മണിപ്പൂരിൻ്റെ മുറിവ് എന്ന് ഉണങ്ങും
മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികളും കൊല്ലപ്പെട്ട വിവരം പുറത്തുവന്നിരിക്കുന്നു. മെയ്തിവിഭാഗത്തിൽപ്പെട്ട 17 വയസുകാരി ഹിജാം ലിന്തോയിങ്കമ്പിയെയും 20 വയസുകാരൻ ഫിജാം ഹേംജിത്തിനെയുമാണ് ജൂലൈയിൽ കാണാതായത്. വിദ്യാർഥികളുടെ മൃതദേഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വർഗീയ കലാപത്തിനിടെ വിദ്യാർഥികളെ കാണാതായത് വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു.
കടയിലെ സി.സി.ടി.വിയിൽ വിദ്യാർഥികളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. വിദ്യാർഥികളെ ഒരു വിഭാഗം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്. മണിപ്പൂരിൽ സമ്പൂർണ അരാജകത്വമാണുള്ളത് എന്നതിന് മറ്റൊരു തെളിവ് വേണ്ട.
ഇതുവരെ 150ലധികം പേർ കൊല്ലപ്പെടുകയും 3,000 പേർക്ക് പരുക്കേൽക്കുകയും ചെയ്ത മണിപ്പൂർ കലാപം രാജ്യത്തിന്റെ നെഞ്ചിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കുകയാണ്. എല്ലാം ശാന്തമായെന്ന് കരുതുമ്പോഴേക്കും വീണ്ടും കൊലയുടെയോ തട്ടിക്കൊണ്ടുപോകലിന്റെയോ വാർത്ത പുറത്തുവരും. പ്രദേശത്ത് 40,000 കേന്ദ്രസേനയുണ്ട്. കൂടാതെ, മണിപ്പൂർ പൊലിസുമുണ്ട്. എന്നാൽ സംഘർഷത്തിന് അയവില്ല. എന്തുകൊണ്ടാണ് മണിപ്പൂർ ഇപ്പോഴും കത്തുന്നതെന്ന ചോദ്യത്തിന് മണിപ്പൂർ സംസ്ഥാനം വംശീയമായി രണ്ടുരാജ്യത്തിന് തുല്യമായി വിഭജിക്കപ്പെട്ടതുകൊണ്ടാണ് എന്നാണ് ഉത്തരം.
അവിടുത്തെ ജനങ്ങൾ മാത്രമല്ല, ഭരണനേതൃത്വം, രാഷ്ട്രീയ നേതൃത്വം, സിവിൽ-ഉദ്യോഗസ്ഥ സമൂഹങ്ങൾ എല്ലാവരും വംശത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായിരിക്കുന്നു. ഇത് പൊലിസിലും വ്യാപിച്ചിട്ടുണ്ട്. പിന്നെങ്ങനെ സംസ്ഥാനത്ത് സമാധാനം വരും. മണിപ്പൂരിൽ ഇപ്പോൾ മണിപ്പൂരികളില്ല, മെയ്തികളും കുക്കികളും പോലെ ഗോത്രങ്ങൾ മാത്രമേയുള്ളൂ. അവർ പരസ്പരം പോരാടുകയും കാരണമില്ലാതെ കൊല്ലുകയും അപമാനിക്കുകയും ചെയ്യുന്നു.
മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ സർക്കാർ ഇനിയെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ ഉപദേശം സ്വീകരിക്കുകയെന്നതാണ്. മരിച്ചവരുടെ ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിക്കണമെന്നും അവരെ തിരിച്ചറിയാൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളാരും വന്നില്ലെങ്കിൽ, മാന്യമായ രീതിയിൽ മൃതദേഹം സംസ്‌കരിക്കാനാണ് സമിതി നിർദേശം. ഇത് ദുഃഖിതരായ നിരവധി കുടുംബങ്ങളുടെ മനസ്സിലെ മുറിവുണക്കലിന്റെ ആദ്യപടിയാവും.
സർക്കാർ കണക്കനുസരിച്ച് മരിച്ചവരിൽ 96 പേരുടെയെങ്കിലും സംസ്‌കാരം നടന്നിട്ടില്ല. ഇത് ആകെ മരിച്ചവരുടെ പകുതിയിലധികം വരുമെന്നോർക്കണം. ഒരു സമുദായത്തിലെ കുടുംബങ്ങൾക്ക് മറ്റൊരു സമുദായത്തിന്റെ ആധിപത്യമുള്ള പ്രദേശങ്ങളിലെ മോർച്ചറികൾ സന്ദർശിക്കാൻ കഴിയാത്തതാണ് തിരിച്ചറിയാനും മൃതദേഹങ്ങൾ സംസ്‌കരിക്കാനുമുള്ള തടസം.
മുഖ്യമന്ത്രി ബിരേൻ സിങ് സർക്കാരിന്റെ നിലപാടുകളാണ് സംഘർഷത്തിന്റെ കനലുകളെ ഇടയ്ക്കിടെ ആളിക്കത്തിക്കുന്നത്. ആറു മാസത്തോളം സംഘർഷം നീണ്ടിട്ടും ബിരേൻ സിങ് സർക്കാർ അതിൽനിന്ന് ഒന്നും പഠിച്ചില്ല. മോർച്ചറികളിൽ അവകാശികൾ എത്താതെ കിടക്കുന്ന മിക്ക മൃതദേഹങ്ങളും നുഴഞ്ഞുകയറ്റക്കാരുടേതാണ് എന്നാണ് കഴിഞ്ഞ മാസം സുപ്രിംകോടതിയിൽ മണിപ്പൂർ സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞത്. മൃതദേഹം തിരിച്ചറിയാൻ ആർക്കും എത്താൻ സാധിക്കാത്ത സാഹചര്യം കോടതിയിൽനിന്ന് മറച്ചുവയ്ക്കുക മാത്രമല്ല, സംഘർഷം ആളിക്കത്തിക്കുംവിധം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ മുറിവുകളിൽ കുത്തിനോവിക്കൽ കൂടിയായിരുന്നു അത്.
മുഖ്യമന്ത്രിയുടെ പക്ഷപാത ആരോപണങ്ങളാണ് സംഘർഷം വളർത്താനിടയാക്കിയതെന്ന് ബിരേൻ സിങ് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ബിരേൻ സിങ് അധികാരത്തിൽ തിരിച്ചെത്തിയത് മലയോര മേഖലകളിലേക്ക് ക്ഷേമപദ്ധതികൾ എത്തിക്കുമെന്ന പ്രഖ്യാപനത്തോടെയാണ്. എന്നാൽ അധികാരത്തിലെത്തിയതോടെ സ്ഥിതി മാറി. 2022 നവംബറിൽ, സംരക്ഷിത വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ചുരാചന്ദ്പൂർ, നോനി ജില്ലകളിലെ 38 വില്ലേജുകളുടെ അംഗീകാരം ഒഴിവാക്കിയാണ് ബിരേൻ സിങ് കുക്കികൾക്കെതിരേ നീക്കം തുടങ്ങിയത്. ഇതോടെ വലിയതോതിലുള്ള കുടിയൊഴിപ്പിക്കലിന് തുടക്കമായി.
ഇതാണ് പിന്നീട് സംഘർഷമായി വളർന്നത്. നിയമാനുസൃത താമസക്കാരെ ഇതിന്റെ പേരിൽ പുറത്താക്കിയതായി കുക്കികൾ ആരോപിക്കുന്നു. പിന്നാലെ, ബിരേൻ സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയിലെ കുക്കി എം.എൽ.എമാർ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെങ്കിലും അവർ ചെവികൊടുത്തില്ല. കുടിയേറ്റമായിരുന്നു ബിരേൻ സിങ്ങിന്റെ ആയുധം. മണിപ്പൂർ, മിസോറം, നാഗാലാൻഡ് എന്നിവിടങ്ങളിലെ നിരവധി മലയോര ഗോത്രങ്ങളുമായി ഉത്ഭവം പങ്കിടുന്ന കുക്കി-ചിൻ-സോമി-മിസോ വംശീയ തുടർച്ചയിൽപെട്ട നിരവധി മ്യാൻമർ അഭയാർഥികൾ അവിടെയുള്ള സൈന്യത്തിന്റെ പീഡനത്തെത്തുടർന്ന് ഈ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നത് വസ്തുതയാണ്.
എന്നാൽ എല്ലാ കുക്കികളും കുടിയേറ്റക്കാരല്ല. കുടിയേറ്റംമൂലം സംരക്ഷിത വനങ്ങളിൽ പുതിയ ഗ്രാമങ്ങൾ ഉയർന്നുവന്നതായി മെയ്‌തി ഗ്രൂപ്പുകൾ ആരോപിക്കുന്നു. 2006 മുതൽ കുക്കി ആധിപത്യമുള്ള മൂന്ന് ജില്ലകളിൽ-തെങ്നൗപാൽ, ചന്ദേൽ, ചുരാചന്ദ്പൂർ എന്നിവിടങ്ങളിൽ 996 പുതിയ ഗ്രാമങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നാണ് ആരോപണം.
മറ്റൊരു വിഷയം മതമാണ്. വ്യാപകമായി മതപരിവർത്തനം നടക്കുന്നുണ്ടെന്നാണ് മെയ്തികൾ ചൂണ്ടിക്കാട്ടുന്നത്.
1961നും 2011നും ഇടയിൽ, സംസ്ഥാനത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 62 ശതമാനത്തിൽ നിന്ന് 41 ശതമാനമായി കുറഞ്ഞപ്പോൾ ക്രിസ്ത്യാനികൾ 19 ശതമാനത്തിൽ നിന്ന് 41 ശതമാനമായി ഉയർന്നുവെന്നാണ് ആരോപണം. ചർച്ചുകൾക്കെതിരേ ആക്രമണം നടക്കുന്നത് ഈ പ്രചാരണത്തിന്റെ ചുവടുപിടിച്ചാണ്.
ഇതുവരെ 221 പള്ളികളും 17 ക്ഷേത്രങ്ങളും തകർത്തിട്ടുണ്ട്. സംഘർഷത്തിന്റെ ഉത്തരവാദിത്വം പരസ്പരം ആരോപിക്കുമ്പോഴും ബാക്കിയാവുന്ന വസ്തുത രണ്ടുസമുദായവും ഈ കലാപത്തിലെ ഇരകളാണെന്നതാണ്. രണ്ടുവിഭാഗവും അഭയാർഥികളുമാണ്. സംഘർഷം ആർക്കും നേട്ടമുണ്ടാക്കില്ല. സമാധാനത്തിനുള്ള നീക്കം ഇരുഭാഗത്തു നിന്നുമുണ്ടാകണം. അല്ലെങ്കിൽ സംസ്ഥാനത്തിന്റെ സമ്പൂർണ തകർച്ചയായിരിക്കും ഫലം.
Content Highlights:The wound of Manipur will dry up
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."