HOME
DETAILS

സങ്കടം വരുമ്പോൾ അവരും കരയട്ടെ

  
backup
October 11 2022 | 03:10 AM

political-satire-4

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

പ്രിയപ്പെട്ടവരുടെ വേർപാടുണ്ടാകുമ്പോൾ മനുഷ്യർ കരയും. അത് സ്വാഭാവികമാണ്. മനുഷ്യത്വത്തിന്റെ ലക്ഷണമാണത്. അതിൽ വലിയ വാർത്തയൊന്നുമില്ല. അത് കൊട്ടിഘോഷിക്കേണ്ട കാര്യവുമില്ല. വലിയ നേതാക്കളായാലും സാധാരണ മനുഷ്യരായാലും അതൊക്കെയുണ്ടാകും.
കെ.പി.ആർ ഗോപാലന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ ഇ.കെ നായനാരെ കേരളം കണ്ടിട്ടുണ്ട്. കെ.പി.ആർ എന്നല്ല, ചെറുപ്പം മുതൽ ഒരുമിച്ചു പ്രവർത്തിച്ച പാർട്ടിയുടെ താഴെ ഘടകങ്ങളിലുള്ളവരുടെ മരണമുണ്ടായപ്പോഴും നായനാർ കരഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തിലെ ഉരുക്കുമനുഷ്യനെന്ന് അറിയപ്പെട്ട എം.വി രാഘവനും പ്രിയപ്പെട്ടവരുടെ വേർപാടുണ്ടാകുമ്പോൾ കരഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. ടി.പി ചന്ദ്രശേഖരന്റെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ ഉമ്മൻ ചാണ്ടിയെയും കേരളം കണ്ടതാണ്.
സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം സംസ്‌കരിച്ചതിനു ശേഷം നടന്ന അനുശോചന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കരഞ്ഞുപോയതും അതുപോലൊരു സ്വാഭാവികതയാണ്. ചെറുപ്പം മുതൽ പിണറായിയുടെ പ്രിയസഖാവായിരുന്നു കോടിയേരിയെന്ന് കേരളത്തിൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെയൊരാൾ മരിച്ചാൽ അദ്ദേഹം കരയുകയല്ലാതെ ചിരിക്കുകയില്ലല്ലോ. അത് വലിയ വാർത്തയായി. വലിയ കോലാഹലവുമായി. മനുഷ്യരുടെ സ്വാഭാവിക മരണത്തെപ്പോലും വിവാദമാക്കുന്ന കാലമായതിനാൽ വിഷയം സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നു. സഖാക്കളായാൽ ഇങ്ങനെയായിരിക്കണമെന്ന് പിണറായിയുടെയും കോടിയേരിയുടെയും അനുയായികൾ. അത് അഭിനയം മാത്രമാണെന്ന് അവരുടെ ശത്രുക്കൾ. ഒട്ടും ആശാസ്യമല്ലാത്ത ചർച്ചകളായി അതെല്ലാം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.


ഇത് ഇങ്ങനെയൊരു ചർച്ചയാവാൻ മൂന്നു കാരണങ്ങളുണ്ട്. ഒന്ന്, പിണറായി മുഖ്യമന്ത്രിയാണെന്നത്. ഇത്തരം ഉയർന്ന പദവികളിലിരിക്കുന്നവർ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വാർത്തയാകുന്നത് സ്വാഭാവികമാണ്.
മറ്റൊരു കാരണം രാഷ്ട്രീയപ്രസ്ഥാനങ്ങളിൽനിന്ന് രാഷ്ട്രീയാശയങ്ങൾ ചോർന്നുപോയിക്കൊണ്ടിരിക്കുന്ന ഉത്തരാധുനിക കാലത്ത് പ്രസ്ഥാനങ്ങളെ അന്ധമായി പിന്തുടരുന്നവർ മാത്രമായി മാറിയ അനുയായികൾ അവരുടെ നേതാക്കൾക്ക് ഉണ്ടാക്കിയെടുക്കുന്ന ഇമേജാണ്. സിനിമകളിലെ ഹീറോമാരെപ്പോലെ നേതാക്കളെ കാണാൻ ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ രാഷ്ട്രീയകക്ഷികളുടെ അനുയായികളിൽ ഭൂരിപക്ഷവും. അമാനുഷികതയും കല്ലുപോലെ ഉറച്ച ധീരതയുമുള്ളവരായാണ് നേതാക്കളെ അനുയായികൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. പിണറായിയുടെ അനുയായികൾക്ക് അദ്ദേഹം ഇരട്ടച്ചങ്കുള്ളയാളാണ്. അങ്ങനെയുള്ളവർക്ക് സങ്കടം പോലുള്ള മാനുഷിക വികാരങ്ങളുണ്ടാകുമോ എന്ന സംശയവും അതൊക്കയുണ്ടായാൽ കാണാനുള്ള കൗതുകവും അവരുടെ വികാരപ്രകടനങ്ങൾക്ക് വലിയ തോതിൽ വാർത്താമൂല്യമുണ്ടാക്കുന്നത് സ്വാഭാവികമാണ്.


സ്വന്തം ആളുകളുടെ വേർപാടിൽ വേദനിച്ചുകരയുന്ന നേതാക്കൾ തന്നെ രാഷ്ട്രീയ ശത്രുക്കളുടെ മരണത്തോട് പലപ്പോഴും മനുഷ്യത്വത്തിന്റെ പരിധി കടന്നുവരെ പ്രതികരിക്കുന്നതാണ് മൂന്നാമത്തെ കാരണം. കോടിയേരിയെ ഓർത്തു കരഞ്ഞുപോയ പിണറായി വിജയൻ തന്നെയാണ് ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലുണ്ടായിരുന്ന, പിന്നീട് അതിക്രൂരമായി കൊലചെയ്യപ്പെട്ട ടി.പി ചന്ദ്രശേഖരൻ മരിച്ചാലും കുലംകുത്തി തന്നെയാണെന്ന് പറഞ്ഞത്. കേരളത്തിലെ സി.പി.എമ്മിന്റെ സൗമ്യമുഖമായി ജീവിച്ച കോടിയേരി ബാലകൃഷ്ണൻ ഒരിക്കൽ ടി.പി വധത്തെക്കുറിച്ച് നിയമസഭയിൽ പറഞ്ഞത് 'വടകരയിൽ ആരോ കൊലചെയ്യപ്പെട്ടതിന് ഞങ്ങൾ എന്തു പിഴച്ചു' എന്നാണ്.
അടുത്ത കാലത്ത് പി.ടി തോമസ് നിര്യാതനായപ്പോൾ എം.എം മണി പ്രതികരിച്ചത് മരിച്ച വ്യക്തികളോട് കേരളം കാണിക്കുന്ന ആദരമര്യാദകൾക്ക് വിരുദ്ധമായായായിരുന്നു. ചില രാഷ്ട്രീയ കൊലപാതകങ്ങളോട് കെ. സുധാകരൻ പ്രതികരിച്ചതിലുമുണ്ടായിരുന്നു ഇതുപോലുള്ള ക്രൂരത. ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ കേരളത്തിലുണ്ട്.


ഇങ്ങനെയൊക്കെയുള്ള നേതാക്കൾ വളരെക്കുറച്ചു സന്ദർഭങ്ങളിൽ മാത്രം വികാരാധീനരാകുമ്പോൾ അതിലെ സത്യസന്ധതയെ ചിലരെങ്കിലും സംശയിച്ചുപോകുന്നതിന് അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കാലത്തിനു ചേരാത്ത നാടുവാഴികാല പരിവേഷങ്ങൾ വലിച്ചെറിയാൻ നേതാക്കളും അവരെ അതിൽനിന്ന് മോചിപ്പിക്കാൻ അണികളും തയാറാകുകയും ജനാധിപത്യത്തിന്റെ ആയുസിന് അനിവാര്യമായ വിനയത്തെ സ്വീകരിക്കുകയുമാണ് അതിനുള്ള പ്രതിവിധി.
അങ്ങനെയൊന്നും ചെയ്യുന്നില്ലെങ്കിലും സങ്കടം വരുമ്പോൾ നേതാക്കളും കരയട്ടെ. ഹൃദയത്തിൽ മനുഷ്യത്വത്തിന്റെ നനവ് ഇടയ്‌ക്കൊക്കെ അറിയട്ടെ. അതിനവരെ അനുവദിക്കുന്നത് വലിയൊരു സൽക്കർമമാണ്.


തരൂർ ജയിച്ചില്ലെങ്കിലെന്ത്


കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് വരുന്നത് മല്ലികാർജുൻ ഖാർഗെയായാലും അല്ലെങ്കിൽ ശശി തരൂരായാലും അത് കോൺഗ്രസുകാരുടെ മാത്രം കാര്യമാണ്. അതിന്റെ ഗുണദോഷങ്ങൾ അനുഭവിക്കേണ്ടത് കോൺഗ്രസുകാരാണ്. മറ്റുള്ളവർക്ക് അതിലുള്ളത് ഒരു വാർത്താകൗതുകം മാത്രമാണ്. അതുകൊണ്ട് അതിൽ പക്ഷം പിടിച്ചു തർക്കിക്കേണ്ട ഒരു കാര്യവും പൊതുസമൂഹത്തിനില്ല.


കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ടുപേർക്കും അവരുടേതായ സവിശേഷതകളുണ്ട്. തരൂർ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നൊരു വ്യക്തിത്വമാണ്. യു.എന്നിലും മറ്റും പ്രവർത്തിച്ച വ്യക്തിയായതിനാൽ ആഗോള രാഷ്ട്രീയത്തെക്കുറിച്ച് മറ്റു കോൺഗ്രസ് നേതാക്കളേക്കാളേറെ ധാരണകളുണ്ടാവാനിടയുണ്ട്. ആധുനിക കാഴ്ചപ്പാടുകളുള്ളയാളാണ്. പ്രതിപക്ഷബഹുമാനം ധാരാളമുണ്ട്. എതിർപക്ഷത്തും തനിക്ക് ശരിയെന്നു തോന്നുന്നതിനെ അംഗീകരിക്കാൻ അദ്ദേഹം മടിക്കാറില്ല. കൂടാതെ എഴുത്തുകാരനും ജ്ഞാനിയുമാണ്. ജവഹർലാൽ നെഹ്‌റുവിനു ശേഷം ഈ സവിശേഷതകളൊക്കെയുള്ള ഒരാളെ വേണമെങ്കിൽ നേതൃത്വത്തിൽ അവരോധിക്കാൻ കോൺഗ്രസിനു കിട്ടുന്ന ഒരവസരമാണിത്.


ഖാർഗെയും മോശക്കാരനൊന്നുമല്ല. സമൂഹത്തിന്റെ അടിത്തട്ടിൽനിന്ന് പ്രവർത്തിച്ചു വളർന്നുവന്ന നേതാവാണ്. പാർലമെന്ററി പരിചയം നന്നായുണ്ട്. പ്രതിസന്ധികളിൽ കൊണ്ടും കൊടുത്തും പിടിച്ചുനിൽക്കാനുള്ള അനുഭവസമ്പത്തുണ്ട്. അധികാര രാഷ്ട്രീയത്തിന് അനിവാര്യമായ തന്ത്രങ്ങൾ വശമുണ്ടാകുമെന്ന് ഉറപ്പാണ്. മാത്രമല്ല ദലിത് സമുദായത്തിൽ ജനിച്ചയാളാണ്. സംഘ്പരിവാർ ഭരണകൂടം സൃഷ്ടിച്ച ഇന്നത്തെ രാഷ്ട്രീയ, സാമൂഹ്യ അന്തരീക്ഷത്തിൽ ഒരു പ്രതിപക്ഷകക്ഷിയുടെ തലപ്പത്ത് ദലിത് നേതാവ് വരുന്നത് ആ പാർട്ടിക്ക് ഗുണകരം തന്നെയാണ്.
ഇതിൽ ഏതു നേതാവാണ് പാർട്ടിക്ക് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസുകാർ തന്നെയാണ്. രണ്ടുപേരുടെയും സവിശേഷതകൾ പാർട്ടിക്ക് മുതൽക്കൂട്ടായേക്കാമെങ്കിലും തൽക്കാലം രണ്ടും ഒരുമിച്ചു കിട്ടില്ല. ഒരു മത്സരത്തിലും രണ്ടുപേരും ജയിക്കില്ലല്ലോ.
നെഹ്‌റു കുടുംബത്തിന്റെ നിലപാടും അവരോട് കോൺഗ്രസ് നേതാക്കൾ പുലർത്തുന്ന വിധേയത്വവും വച്ചുനോക്കുമ്പോൾ തരൂർ ജയിക്കാനുള്ള സാധ്യത അതിവിദൂരമാണ്. സ്വതന്ത്രമായ ഉൾപ്പാർട്ടി ജനാധിപത്യ ശീലം കോൺഗ്രസുകാർ മറന്നിട്ട് കാലമേറെയായി. അതുകൊണ്ട് നെഹ്‌റു കുടുംബം പിന്തുണയ്ക്കുന്നയാളോടൊപ്പം നിൽക്കാനായിരിക്കും പാർട്ടി നേതാക്കൾ ഇഷ്ടപ്പെടുക. അതിന്റെ ഗുണം ലഭിക്കുക ഖാർഗേയ്ക്കായിരിക്കും.


ഇതെല്ലാം അറിഞ്ഞു തന്നെയായിരിക്കണം തരൂർ മത്സരത്തിനിറങ്ങിയത്. അതുകൊണ്ട് പരാജയപ്പെട്ടാലും അദ്ദേഹത്തിന് കാര്യമായി നഷ്ടപ്പെടാനൊന്നുമില്ല. ശ്രദ്ധേയമായ ചില സേവനങ്ങൾ ഈ മത്സരം വഴി അദ്ദേഹം ഇപ്പോൾ തന്നെ പാർട്ടിക്കു നൽകിക്കഴിഞ്ഞു. തരൂർ മത്സരത്തിനിറങ്ങിയില്ലെങ്കിൽ ഖാർഗേയക്ക് ലഭിക്കുന്നത് പാർട്ടിയിൽ ഒരു ചലനവുമുണ്ടാക്കാത്ത ഏകപക്ഷീയ വിജയമാകുമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യകക്ഷിയെന്നൊക്കെ അവകാശപ്പെടാറുണ്ടെങ്കിലും ഉൾപ്പാർട്ടി ജനാധിപത്യം ഇപ്പോൾ കോൺഗ്രസിലില്ല. എ.ഐ.സി.സി പ്രസിഡന്റടക്കം പ്രധാന സ്ഥാനങ്ങളിലേക്ക് പാർട്ടിക്കുള്ളിൽ മത്സരം നടന്നിട്ട് കാലമേറെയായി. നെഹ്‌റു കുടുംബവും അവരുടെ കൂട്ടാളികളും തീരുമാനിക്കുന്നവർ നേതൃത്വത്തിൽ വരുന്ന പതിവാണ് ഏറെക്കാലമായി പാർട്ടിയിലുള്ളത്.
ജീർണത കോൺഗ്രസിന്റെ സംഘടനാശരീരത്തെ ബാധിച്ചിട്ടുണ്ട്. മത്സരത്തിലൂടെ അതിലൊരു ചലനം സൃഷ്ടിച്ചു എന്നതാണ് തരൂർ പാർട്ടിക്ക് നൽകിയ വലിയൊരു സേവനം. പല കാര്യങ്ങളിലും ഒന്നിച്ചുനിൽക്കാത്ത കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഈ മത്സരത്തിൽ ഒരുമിപ്പിച്ചു എന്നതാണ് രണ്ടാമത്തെ സേവനം. തരൂരിനെ എതിർക്കാനും അതുവഴി നെഹ്‌റു കുടുംബത്തിന്റെ പ്രീതി നേടാനും അവരിപ്പോൾ ഒരുമിച്ചുനിൽക്കുകയാണ്. തരൂരിന് അതു സാധിച്ചു. ഒട്ടും ചെറിയ കാര്യമല്ല അത്.
ഇങ്ങനെയൊക്കെ തരൂർ ഭാവിയിൽ കോൺഗ്രസിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും. അതുകൊണ്ട് തോറ്റാലും അദ്ദേഹത്തിന് ഈ മത്സരം ഒരു നേട്ടമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago