മാനസയുടെയും രഖിലിന്റെയും സംസ്‌കാരം നടത്തി
കണ്ണൂര്‍: കോതമംഗലം നെല്ലിക്കുഴിയില്‍ വെടിയേറ്റു മരിച്ച ഡെന്റല്‍ കോളജ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിനി പി.വി മാനസയുടെയും സ്വയം വെടിവച്ചു മരിച്ച രഖിലിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പുലര്‍ച്ചെ കണ്ണൂരിലെത്തിച്ച മാനസയുടെ മൃതദേഹം രാവിലെ ഏഴരയോടെയാണു നാറാത്ത് ടി.സി ഗേറ്റിലെ പാര്‍വണം വീട്ടില്‍ കൊണ്ടുവന്നത്. മകളുടെ ചേതനയറ്റ ശരീരം കണ്ടയുടന്‍ മാതാവ് സബീന ബോധരഹിതയായി കുഴഞ്ഞുവീണു. സബീനയ്ക്കു കമ്പിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി.
വികാരനിര്‍ഭര രംഗങ്ങള്‍ക്കാണു പാര്‍വണം വീട് സാക്ഷിയായത്. ഒന്നരമണിക്കൂറോളം വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പേരെത്തി. ഉറ്റബന്ധുക്കളെ ഒന്നുകൂടി കാണിച്ച ശേഷമായിരുന്നു മൃതദേഹം പയ്യാമ്പലത്തേക്കു കൊണ്ടുപോയത്. പത്തരയോടെ പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു. സഹോദരന്‍ അശ്വന്ത് ചിതയ്ക്കു തീകൊളുത്തി. മന്ത്രി എം.വി ഗോവിന്ദന്‍ മാനസയുടെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിച്ചു. പുലര്‍ച്ചെ മൂന്നോടെയാണ് രഖിലിന്റെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. 8.15ന് മേലൂരിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുവച്ചു.
രഖിലിന്റ മാതാപിതാക്കളും സഹോദരനും അടുത്ത ബന്ധുക്കളും അയല്‍ക്കാരും മാത്രമാണ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത്. പിണറായി പൊതുശ്മശാനത്തില്‍ ഒന്‍പതരയോടെ സംസ്‌കാരചടങ്ങുകള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."