മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി ; പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട ഹരജി തള്ളി
കൊച്ചി: മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സിറ്റിസണ്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രസി, ഇക്വാലിറ്റി, ട്രാന്‍ക്വിലിറ്റി ആന്‍ഡ് സെകുലറിസം എന്ന സംഘടനയുടെ സെക്രട്ടറി ഇ.ജി മനോജ് സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
നിലവിലുള്ള ന്യൂനപക്ഷ പദവിയിലെ നിയമവിരുദ്ധത തെളിയിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. 2014ലെ ന്യൂനപക്ഷ കമ്മിഷന്‍ നിയമം കൊണ്ടുവന്നത് ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും അവരുടെ ശാക്തീകരണത്തിനുമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ന്യൂനപക്ഷ പദവി സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത് നാഷനല്‍ കമ്മിഷന്‍ ഫോര്‍ മൈനോരിറ്റീസ് ആക്ട് പ്രകാരമാണെന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കി കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാവില്ല. ചില വസ്തുതകളെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളാണ് ഹരജിക്കാരന്‍ ഉന്നയിച്ചിട്ടുള്ളത്. നിയമപരമായ വിലയിരുത്തലുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് കമ്മിഷന്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നത് ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ടുകിടക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
ഏതെങ്കിലും ചില വ്യക്തികള്‍ സാമ്പത്തികമായി മുന്‍പന്തിയിലെത്തിയിട്ടുണ്ടെങ്കിലും ന്യൂനപക്ഷ സമുദായം സാമൂഹികപരമായും സാമ്പത്തികപരമായും പുരോഗതിയിലായെന്നു പറയാനാവില്ല.ഭരണഘടനയില്‍ ന്യൂനപക്ഷം എന്ന പദത്തിനു വിശദീകരണം നല്‍കിയിട്ടില്ലെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."