അടിമുടി ക്രമക്കേട്: സാമൂഹിക സുരക്ഷാപെന്‍ഷന്‍ വാങ്ങുന്നവരില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും; സിഎജി റിപ്പോര്‍ട്ട്
അടിമുടി ക്രമക്കേട്: സാമൂഹിക സുരക്ഷാപെന്‍ഷന്‍ വാങ്ങുന്നവരില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും; സിഎജി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സാമൂഹിക സുരക്ഷാപെന്‍ഷന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയ റിപ്പോര്‍ട്ടുമായി സിഎജി. അര്‍ഹതപ്പെട്ടവര്‍ക്ക് സാമൂഹിക ക്ഷേമപെന്‍ഷന്‍ നിരസിക്കപ്പെട്ടതും അര്‍ഹതയില്ലാത്തവര്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ ലഭിക്കുന്നതുമടക്കമുള്ള വീഴ്ചകളാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. 3990 പേര്‍ രണ്ട് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തി. നിര്‍ബന്ധിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കും പെന്‍ഷന്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിഎജി നടത്തിയ പരിശോധനയില്‍ 19.69 ശതമാനം ഗുണഭോക്താക്കള്‍ സാമൂഹ്യ ക്ഷേമപെന്‍ഷന് അര്‍ഹതയില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2017-2018 സാമ്പത്തികവര്‍ഷം മുതല്‍ 2020-2021 സാമ്പത്തികവര്‍ഷം വരെയുള്ള കാലത്തെ കണക്കുകളിലാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ഗുണഭോക്താക്കളുടെ സാമ്പത്തികാവസ്ഥ പരിശോധിക്കുന്നതിലെ അലംഭാവം കാരണം അര്‍ഹതയില്ലാത്തവര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്തു. യോഗ്യതാവ്യവസ്ഥകള്‍ കൃത്യമായി പരിശോധിക്കാത്തതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ക്ഷേമപെന്‍ഷന്‍ നല്‍കി. ഇതിലൂടെ സര്‍ക്കാരിന് 39.27 കോടി രൂപ നഷ്ടമായി.
ഇതിനും പുറമെ ഭര്‍ത്താവ് മരിച്ച ഒറ്റപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കുന്ന വിധവാ പെന്‍ഷന്‍ വിവാഹമോചനം നേടിയ സ്ത്രീകള്‍ക്കും നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ 1.80 കോടി രൂപയാണ് ക്രമരഹിതമായി നല്‍കിയത്. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ മരിച്ചുകഴിഞ്ഞാല്‍ അവരെ ഡേറ്റ ബേസില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇത് ചെയ്യാതിരുന്നതിനാല്‍ 1,698 പേരുടെ പെന്‍ഷന്‍ ഇത്തരത്തില്‍ നല്‍കേണ്ടി വന്നു. ഇതിനായി സര്‍ക്കാരിന് 2.63 കോടി വിനിയോഗിക്കേണ്ടി വന്നു.
മരണമടഞ്ഞ 96,285 ഗുണഭോക്താക്കളുടെ പേരില്‍ 118.16 കോടി രൂപയുടെ ഫണ്ട് പ്രൈമറി അഗ്രികള്‍ചറല്‍ ക്രെഡിറ്റ് സൊസൈറ്റിക്ക് നല്‍കിയതില്‍ സര്‍ക്കാരിന് 0.87 കോടിയുടെ നഷ്ടമുണ്ടായി. മാത്രമല്ല യോഗ്യത ഉറപ്പാക്കാതെ പെന്‍ഷന്‍ 1500 രൂപയാക്കി ഉയര്‍ത്തിയത് വഴി 10.11 കോടി രൂപ ക്രമരഹിതമായി ചെലവഴിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ ക്രമക്കേടുകള്‍ക്ക് പ്രധാന ഉത്തരവാദി ഇതിനായി തയ്യാറാക്കിയ സേവന എന്ന സോഫ്റ്റ്‌വെയറാണ്. സി.ഇ.ആര്‍.ടികെ കണ്ടെത്തിയ സുരക്ഷാപാളിച്ചകള്‍ പരിഹരിക്കാതെ സോഫ്റ്റ്‌വെയര്‍ വ്യാപകമായി ഉപയോഗിച്ചതുവഴി ക്രമക്കേട് വര്‍ധിച്ചു.
ഉപഭോക്താവിനെ ചേര്‍ക്കുന്നതുമുതല്‍ പെന്‍ഷന്‍ വിതരണം വരെയുള്ള കാര്യങ്ങളില്‍ സോഫ്റ്റ്‌വെയറില്‍ പ്രശ്‌നങ്ങളുണ്ട്. ഉദ്ദേശിച്ച ആളിന് തന്നെയാണ് പെന്‍ഷന്‍ കിട്ടുന്നത് എന്നുറപ്പിക്കാന്‍ പോലും ഇതില്‍ സംവിധാനമില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഏക വഴി നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്ന ഡയറക്ട് ബെനഫിറ്റ് സംവിധാനമാണ്. എന്നാല്‍ കേരളത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഏതാണ്ട് പകുതി ആളുകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. ബാക്കി പ്രൈമറി അഗ്രികള്‍ചറല്‍ സൊസൈറ്റി വഴി ഗുണഭോക്താക്കള്‍ക്ക് കൈമാറുകയാണ്. ഇതില്‍ നിരവധി ക്രമക്കേടുകള്‍ക്കുള്ള പഴുതുകളുണ്ടെന്ന് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ഡോ. ബിജു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."