അത്യാധുനിക ദുരന്തപ്രതിരോധ മാർഗങ്ങൾക്കു രൂപംനൽകും: മന്ത്രി കെ. രാജൻ
തിരുവനന്തപുരം • വിവിധ ലോകമാതൃകകൾ പഠിച്ചും ചർച്ചചെയ്തും അന്താരാഷ്ട്ര നിലവാരത്തിലുള്ള ദുരന്ത പ്രതിരോധ മാർഗങ്ങൾക്കു കേരളം രൂപം നൽകുമെന്ന് റവന്യു മന്ത്രി കെ. രാജൻ. ഉരുൾപൊട്ടൽ ദുരന്ത ലഘൂകരണത്തെ അടിസ്ഥാനമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുടെ സ്വഭാവങ്ങളിൽ കഴിഞ്ഞ നാല് വർഷങ്ങളായി ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം വലിയ വെല്ലുവിളിയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ, കൊക്കയാർ ദുരന്തങ്ങൾ നടുക്കുന്ന ഓർമകളാണ്. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന അതിതീവ്രമഴയും അതിനു ശേഷമുണ്ടാകുന്ന കടുത്ത വരൾച്ചയും പരിസ്ഥിതി വ്യതിയാനത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നു.
ശിൽപശാലയുടെ നയപരമായ തീരുമാനങ്ങൾ ശുപാർശയായി സംസ്ഥാന സർക്കാരിന് സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന ശിൽപശാലയിൽ അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ നിന്നു ക്ഷണിക്കപ്പെട്ട അക്കാദമിക – ഗവേഷക വിദഗ്ധരായ 20 പേർ ചർച്ചകൾ നയിക്കും. ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിദഗ്ധൻ ഡോ. മുരളി തുമ്മാരുകുടി, വൃന്ദ നാഥ്, നമീബിയയിൽ നിന്നുള്ള ഹിൽമ ഇസ്രയേൽ, മലാവി യിൽനിന്നുള്ള ഡിറാക് മാമീവാ എന്നിവരും സോമാലിയ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."