തൊയ്‌കോണ്ട്വോ മത്സരത്തില്‍ റഫറിങിനെ ചൊല്ലി തര്‍ക്കം
കുന്നംകുളം: ഉപജില്ല തൊയ്‌കോണ്ട്വോ മത്സരത്തില്‍ റഫറിങിനെ ചൊല്ലി തര്‍ക്കം. പരിശീലകന്‍ റഫറിമാരുടെ നോട്ട്പാഡുള്‍പെടേയുള്ള ഫയലുകള്‍ വലിച്ചെറിഞ്ഞു. തര്‍ക്കത്തെ തുടര്‍ന്ന് മണിക്കൂറുകളോളം മത്സരം തടസ്സപെട്ടു. മത്സരത്തിനിടെ വിദ്യാര്‍ഥിനിക്ക് പരിക്ക്. കുന്നംകുളം ഉപജില്ലാ കായിക മത്സരത്തോടനുബന്ധിച്ച് ഗേള്‍സ് സ്‌കൂളില്‍ നടന്ന മത്സരങ്ങളിലാണ് തര്‍ക്കമുണ്ടായത്.
മത്സരം നിയന്ത്രിക്കുന്ന റഫറിമാര്‍ക്ക് വേണ്ടത്ര പരിജ്ഞാനമില്ലെന്നും തൊയ്‌കോണ്ട്വോ അസോസിയേഷന്‍ നിര്‍ദേശിക്കുന്ന മനദണ്ഡങ്ങള്‍ പാലിക്കപെടാത്തവരുമാണെന്നാരോപിച്ച് വിദ്യാര്‍ഥികളുടെ പരിശീലകര്‍ ബഹളമുണ്ടാക്കിയതോടയാണ് തര്‍ക്കമാരംഭിച്ചത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ 32 കിലോവിഭാഗത്തില്‍ പഴഞ്ഞി സ്‌കൂളിലെ വിസ്മയ, കുന്നംകുളം ഗേള്‍സിലെ ആഷ്‌ലി എന്നിവരുടെ മത്സരത്തിനിടെ വിസ്മയക്ക് 28 പോയന്റ് ലഭിച്ചിരുന്നു.
എന്നാല്‍ ഇത്രയും പോയിന്റ് ലഭിച്ചത് പരിശീലകരുടെ അറിവു കേടാണെന്ന് പറഞ്ഞ് പരിശീലകനായ സുമേഷ് റഫറിമാരുടെ ഫയലുകള്‍ വലിച്ചെറിയുകയായിരുന്നു. ഇതോടെ മത്സരം നിര്‍ത്തിവച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ ഓഫിസര്‍ സ്ഥലത്തെത്തി പരിശീലകരെ മത്സര സ്ഥലത്ത് നിന്നും പുറത്താക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ പരിശീലകര്‍ തന്നെ റഫറിമാരായി എത്തി വിജയം വീതം വക്കുന്ന പതിവുണ്ടായതിനാലാണ് ഇത്തവണ ജില്ലക്ക് പുറത്ത് നിന്നും റഫറിമാരെ കൊണ്ടുവന്നതെന്ന് ഗെയിംസ് സെക്രട്ടറി പറയുന്നു.
നാഷനല്‍, സ്റ്റേറ്റ് തലത്തിലുള്ള റഫറിമാരാണ് പ്രൊഫഷനല്‍ സമീപനത്തോടെ മത്സരങ്ങള്‍ നിയന്ത്രിച്ചത്. സ്‌കൂളുകളില്‍ സ്വകാര്യമായി പരിശീലനം നടത്തുന്ന കോച്ചുമാര്‍ക്ക് ഇതിലിടപെടാനെന്താണ് അവകാശമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
മത്സരം തടസ്സപെടുത്തുകയും ആക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും അധ്യാപകര്‍ ആരോപിക്കുന്നു. എന്നാല്‍ മത്സരങ്ങളുടെ നിയമങ്ങളറിയാത്ത റഫറിമാരെ കൊണ്ടുവന്ന് വിദ്യാര്‍ഥികളുടെ മത്സരങ്ങളെ ആക്രമ സ്വഭാവത്തിലേക്ക് നീക്കുന്നതിനുള്ള ശ്രമമാണെന്നതിനാലാണ് ചോദ്യം ചെയ്തതെന്ന് പരിശീലകര്‍ പറഞ്ഞു.
ഇതിനിടെ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ആഷ്‌ലി മാത്യൂ എന്ന വിദ്യാര്‍ഥിനിക്ക് മത്സരത്തിനിടെ പരുക്കേറ്റു. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരിക്കാനിറങ്ങുന്നവരുടെ കഴിവ് തിരിച്ചറിഞ്ഞ് വേര്‍തിരിച്ച് നിര്‍ത്താന്‍ പരിശീലകരുടെ സാന്നിധ്യമില്ലാതിരുന്നതാണ് പരുക്കേല്‍ക്കാന്‍ കാരണമായതെന്ന് തൊയ്‌കോണ്ട്വോ പരിശീലകനായ മഹേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."