കേരള സർവകലാശാല നടപടി വിവാദത്തിൽ എ.ഐ.സി.ടി.ഇ അനുമതിയില്ലാത്ത കോഴ്സ് അനുവദിച്ചു
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾക്ക് എ.ഐ.സി.ടി.ഇ അനുമതിയില്ലാത്ത എം.ബി.എ സായാഹ്ന കോഴ്‌സ് അനുവദിച്ച കേരള സർവകലാശാല നടപടി വിവാദത്തിൽ. ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ ഉടമസ്ഥതയിലുള്ള എച്ച്.എൽ.എൽ മാനേജ്‌മെന്റ് അക്കാദമി, തിരുവനന്തപുരം മൺവിള കാർഷിക സഹകരണ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾക്കാണ് കോഴ്‌സ് അനുവദിച്ചത്. 30 പേർക്ക് വീതമാണ് പ്രവേശനം. വിദ്യാർഥി പ്രവേശനം, ഫീസ്, അധ്യാപക നിയമനം, അധ്യയനം, മൂല്യനിർണയം തുടങ്ങിയവയെല്ലാം സ്ഥാപനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. സർവകലാശാല ഫീസിന്റെ ഇരട്ടിയാണ് ഓരോ സെമസ്റ്ററിനും ഈടാക്കുന്നത്. വിദ്യാർഥി പ്രവേശനത്തിനുള്ള അപേക്ഷകൾ സ്ഥാപനങ്ങൾ നേരിട്ട് സ്വീകരിച്ചു തുടങ്ങി. കേരള സർവകലാശാലയുടെ കാംപസിൽ മാത്രം നേരിട്ട് നടത്തുന്ന എം.ബി.എ പ്രോഗ്രാം ആദ്യമായാണ് സർവകലാശാലയ്ക്ക് പുറത്തുള്ള സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾക്കും ട്രസ്റ്റുകൾക്കും മാത്രമേ സർവകലാശാല അഫിലിയേഷനും കോഴ്‌സുകളും അനുവദിക്കാൻ പാടുള്ളൂന്ന വ്യവസ്ഥ ലംഘിച്ചാണ് കോഴ്‌സ് അനുവദിച്ചിട്ടുള്ളത്. അഫിലിയേറ്റഡ് കോളജുകൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള നിയമാനുസൃതമായ സ്ഥലവും മറ്റ് സൗകര്യങ്ങളും ഈ സ്ഥാപനങ്ങളിലില്ല.
സർവകലാശാല പഠനവകുപ്പിൽ നടത്തുന്ന സി.എസ്.എസ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സ്‌കീം) കോഴ്‌സുകൾ സർവകലാശാലയ്ക്ക് പുറത്തുള്ള കോളജുകൾക്ക് അനുവദിക്കാൻ വ്യവസ്ഥയില്ല. ഇത് സി.എസ്.എസ് കോഴ്‌സിന്റെ അക്കാദമിക് ഗുണനിലവാരം തകർക്കുമെന്നും ആക്ഷേപമുണ്ട്.
എം.ബി.എ കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങൾ എ.ഐ.സി.ടി.ഇയുടെ മുൻകൂർ അനുമതി നേടിയിരിക്കണം. എ.ഐ.സി.ടി.ഇ അംഗീകാരമില്ലാത്ത കോളജുകളിൽ പഠിച്ചിറങ്ങുന്നവരുടെ ബിരുദങ്ങൾക്ക് അംഗീകാരമുണ്ടാവില്ല. എന്നാൽ, സർവകലാശാലകൾക്ക് എം.ബി.എ കോഴ്‌സ് നടത്തുന്നതിന് എ.ഐ.സി.ടി.ഇ അംഗീകാരം നിർബന്ധമല്ല. ഈ ഇളവ് ദുരുപയോഗം ചെയ്താണ് രണ്ട് സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
സമാനരീതി തുടർന്നാൽ സർവകലാശാല പഠനവകുപ്പുകൾക്ക് ധാരണാപത്രം ഒപ്പുവച്ച് കൂടുതൽ സ്വാശ്രയ കോഴ്‌സുകൾ സർവകലാശാലയ്ക്ക് പുറത്ത് അനുവദിക്കാനാവും. ചട്ടവിരുദ്ധമായി രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുവദിച്ച എം.ബി.എ കോഴ്‌സ് നിർത്തലാക്കാൻ നിർദേശം നൽകണമെന്നാ വശ്യപ്പെട്ട് ഗവർണർക്കും എ.ഐ.സി.ടി.ഇ ചെയർമാനും സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി നിവേദനം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."