിൽ 2020ന്റെ തുടക്കത്തിൽ സ്‌കൂൾ ആരോഗ്യസംരംഭം ആരംഭിച്ചിരുന്നു. എന്നാൽ അത് വേണ്ടത്ര വിജയിച്ചില്ല. ഈ സംരംഭം അവലോകനം ചെയ്ത് മതിയായ മാനവ വിഭവശേഷി കൊണ്ടുവരുന്നതിനും കൃത്യമായ ഫലസൂചകങ്ങളെ അടിസ്ഥാനമാക്കി പ്രകടനം നിരീക്ഷിക്കുന്നതിനും ആവശ്യമായ സാമ്പത്തികവിഹിതം വർധിപ്പിക്കേണ്ടതുണ്ട്. 7, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പൊതുജനാരോഗ്യത്തിന്റെ പ്രൊഫഷനൽ അസോസിയേഷനുകളും ശിശുരോഗ വിദഗ്ധരും ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം.
ഏതാനും ആഴ്ചകൾക്കുമുമ്പ്, ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള അവലോകനത്തെ തുടർന്ന്, പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) പതിവായി ആരോഗ്യ പരിശോധനകളും സ്‌കൂൾകുട്ടികളെ പരിശോധിക്കാനും നിർദേശിച്ചതായി പറയപ്പെടുന്നു. കൂടാതെ, സ്‌കൂളുകളിൽ ആരോഗ്യപരിശോധന നടത്താൻ മെഡിക്കൽ ഇന്റേണുകളെയും ബിരുദാനന്തര കോഴ്‌സുകളിലെ വിദ്യാർഥികളെയും നിയോഗിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ആരോഗ്യവകുപ്പിന് കത്തയച്ചതായും അറിയുന്നു. എന്നാൽ, സമഗ്രമായ സമീപനം ആവശ്യമുള്ള ഒരു വിഷയത്തിൽ ഇങ്ങനെയൊരു സമീപനം അവഗണനയ്ക്കു സമാനമാണ്. കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ സ്‌കൂളുകളിൽ ഒരു അധ്യാപകനെ ചുമതലപ്പെടുത്തുമെന്നു മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ മെയ്മാസം പ്രഖ്യാപിച്ചിരുന്നു. മന്ത്രി വാക്കുപാലിക്കുമെന്ന് പ്രത്യാശിക്കാം.
(ഫാറൂഖ് കോളജ് അസി. പ്രൊഫസറും ട്രെൻഡ് പ്രീസ്‌കൂൾ ഡയരക്ടറുമാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."