യുവതിയുടെ പരാതി: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
തിരുവനന്തപുരം: പേട്ട സ്വദേശിനിയായ അധ്യാപികയുടെ പരാതിയില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കോവളം പൊലിസാണ് കേസെടുത്തത്.
സെപ്റ്റംബര്‍ 14ന് എംഎല്‍എ മര്‍ദിച്ചെന്നു കാട്ടി 28നാണ് യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. യുവതിയുടെ മൊഴി കോവളം പൊലിസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുക്കുന്നതിനിടെ തളര്‍ന്നുവീണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് കാട്ടി സുഹൃത്ത് കോവളം പൊലീസില്‍ വീണ്ടും പരാതി നല്കി. പൊലീസ് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് വീട്ടില്‍ നില്ക്കാന് കഴിയുന്നില്ലെന്നും അതിയായ സമ്മര്‍ദ്ദമുണ്ടെന്നും പറഞ്ഞു. താന്‍ നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോവുകയാണെന്നും പൊലീസ് സംരക്ഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
കാണാതായെന്ന പരാതിയില്‍ കേസെടുത്ത സാഹചര്യത്തില്‍ യുവതിയെ കൂട്ടിക്കൊണ്ടുവന്ന പൊലീസ് ഇവരെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. മജിസ്ട്രേറ്റിന് മുന്പില് എത്തിയപ്പോള്‍ നേരത്തെ നല്കിയ പരാതിയേക്കാള്‍ ഗൗരവമാര്‍ന്ന ആരോപണങ്ങള്‍ യുവതി ഉന്നയിച്ചു. എംഎല്‍എ പല സ്ഥലങ്ങളില്‍ തന്നെ കൊണ്ടുപോയി പീഡിപ്പിച്ചെന്നും, കാറില്‍ വെച്ച് കൈയ്യേറ്റം ചെയ്തെന്ന പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തെന്നും ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഇവര്‍ മജിസ്ട്രേറ്റിന് മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."