സംഘര്‍ഷ പ്രദേശങ്ങളില്‍ പൊലിസ് കാവല്‍ ശക്തമാക്കും: ഐ.ജി
തിരൂര്‍: സംഘര്‍ഷമുണ്ടായ ഉണ്യാല്‍ തീരമേഖലയിലെ പ്രദേശങ്ങള്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്. അജിത് കുമാര്‍ സന്ദര്‍ശിച്ചു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമണം നടത്തിയ പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കുമെന്നും ഐ.ജി പറഞ്ഞു. സംഘര്‍ഷം ഉണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലിസ് സംഭവ സ്ഥലത്തേക്കു വന്നില്ലെന്ന് ആക്രമത്തിന് ഇരയായ വീട്ടുകാര്‍ ഐ.ജിയോടു പരാതിപ്പെട്ടു. പൊലിസിന്റെ അനാസ്ഥയാണു കടുത്ത അക്രമത്തിനു വഴിവെച്ചത്. അക്രമത്തിനു നേതൃത്വം നല്കിയവര് പ്രദേശത്തു സൈ്വരവിഹാരം നടത്തുകയാണെന്നും സംഭവ സമയത്തു പൊലിസ് ഉണ്യാലിലേക്കു വന്നെങ്കിലും അക്രമങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാതെ തിരിച്ചുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങളുണ്ടെന്നും വീട്ടുകാര്‍ ഐ.ജിയോട് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലിസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും ഐ.ജി വ്യക്തമാക്കി. തുടര്‍ച്ചയായി അക്രമസംഭവങ്ങള്‍ ഉണ്ടാകുന്ന ഉണ്യാല്‍ പോലുള്ള സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ശക്തമായ പൊലിസ് പട്രോളിങ് ഏര്‍പ്പെടുത്തുമെന്നും ആവശ്യമെങ്കില്‍ സായുധ പൊലിസിനെ പ്രദേശത്ത് വിന്യസിപ്പിക്കുന്നത് പരിഗണിക്കുമെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു. സംഭവത്തിലുള്‍പ്പെട്ട പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും അദ്ദേഹം വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, ഡിവൈ.എസ്.പി പി.ടി ബാലന് തുടങ്ങിയവരും ഐ.ജിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."