സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമായ മഴ തുടരും.ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്നലെയും കേരളത്തില്‍ പരക്കെ ശക്തമായ മഴ ലഭിച്ചു.
വെള്ളിയാഴ്ച രാവിലെ മുതല്‍ ഇന്നലെ രാവിലെ വരെയുള്ള സമയത്ത് മൂന്നാര്‍ 19 സെ.മീ, പീരുമേട്, മാനന്തവാടി പത്ത് സെ.മീ, ഇടുക്കി, വൈത്തിരി, പെരിങ്ങല്‍ക്കുത്ത് ഒന്‍പത് സെ.മീ, പടിഞ്ഞാറത്തറ ഡാം എട്ട് സെ.മീ, പാലക്കാട്, പറമ്പിക്കുളം, നിലമ്പൂര്‍ ഏഴ് സെ.മീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. കേരളത്തിലെ ആകെ മഴക്കുറവ് 25 ശതമാനമാണ്. കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിനു പുറമേ ബുധനാഴ്ച പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടുമെന്ന് പ്രവചനമുണ്ട്. ഈ സാഹചര്യത്തില്‍ അടുത്തയാഴ്ചയും മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പും തുടരുകയാണ്.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര സമുദ്ര വിവര കേന്ദ്രം അറിയിച്ചിട്ടുണ്ട്.തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."