പ്രവാസികള്‍ താണ്ടുന്നത് ദുരിതങ്ങളുടെ തീമല
കൊവിഡ് മഹാമാരി ഏറ്റവുമധികം ആഘാതം ഏല്‍പിച്ചത് പ്രവാസികളെയാണ്. രണ്ട് വിധത്തിലാണ് പ്രതിസന്ധി അവരെ വേട്ടയാടുന്നത്. ഒന്ന്, വിദേശങ്ങളില്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവര്‍. ജീവിക്കാന്‍ യാതൊരു വഴിയും കാണാതെ നട്ടംതിരിയുകയാണ് ഇത്തരക്കാര്‍. ഇവര്‍ക്ക് ഒരു പുനരധിവാസ പദ്ധതിയും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാവരോടും ബാങ്ക് വായ്പയെടുത്തു സ്വയംതൊഴില്‍ കണ്ടെത്താനാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. നീണ്ട പ്രവാസകാലത്ത് കിടപ്പാടം പോലും ഉണ്ടാക്കാന്‍ കഴിയാത്തവരാണ് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവന്നവരില്‍ ഭൂരിപക്ഷം പേരുമെന്നു സര്‍ക്കാര്‍ ഓര്‍ക്കുന്നില്ല. അല്‍പസ്വല്‍പം സമ്പാദ്യവുമായി വന്നവര്‍ സര്‍ക്കാരിന്റെ വാക്കില്‍ വിശ്വസിച്ചു സ്വയംസംരംഭകരാകാന്‍ വായ്പക്കായി സമീപിച്ചാല്‍ നൂറു കൂട്ടം സങ്കീര്‍ണതകള്‍ നിരത്തി ബാങ്ക് അധികൃതര്‍ അവരെ ഓടിക്കുന്നു. വഴിയോരങ്ങളില്‍ പഴങ്ങള്‍ വിറ്റും പായസം വിറ്റും ഉപജീവനം കഴിക്കേണ്ട അവസ്ഥയിലാണ് പലരും. അതിനും കഴിയാത്തവര്‍ ഇരുണ്ട ഭാവിയിലേക്ക് കണ്ണുംനട്ട് നെടുവീര്‍പ്പോടെ അര്‍ധ പട്ടിണിയില്‍ കഴിയുന്നു. ഇതൊന്നും സര്‍ക്കാര്‍ അറിയുന്നില്ല. നാടിന്റെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയവരാണ് ഇവരെന്ന് സര്‍ക്കാര്‍ ഓര്‍ക്കാതെ പോകുന്നു. പ്രവാസികളുടെ രക്ഷയ്ക്കായി രൂപീകരിച്ച നോര്‍ക്ക ഇന്നു നോക്കുകുത്തിയാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ ഭൂരിഭാഗവും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പിനു വേണ്ടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഈ പഠനറിപ്പോര്‍ട്ട് പുറത്തുവന്നത്. മടങ്ങിയെത്തിയ 51 ശതമാനം പേര്‍ക്കും സ്വന്തമായി കിടപ്പാടം പോലും ഇല്ലെന്നാണ് പഠനത്തില്‍ വ്യക്തമായത്.
രണ്ടാമത്തേതാകട്ടെ ഇതിനേക്കാളുമധികം ദുരിതമാണ്. എങ്ങനെയെങ്കിലും പ്രവാസ ജീവിതത്തിലേക്ക് തന്നെ തിരിച്ചുപോകാമെന്ന് കരുതിയവര്‍ക്ക് മുന്‍പില്‍ ആ വാതിലുകളും കൊട്ടിയടക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൊവിഡിന്റെ തുടക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയിരുന്ന വിസ ഇളവുകള്‍ ഇപ്പോള്‍ അനുവദിക്കുന്നില്ല. വിസ കാലാവധി തീര്‍ന്നതിനാല്‍ മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രയാസത്തിലാണ് ഏറെപേരും. വിസ റദ്ദാകാത്തവര്‍ക്ക് തിരിച്ചു പോകാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടിയും വരുന്നു. യു.എ.ഇ, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് തിരിച്ചു പോകേണ്ടവര്‍ മറ്റു വിദേശ രാഷ്ട്രങ്ങള്‍ വഴി വേണം അവിടങ്ങളില്‍ എത്താന്‍. നേരിട്ടുള്ള വിമാന സര്‍വിസ് ഇല്ല. ഖത്തര്‍ പോലുള്ള രാജ്യങ്ങള്‍ വഴി വേണം പോകാന്‍. ഇതിനാകട്ടെ വിമാനക്കൂലിയടക്കം ലക്ഷങ്ങളാണ് ചെലവാകുന്നത്. എങ്ങനെയെങ്കിലും ഈ തുക സംഘടിപ്പിച്ചാല്‍ തന്നെ യാത്രാക്രമീകരണങ്ങള്‍ നടത്തുക എന്നതും ദുഷ്‌കരമാണ്.
തിരിച്ചുപോകാന്‍ വാക്‌സിനെടുക്കുന്നത് സംബന്ധിച്ചു സര്‍ക്കാരിനും ആരോഗ്യവകുപ്പിനും വ്യക്തമായ ധാരണയില്ലാത്തതാണ് പ്രവാസികളെ കുഴക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 'കൊവിന്‍' സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കൊവിഡ് വാക്‌സിന്‍ എടുക്കുന്ന നടപടിയാണ് തുടക്കത്തില്‍ ആരംഭിച്ചത്. തിരിച്ചുപോകണമെങ്കില്‍ കുത്തിവയ്പ് എടുക്കണമെന്ന നിഷ്‌കര്‍ഷ കാരണം പലരും പ്രയാസപ്പെട്ടാണ് വാക്‌സിന്‍ എടുത്തത്. തുടക്കത്തില്‍ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുക്കാനുള്ള സമയം 45 ദിവസമായിരുന്നു. പെട്ടെന്നാണ് അത് 84 ദിവസമാക്കി നീട്ടിയത്. ഈ നീണ്ട കാലയളവ് കാരണം ഇവിടെ നിന്നു പോകാന്‍ നേരിട്ട് വിമാനവും ഉണ്ടായിരുന്നില്ല. ഇതിനാലാണ് പ്രവാസികള്‍ ഭീമമായ തുക മുടക്കി നേപ്പാള്‍ വഴിയും ഖത്തര്‍ വഴിയും ബഹ്‌റൈന്‍ വഴിയും യു.എ.ഇയിലേക്കും സഊദി അറേബ്യയിലേക്കും പോകേണ്ടിവന്നത്. ഇതിനിടയിലാണ് സഊദി അറേബ്യ അവിടത്തെ വെബ്‌സൈറ്റായ 'മുഖീമി'ല്‍ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധന കൊണ്ടുവന്നത്. ഇവിടെ നിന്ന് വരുന്നവര്‍ ഏഴു ദിവസം സഊദി അറേബ്യയില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയും ഇതോടൊപ്പം നിലവില്‍ വന്നു. ക്വാറന്റൈന്‍ ഒഴിവാകണമെങ്കില്‍ ഇവിടെ നിന്ന് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് മുഖീമില്‍ അപ്‌ലോഡ് ചെയ്ത് സഊദി അറേബ്യയിലെ 'തവക്ക'ല്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ രോഗമില്ലെന്ന വിവരം കാണിക്കണം. അല്ലാത്തവര്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഒന്നാം ഡോസ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തവര്‍ രണ്ടാം ഡോസ് വാക്‌സിനും സര്‍ട്ടിഫിക്കറ്റും പെട്ടെന്ന് ലഭിക്കാനായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. അതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലികമായി ഒരു വെബ്‌സൈറ്റ് ഒരുക്കി സര്‍ട്ടിഫിക്കറ്റും നല്‍കി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സൈറ്റ് മുഖേന സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മുഖീം വെബ്‌സൈറ്റില്‍ അപ്‌ലോഡായില്ല. അവയെല്ലാം സഊദി അറേബ്യയില്‍ തള്ളിപ്പോവുകയായിരുന്നു. ഈ സാഹചര്യത്തില്‍ പലരും നോര്‍ക്കയുമായും മറ്റും ബന്ധപ്പെട്ടുവെങ്കിലും ആര്‍ക്കും തൃപ്തികരമായ ഒരു ഉത്തരം കൊടുക്കുവാന്‍ കഴിഞ്ഞില്ല. ഈ പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചപ്പോള്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്നു തന്നെ രണ്ടു സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കാനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാരുണ്ടാക്കി. പക്ഷേ 45 ദിവസത്തെ സമയപരിധിയില്‍ രണ്ടാം ഡോസ് എടുത്തവര്‍ക്ക് കേന്ദ്രം നിഷ്‌കര്‍ഷിച്ച 84 ദിവസത്തെ ഇടവേള ഇല്ലാത്തതിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇവരുടെ അപേക്ഷകള്‍ തള്ളി. ഇതിനിടെ കുത്തിവയ്പ് ലഭിച്ച സെന്ററുകളില്‍ പോയി വാക്‌സിന്‍ എടുത്തെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റില്‍ രേഖപ്പെടുത്തണമെന്ന് കേന്ദ്ര നിര്‍ദേശം പിന്നാലെ വന്നു. ആ സൈറ്റില്‍ വാക്‌സിന്‍ എടുക്കാതെ തന്നെ നേരത്തെ എടുത്തതിന്റെ വിവരം ചേര്‍ത്താല്‍ മതിയെന്നും അറിയിപ്പുണ്ടായി.
ഇത്തരം സങ്കീര്‍ണ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവരെ സമീപിക്കുമ്പോള്‍ ആര്‍ക്കും വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നിലവില്‍ മറ്റു രാജ്യങ്ങള്‍ അനുവദിക്കുകയുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളൊന്നും അവര്‍ സ്വീകരിക്കില്ല. ഇനി ഈ പ്രയാസങ്ങളെല്ലാം തരണം ചെയ്തു ഖത്തര്‍ വഴി പോകാമെന്ന് കരുതിയാലോ, ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് കാണിക്കണം. ടിക്കറ്റ് ഇന്‍ഷുര്‍ ചെയ്തത് വേണം. ഇതിനൊന്നും കഴിവില്ലാത്തവര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണീരോടെ മടങ്ങുകയാണ്. തിരിച്ചുപോകുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഇനിയും ഉണ്ടായിട്ടില്ലെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.
സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും പലതും പറയുന്നുണ്ടെങ്കിലും വിസയുടെ കാലാവധി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കടലിനും ചെകുത്താനും ഇടയില്‍പ്പെട്ടത് പോലുള്ള ഒരവസ്ഥയാണ് കൊവിഡ് മഹാമാരി പ്രവാസികള്‍ക്ക് നല്‍കിയിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇവിടെ ജീവിക്കാന്‍ യാതൊരു വഴിയുമില്ല. തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ എങ്ങനെയെങ്കിലും തിരിച്ചുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്‍പില്‍ വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം കാണേണ്ട സംസ്ഥാന സര്‍ക്കാരാകട്ടെ ഇരുട്ടില്‍ തപ്പുകയാണിപ്പോഴും. കൊവിഡ്, ദുരിതങ്ങളുടെ തീമലയാണ് താണ്ടുവാനായി പ്രവാസികള്‍ക്ക് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."