മുസ് ലിം സംവരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി പിഴയോടെ തള്ളി; ഹരജിക്കാര്‍ 25000 രൂപ ചികിത്സാഫണ്ടിലടയ്ക്കണമെന്ന് നിര്‍ദ്ദേശം
കൊച്ചി: പിന്നോക്ക സംവരണത്തിനെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ചെലവുസഹിതം തള്ളി. മുസ് ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസേവാ കേന്ദ്രത്തിനുവേണ്ടി അഡ്വ. ആര്‍ കൃഷ്ണ രാജ് സമര്‍പ്പിച്ച ഹരജിയാണ് കോടതി പിഴയോടെ തള്ളിയത്.
സമാനമായ ഹരജി നേരത്തെയും തള്ളിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ഹരജികള്‍ കോടതിയുടെ സമയം പാഴാക്കലാണെന്ന് വിമര്‍ശിച്ചാണ് തള്ളിയത്.
ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങളെയും എസ്.സി, എസ്.ടി മറ്റു പിന്നാക്ക വിഭാഗങ്ങളെയും നിശ്ചയിച്ചിരിക്കുന്നതെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് സമുദായങ്ങള്‍ സംവരണം നല്‍കിയിരിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിക്കാനാകുകയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഹരജിക്കാര്‍ 25000 രൂപ പിഴയൊടുക്കണമെന്നും, ഈ തുക അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ രൂപീകരിച്ച അക്കൌണ്ടിലേക്ക് ഒരു മാസത്തിനകം നിക്ഷേപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേരളത്തില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ വന്‍തോതില്‍ വളര്‍ന്നുവെന്നും ഇനി മുതല്‍ ന്യുനപക്ഷ പദവി വേണ്ടന്നും പരാതി നല്‍കിയ സംഘടന വാദിക്കുന്നു. ഇതുകൊണ്ട് തന്നെ ഇരു സമുദായങ്ങള്‍ക്കും മുന്‍ഗണന നല്‍കേണ്ടതില്ലെന്നാണ് പരാതിക്കാരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."