റവന്യൂ മന്ത്രിയെ തള്ളി നിയമ മന്ത്രി, ഉത്തരവിറക്കുന്നതിന് മുമ്പ് നിയമോപദേശം തേടിയിട്ടില്ല
തിരുവനന്തപുരം: വിവാദ മരംമുറിയില്‍ ഉത്തരവിറക്കുന്നതിനു മുമ്പ് നിയമോപദേശം തേടിയില്ലെന്ന് നിയമ മന്ത്രി പി. രാജീവ്. ബുധനാഴ്ച നിയമസഭയില്‍ റവന്യൂ മന്ത്രി കെ. രാജന്‍ നടത്തിയ ന്യായീകരണങ്ങളെ മന്ത്രി തള്ളി.
പട്ടയഭൂമിയിലെ മരംമുറിക്കുന്നതു സംബന്ധിച്ച് റവന്യൂ വകുപ്പിറക്കിയ സര്‍ക്കുലറും ഉത്തരവും നിയമ വകുപ്പിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നില്ലെന്ന് രാജീവ് ചോദ്യോത്തരവേളയില്‍ അറിയിച്ചു.
ഉത്തരവ് നിയമവിരുദ്ധമല്ലെന്നും ഉത്തരവിനെ ദുര്‍വ്യഖ്യാനം ചെയ്തപ്പോഴാണ് ഉത്തരവ് റദ്ദാക്കിയതെന്നും നിയമ വകുപ്പിന്റെ ഉപദേശം തേടിയിരുന്നു എന്നുമുള്ള റവന്യൂ മന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശ വാദത്തിനെതിരാണ് നിയമ മന്ത്രിയുടെ മറുപടി.
കഴിഞ്ഞ ദിവസം ക്രമപ്രശ്‌നത്തിനു മറുപടി പറഞ്ഞപ്പോഴും മന്ത്രി രാജന്‍ തന്റെ അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
സര്‍ക്കുലറിലെ അവ്യക്തത ചൂണ്ടിക്കാട്ടി അതു റദ്ദാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടപ്പോഴാണ് 2005ലെ വൃക്ഷം നട്ടുപിടിപ്പിക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവിറക്കിയതെന്ന് രാജീവ് പറഞ്ഞു.
എന്നാല്‍ ഇതുസംബന്ധിച്ച് വിവാദമുണ്ടായതിനെത്തുടര്‍ന്ന് ഈ ഉത്തരവ് റദ്ദാക്കുന്നതിനു മുമ്പ് നിയമ വകുപ്പിനോട് നിയമോപദേശം തേടിയിരുന്നു. നിയമ വകുപ്പിന്റെ പരിശോധനയില്‍ 1964ലെ ചട്ടത്തിനകത്ത് ഭേദഗതി വരുത്താതെ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് ഉപദേശം നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഈ ഉത്തരവ് റദ്ദാക്കിയത്. ഒരോ വകുപ്പും തങ്ങളുടെ ചട്ടവും നിയമവുമനുസരിച്ചാണ് ഉത്തരവുകളിറക്കുക. ഇങ്ങനെ ഉത്തരവിറക്കുന്നതിനു മുമ്പ് നിയമവകുപ്പിന്റെ നിയമോപദേശം തേടേണ്ടതില്ല. അതിനാല്‍ ഇങ്ങനെ ഇറക്കുന്ന ഉത്തരവുകള്‍ നിയമാനുസരണമാണെങ്കില്‍ തെറ്റില്ലെന്നും നിയമ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."