രാഷ്ട്രീയ നീക്കങ്ങളുമായി മമതയും പവാറും
ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ നേടിയ വന്‍ വിജയത്തിനു ശേഷം, രാജ്യത്തു പ്രതിപക്ഷ വിശാലസഖ്യം രൂപീകരിക്കാനുള്ള മമതാ ബാനര്‍ജിയുടെ പരിശ്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളുമായും ചര്‍ച്ച നടത്തിയ മമത ബാനര്‍ജി, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവുമായും സംസാരിച്ചിരുന്നു. എന്‍.സി.പി തലവന്‍ ശരദ് പവാറിനെയും കാണുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ, ശരദ് പവാര്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ കണ്ട് ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസമായിരുന്നു കൂടിക്കാഴ്ച. ലാലുപ്രസാദ് യാദവിനെ കണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചെന്നും പവാര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ലാലുപ്രസാദ് യാദവിന്റെ മകളും ആര്‍.ജെ.ഡി എം.പിയുമായ മിസ ഭാരതിയും ചര്‍ച്ചയില്‍ പങ്കെടുത്തു.ഇന്നലെ ഗാനരചയിതാവ് ജാവേദ് അക്തര്‍, നടിയും ആക്ടിവിസ്റ്റുമായ ശബാന ആസ്മി എന്നിവരെയും മമത കണ്ടു.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ പ്രതിപക്ഷ വിശാല സഖ്യം രൂപീകരിക്കാനാണ് തന്റെ പദ്ധതിയെന്നു മമതാ ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ തീരുന്നതിനു പിന്നാലെ കൂടുതല്‍ പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നു വ്യക്തമാക്കിയിരുന്ന അവര്‍, അടുത്ത തെരഞ്ഞെടുപ്പില്‍ രാജ്യവും മോദിയും തമ്മിലായിരിക്കും മത്സരമെന്നും അവകാശപ്പെട്ടിരുന്നു. മമതയുടെ നീക്കത്തെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും നോക്കിക്കാണുന്നത്.കോണ്‍ഗ്രസിനു നേരിട്ട് ബന്ധം സ്ഥാപിക്കാനാകാത്ത വിവിധ പാര്‍ട്ടികളുമായി മമതയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലൂടെ പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശരദ് പവാര്‍കൂടി ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുക്കുമ്പോള്‍ കൂടുതല്‍ പാര്‍ട്ടികള്‍ സന്നദ്ധരാകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. നേരത്തെ, ദേശീയതലത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്കായി രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായും മമത പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."