ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ
ദുബൈ: ദുബൈയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ രണ്ട് മണിക്കൂറുകൾ കൊണ്ട് കാണാൻ വഴിയോരുങ്ങുന്നു. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ദുബൈ ഓൺ ആൻഡ് ഓഫ് ബസാണ് ഇത്തരത്തിലൊരു അവസരം സൃഷ്ടിക്കുന്നത്. സെപ്റ്റംബറിലാണ് ആർടിഎ ഓൺ ആൻഡ് ഓഫ് ബസ് ആശയം നടപ്പിലാക്കിയത്. 8 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ബസ് സഞ്ചരിക്കുന്നത്. താമസക്കാർക്കും സന്ദർശകവിസയിലെത്തിയവർക്കും സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്
1. മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ
രൂപകൽപനകൊണ്ടുതന്നെ ലോകശ്രദ്ധനേടിയ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിക്കാം. ഫോട്ടോയെടുത്ത് ദുബൈ യാത്രയുടെ ഓർമ്മയ്ക്കായി സൂക്ഷിക്കാൻ പറ്റിയോരിടമാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ. രാവിലെ 9 മുതൽ വൈകീട്ട് 7 മണിവരെ പ്രവർത്തിക്കുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിലേക്കുളള പ്രവേശനടിക്കറ്റ് നിരക്ക് 149 ദിർഹമാണ്.
2. ദുബൈ മാൾ
ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളും വിനോദസഞ്ചാരകേന്ദ്രവുമായ ദുബൈ മാളിൽ സന്ദർശനം ജീവിതത്തിലെ ഷോപ്പിങ് അനുഭവങ്ങളിൽ ചേർത്തുവെയ്ക്കാവുന്ന നിമിഷങ്ങളിൽ ഒന്നാണ്. 1200 ഷോപ്പുകളും വലിയ അക്വേറിയവും ഒളിമ്പിക്സ് സ്‌റ്റേഡിയത്തോളം വലിപ്പമുള്ള ഐസ് റിങ്കുമെല്ലാം ദുബൈ മാളിന്റെ സവിശേഷതയാണ്.
3. ഹെറിട്ടേജ് വില്ലേജ്
നഗരജീവിതത്തിൻ്റെ ഏറ്റവും ആധുനിക കാലഘട്ടത്തിലാണെങ്കിലും പഴമ അതുപോലെ കാത്തുസൂക്ഷിക്കുന്ന നഗരമാണ് ദുബൈ.ദുബൈയുടെ പഴമയുടെ അടയാളമാണ് ഹെറിട്ടേജ് വില്ലേജ്. ദുബൈയുടെ പ്രൗഢ പാരമ്പര്യത്തിൻ്റെ ഉദാഹരണവും.
4. ദുബൈ ഫ്രെയിം
പുതിയ ദുബൈയും പഴയ ദുബൈയും ഒന്നിച്ച് കാണാൻ ആഗ്രഹിക്കുന്നവർക്ക് ദുബൈ ഫ്രെയിമിലേക്ക് പോകാം. ദുബൈ നഗരത്തിന്റെ ഭംഗിയറിയാൻ ഏറ്റവും ഉചിതമായ ഇടമാണ് ദുബൈ ഫ്രെയിം. 2018 ലാണ് ദുബൈ ഫ്രെയിം സന്ദർശകർക്കായി തുറന്നത്. 150 മീറ്റർ ഉയരത്തിലുളള രണ്ട് ടവറുകളെ ബന്ധിച്ച് 93 മീറ്റർ നീളത്തിലുളള ഗ്ലാസ് പാലമാണ് ഫ്രെയിമിന്റെ പ്രത്യേകത. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 52.50 ദിർഹവും കുട്ടികൾക്ക് 30,12 ദിർഹവുമാണ്. മൂന്ന് വയസിന് താഴെയുളളവർക്ക് ഫ്രീയായി പ്രവേശനം അനുവദിക്കും.
5. ജുമൈറ ഗ്രാൻഡ് മസ്‌ജിദ് (ജുമൈറ മോസ്ക്)
പ്രാദേശിക സംസ്‌കാരത്തെ കുറിച്ച് അറിയാനും പഠിക്കാനും ആഗ്രഹമുളളവർക്ക് ജുമൈറ ഗ്രാൻഡ് മസ്‌ജിദ് മികച്ച ഒരു ഓപ്ഷനാണ്. ജുമൈറ ഗ്രാൻഡ് മസ്‌ജിദ് വാസ്‌തുവിദ്യകൊണ്ട് ശ്രദ്ധനേടിയ ഇടമാണ്. എല്ലാ മതങ്ങളിലുമുളള സന്ദർശകരെ ജുമൈറ ഗ്രാൻഡ് മസ്‌ജിദ് സ്വാഗതം ചെയ്യുന്നു.
6. ദുബൈ ഗോൾഡ് സുഖ്
മഞ്ഞലോഹം ഇഷ്‌ടപ്പെടുന്നവർ നിശ്ചയമായും സന്ദർശിക്കേണ്ട ഒരിടമാണ് ദുബൈ ഗോൾഡ് സുഖ്. ആഭരണമേഖലയിലെ പുതുമയും പഴമയും ഒന്നിക്കുന്ന ദുബൈ ഗോൾഡ് സുഖിലും ഓൺ ആൻഡ് ഓഫ് ബസെത്തുന്നതാണ്.
7. സിറ്റിവാക്ക്
ഷോപ്പിങിനായും വിവിധ രുചികളിലെ ഭക്ഷണം തേടുന്നവർക്കും സിറ്റിവാക്ക് മികച്ച ഒരു ഓപ്ഷനാണ്. വിനോദകേന്ദ്രമെന്നരീതിയിലും സിറ്റിവാക്ക് സന്ദർശകരുടെ ഇഷ്ട ഇടങ്ങളിൽ ഒന്നാണ്.
8. ലാമെർ ബീച്ച്
കടൽത്തീരത്തെ സായാഹ്‌ന അനുഭൂതി നുകരാൻ ലാമെർ ബീച്ചിലേക്ക് പോകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."