കരുവന്നൂര്‍ ബാങ്ക് നടന്നത് 104 കോടിയുടെ തട്ടിപ്പെന്ന് മന്ത്രി
പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സി.പി.എം ഭരിക്കുന്ന തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 104.37 കോടി രൂപയുടെ തട്ടിപ്പാണെന്ന് കണ്ടെത്തിയതായി മന്ത്രി വി.എന്‍ വാസവന്‍. കൂലിപ്പണിക്കാരന്റെയും സി.ഐ.ടി.യു തൊഴിലാളിയുടേയും പേരില്‍ മൃഗീയമായ തട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. 300 കോടിയില്‍പരം രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്നും ഇതു സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ഷാഫി പറമ്പിലാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ബാങ്കില്‍നിന്ന് ഒരു രൂപ പോലും വായ്പയെടുക്കാത്തവര്‍ കോടികളുടെ കടക്കാരായി മാറിയെന്ന് ഷാഫി കുറ്റപ്പെടുത്തി. കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയ്ക്കാണ് സി.പി.എം നേതൃത്വം നല്‍കിയത്. സി.പി.എം ഏരിയ സെക്രട്ടറിയും തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ എം.പി പി.കെ ബിജുവും പ്രത്യേക കമ്മിഷനുകളും അന്വേഷിച്ച് തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. വിവരങ്ങളെല്ലാം സി.പി.എം പൂഴ്ത്തിവച്ചു. വെബ് സീരിസുകളെ നാണം കെടുത്തുന്ന തരത്തിലുള്ള തട്ടിപ്പാണ് നടന്നതെന്നും ഷാഫി പറഞ്ഞു.
മരിച്ചവരുടെ പേരില്‍ പോലും ഭാവനാത്മകമായി മെമ്പര്‍ഷിപ്പ് ഉണ്ടാക്കിയാണ് കോടികള്‍ നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. രണ്ടു ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന പേരില്‍ തുമ്പൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍, കരുവന്നൂരില്‍ 350 കോടിയുടെ തട്ടിപ്പ് നടത്തിയിട്ട് അനങ്ങുന്നില്ല. 2018ല്‍ പരാതി വന്നിട്ട് കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് നടപടിയെടുത്തത്. തട്ടിപ്പ് പൂഴ്ത്തിവയ്ക്കാന്‍ ശ്രമിച്ച സി.പി.എം നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ എന്ന് സതീശന്‍ ചോദിച്ചു.
ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. തട്ടിപ്പില്‍ പങ്കുള്ള ഏഴു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാര്‍ ഏതു പാര്‍ട്ടിക്കാരായാലും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."