കൊവിഡ്: പാളുന്ന നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആശങ്കയുയര്‍ത്തും വിധം വര്‍ധിക്കുകയാണ്. കൊവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) ഇന്നലെയും 13 ശതമാനത്തിനു മുകളിലെത്തിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച 1,60,824 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ടി.പി.ആര്‍ 13.61 ശതമാനമാണ് കണ്ടെത്തിയത്. 20,772 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊവിഡ് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നലെ വീണ്ടും സംസ്ഥാനത്ത് എത്തുന്നുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) ഡയരക്ടര്‍ എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധ സംഘമാണ് എത്തുന്നത്. രാജ്യത്താകമാനം ചികിത്സയിലുള്ളതിന്റെ 37 ശതമാനം രോഗികള്‍ കേരളത്തിലാണ്. ആസൂത്രണത്തിലെ പിഴവാണ് ഇത്തരത്തിലുള്ള വ്യാപനത്തിനു കാരണമായതെന്നതിനു സംശയമില്ല. നിയന്ത്രണങ്ങളിലെയും ഇളവുകളിലെയും പാളിച്ചകളാണ് രോഗവ്യാപനം കൂട്ടുന്നത്. അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്നും കനത്ത ജാഗ്രത തുടരേണ്ടതുണ്ടെന്നുമാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. നിയന്ത്രണങ്ങളും ഇളവുകളും ഈ രീതിയില്‍ തന്നെയാണ് തുടരുന്നതെങ്കില്‍ മന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം വലിയ ഫലം ചെയ്യുമെന്നു തോന്നുന്നില്ല.
ഇതിനിടയിലാണ് വ്യാപാരികള്‍ ഓഗസ്റ്റ് ഒന്‍പത് മുതല്‍ സംസ്ഥാനത്തെ കടകളെല്ലാം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. പൊലിസ് തടയുന്നപക്ഷം മരണംവരെ നിരാഹാരസമരം നടത്തുമെന്നും സംഘടനാ നേതാക്കള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഇതല്ലാതെ വേറെവഴിയില്ല എന്നിടത്ത് വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. കര്‍ഷക ആത്മഹത്യകള്‍ക്ക് പിന്നാലെ കടക്കെണിയില്‍പെട്ട് വ്യാപാരികളും ജീവനൊടുക്കുന്ന വാര്‍ത്തകളാണ് വരുന്നത്. ഒരു വര്‍ഷമായി കട തുറക്കാന്‍ കഴിയാത്തതിനാല്‍ ജീവിതം വഴിമുട്ടിപ്പോയ വ്യാപാരി ജീവനൊടുക്കിയത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളും മാളുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ചെറുകിട കച്ചവടക്കാരാണ് കടകള്‍ തുറക്കാന്‍ കഴിയാതെ ജീവിതം വഴിമുട്ടുന്ന അവസ്ഥയില്‍ എത്തുന്നത്. ഭക്ഷ്യവസ്തുക്കളടക്കമുള്ളവ വില്‍ക്കാന്‍ അനുമതി കിട്ടിയ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇതിന്റെ മറവില്‍ എല്ലാത്തരം സ്റ്റേഷനറികളും അല്ലാത്തവയും വില്‍ക്കുന്നു. ഇതോടെ ചെറുകിട വ്യാപാരികള്‍ക്ക് തങ്ങളുടെ കൈവശമുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതാവുകയും അവ കടകളില്‍ കിടന്ന് നശിക്കുന്ന അവസ്ഥയും ഉണ്ടാ
കും. ഇതോടെ അവരുടെ ജീവിതമാണ് വഴിമുട്ടുന്നത്. ഇളവുകളിലെ ആസൂത്രണമില്ലായ്മയല്ലേ ഇത്തരമൊരവസ്ഥക്ക് കാരണമായി തീരുന്നത്.
ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ സമ്പൂര്‍ണമായി അടച്ചിടുമ്പോള്‍ തൊട്ടടുത്ത പ്രദേശം ബി കാറ്റഗറിയിലായിരിക്കും. സ്വാഭാവികമായും ഡി കാറ്റഗറി പ്രദേശത്തെ ആളുകള്‍ അവശ്യസാധനങ്ങള്‍ക്കും അല്ലാത്തതിനുമായി തൊട്ടടുത്ത ബി കാറ്റഗറി പ്രദേശത്തേക്ക് തള്ളിക്കയറും. അവിടെ ആള്‍ക്കൂട്ടങ്ങള്‍ രൂപപ്പെടും. അതോടെ ബി കാറ്റഗറിയിലും രോഗവ്യാപനം ഉണ്ടാകും. മറ്റൊരു ആസൂത്രണ വൈകല്യം ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. ഇതും അശാസ്ത്രീയമാണ്. രണ്ട് ദിവസത്തെ അടച്ചിടല്‍ കാരണം ജനം അവര്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാന്‍ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും കടകളില്‍ തിങ്ങിക്കൂടുന്നു. ആളുകള്‍ കൂട്ടംകൂടരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം അങ്ങനെ പരസ്യമായി ലംഘിക്കപ്പെടുന്നു. ഇവിടെ സമ്പര്‍ക്കം വഴി രോഗവ്യാപനം സംഭവിക്കുകയും ചെയ്യുന്നു.ചുരുക്കത്തില്‍ സാധാരണ ജനങ്ങളുടെ ജീവിതസന്ധാരണം മുടങ്ങിയെന്നതൊഴിച്ചാല്‍ കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും ഇളവുകളും പര്യാപ്തമായില്ലെന്നു മാത്രമല്ല അനുദിനം രോഗവ്യാപനം കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.
മൂന്നാം തരംഗ ഭീഷണി മുന്നില്‍ നില്‍ക്കുമ്പോഴാണ് അശാസ്ത്രീയമായ നിയന്ത്രണങ്ങളും ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും മുന്‍പോട്ട് പോവുന്നത്. ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്ന് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത് കഴിഞ്ഞയാഴ്ചയാണ്. അതോടൊപ്പം തന്നെ പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന് എതിര് നില്‍ക്കരുതെന്ന താക്കീതും കോടതി നല്‍കിയിരുന്നു. കൊവിഡ് മൂലം മരിച്ചവരുടെ യഥാര്‍ഥ കണക്ക് പുറത്ത് വിടാതെയും സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തി. ഇതു കാരണം അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരം പോലും നിഷേധിക്കപ്പെടുകയാണ്. കൊവിഡാനന്തര രോഗം ബാധിച്ചു മരിച്ചാലും കൊവിഡ് മരണമായി പരിഗണിച്ചു നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രിംകോടതി വിധി നിലനില്‍ക്കുമ്പോഴാണ് മരണവിവരം പോലും മറച്ചു പിടിക്കുന്ന സര്‍ക്കാര്‍ നഷ്ടപരിഹാരം അടക്കം നിഷേധിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതകള്‍ക്കെതിരേ ഐ.എം.എയും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതാണ്. കൊവിഡ് ഭീതി നിലനില്‍ക്കുമ്പോള്‍, രോഗവ്യാപനം കുറഞ്ഞ മേഖലകളില്‍ ഇളവുകള്‍ കൂടുതല്‍ നല്‍കുന്നത് വ്യാപനം കൂട്ടുമെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടിയിരുന്നു. ടി.പി.ആര്‍ നിരക്ക് അനുസരിച്ചു വാരാന്ത്യ ലോക്ക്ഡൗണും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും വൈറസ് വ്യാപനം കുറയ്ക്കാന്‍ പര്യാപ്തമാവുകയില്ലെന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ഡാറ്റകള്‍ ശേഖരിച്ചു പഠനം നടത്തിയ ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റിലെ ഡോക്ടര്‍മാരും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മുന്നറിയിപ്പുകളെല്ലാം കണക്കിലെടുത്ത് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാവുകയാണ് വേണ്ടത്. മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനോ ഇളവുകളില്‍ മാറ്റം വരുത്താനോ തയാറില്ലെന്ന സര്‍ക്കാര്‍ കടുംപിടുത്തം രോഗവ്യാപനം കൂട്ടുകയേയുള്ളൂ. സമ്പര്‍ക്കം മൂലമുണ്ടാകുന്ന രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ ശാസ്ത്രീയവും പ്രായോഗികവുമായ സമീപനം സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."