പ്ലസ് വണ്‍: മലബാറിനു വേണ്ടത് സീറ്റുകളല്ല, ബാച്ചുകളാണ്
ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വരുമ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മലബാറിലെ കുട്ടികള്‍ പ്ലസ് വണ്‍ സീറ്റിനു വേണ്ടി നെട്ടോട്ടം ഓടേണ്ടി വരുന്നത് പതിവുകാഴ്ചയാണ്. പ്രതിഷേധങ്ങള്‍ കടുക്കുമ്പോള്‍ സീറ്റുവര്‍ധന എന്ന ചെപ്പടിവിദ്യ കാണിച്ച് സര്‍ക്കാര്‍ അതെല്ലാം തണുപ്പിക്കുകയും ചെയ്യും.
തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ യഥേഷ്ടം ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലബാറിലെ കുട്ടികള്‍ പ്ലസ് വണ്‍ സീറ്റിനു വേണ്ടി പരക്കം പായുന്നത്. ഇതിന് ന്യായീകരണമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, എം.കെ മുനീര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി നിയമസഭയില്‍ പറഞ്ഞത് സീറ്റുകള്‍ അനുവദിക്കുന്നത് ജില്ലാ അടിസ്ഥാനത്തിലല്ല സംസ്ഥാന തലത്തിലാണെന്നാണ്. സംസ്ഥാന തലത്തില്‍ അനുവദിക്കുമ്പോള്‍ എല്ലാ വര്‍ഷവും മലബാറില്‍ മാത്രം പ്ലസ് വണ്‍ സീറ്റുകളുടെ കാര്യത്തില്‍ അസന്തുലിതാവസ്ഥയുണ്ടാകാന്‍ എന്താണ് കാരണമെന്നും മന്ത്രി വിശദമാക്കേണ്ടതുണ്ടായിരുന്നു. മലബാറിലെ കുട്ടികള്‍ ജില്ല മാറി പഠിക്കാന്‍ തയാറില്ലാത്തതിനാലാണ് അവര്‍ക്ക് സീറ്റ് ദൗര്‍ലഭ്യം അനുഭവപ്പെടുന്നതെന്ന മന്ത്രിയുടെ 'കണ്ടുപിടുത്തം' എത്രമാത്രം ബാലിശമാണ്. എസ്.എസ്.എല്‍.സി മികച്ച മാര്‍ക്കോടെ പാസാകുന്ന കുട്ടികളെല്ലാം സാമ്പത്തിക ഭദ്രതയുള്ള വീടുകളില്‍നിന്നു വരുന്നവരാണെന്നാണോ മന്ത്രി മനസിലാക്കിയത്. അന്നന്നത്തെ അഷ്ടിക്കുവേണ്ടി രാപകല്‍ അധ്വാനിക്കുന്ന സാധാരണക്കാരന്റെ മക്കളാണ് മികച്ച രീതിയില്‍ പാസാകുന്നവരില്‍ മിക്കവരുമെന്ന് മന്ത്രി ഓര്‍ത്തു കാണില്ല. ഇതര ജില്ലകളില്‍ പോയി പഠിക്കാന്‍ അവരോടാണ് മന്ത്രി ഉപദേശിക്കുന്നത്.
കാസര്‍കോട്ടുള്ള ദരിദ്രനായ ഒരു കുട്ടിക്ക് തിരുവനന്തപുരത്ത് പ്ലസ് വണ്ണിന് ചേര്‍ന്നു പഠിക്കാനാകുമോ? സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുമോ? അടിയന്തര പ്രമേയങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരുമ്പോള്‍ മന്ത്രിമാര്‍ യാഥാര്‍ഥ്യ ബോധത്തോടെയായിരിക്കണം സംസാരിക്കേണ്ടത്. മലബാറിലെ പ്ലസ് വണ്‍ സീറ്റൊഴിവുകളുടെ എണ്ണവുമായി ബന്ധപ്പെട്ട് മന്ത്രി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞ കണക്ക് തെറ്റാണ്. മലപ്പുറം ജില്ലയില്‍ മാത്രം ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായത് 75,554 കുട്ടികളാണ്. ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണമാകട്ടെ 44,740 മാത്രവും. വിജയിച്ചവരില്‍ 30,814 പേരും പുറത്ത് നില്‍ക്കേണ്ടിവരും. കാശുള്ളവര്‍ പണം മുടക്കി പഠിക്കാമെന്ന് വച്ചാലും അണ്‍ എയ്ഡഡ് ഉള്‍പ്പെടെ പ്ലസ് വണ്‍ സീറ്റുകളുടെ ആകെ എണ്ണം 56,015 വരെ മാത്രമേ വരൂ. അപ്പോഴും 19,539 കുട്ടികള്‍ പുറത്താണ്. ഇവര്‍ പഠിക്കാന്‍ എവിടെപ്പോകും? ഇതേ സന്ദര്‍ഭത്തില്‍ തന്നെയാണ് തെക്കന്‍ ജില്ലകളില്‍ പ്ലസ് വണ്ണിന് കുട്ടികള്‍ പഠിക്കാനില്ലാതെ ധാരാളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. തിരുവനന്തപുരത്ത് 916 സീറ്റുകളും കൊല്ലത്ത് 1,783 സീറ്റുകളും പത്തനംതിട്ടയില്‍ 6130 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ആലപ്പുഴയിലാകട്ടെ 3126 സീറ്റുകളിലും കോട്ടയത്ത് 4747 എണ്ണത്തിലും ആളില്ല. ഇടുക്കിയില്‍ 1942 സീറ്റുകളും എറണാകുളത്ത് 849 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്.
മന്ത്രി പറയുന്നത് പോലെ സംസ്ഥാനടിസ്ഥാനത്തിലുള്ള വീതംവയ്പ്പാണെങ്കില്‍, മലബാര്‍ മാത്രം തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതെന്തുകൊണ്ടെന്ന് അദ്ദേഹം തന്നെ വിശദീകരിക്കുന്നത് ഉചിതമായിരിക്കും. മറ്റെല്ലാ മേഖലകളിലുമെന്നപോലെ വിദ്യാഭ്യാസ രംഗത്തും മലബാര്‍ വര്‍ഷങ്ങളായി അവഗണിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ തവണത്തേക്കാള്‍ 1,816 പേര്‍ കുറവാണ് ഈ വര്‍ഷം എസ്.എസ്.എല്‍.സി വിജയിച്ചതെന്ന മന്ത്രിയുടെ വാദം സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമായിട്ടേ കാണാന്‍ പറ്റൂ. മാത്രമല്ല അണ്‍ എയ്ഡഡ് മേഖലയില്‍ 11,275 സീറ്റുകള്‍ ലഭ്യമാണെന്നുള്ള മന്ത്രിയുടെ വിശദീകരണവും വസ്തുതകളെ മറച്ചു പിടിക്കലാണ്. അണ്‍ എയ്ഡഡ് ഉള്‍പ്പെടെ ആകെ സീറ്റുകളുടെ എണ്ണം 56,015 മാത്രമേയുള്ളൂവെന്നും, 19,539 കുട്ടികള്‍ പുറത്ത് നില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്നും വ്യക്തമായിരിക്കെ മന്ത്രി പറയുന്ന 11,275 സീറ്റുകള്‍ എവിടെയാണ് ലഭ്യമാവുക എന്നത് അദ്ദേഹം തന്നെ ചൂണ്ടിക്കാണിക്കുന്നതായിരിക്കും നല്ലത്.
മലബാറില്‍ സീറ്റുകളില്ലാത്ത പ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രി കാണുന്ന മറ്റൊരു പോംവഴി പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ച ശേഷം ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തെയും ഓപ്ഷനുകളെയും അടിസ്ഥാനപ്പെടുത്തി മലപ്പുറം ജില്ലയിലെ സ്ഥിതി പരിശോധിക്കാമെന്നതാണ്. പരിശോധനയില്‍ കുറവു കണ്ടാല്‍ അതിനനുസരിച്ച് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്ന പതിവ് പരിഹാര ഫോര്‍മുലയായിരിക്കും വിദ്യാഭ്യാസ വകുപ്പ് പുറത്തെടുക്കുക. ഓരോ ക്ലാസിലും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് ക്ലാസ് മുറികളെ ചന്ത സ്ഥലങ്ങളുടെ പരുവത്തിലെത്തിക്കുക. എണ്‍പതിലധികം കുട്ടികള്‍ ഞെരുങ്ങിയിരിക്കുന്നിടത്ത് പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അധ്യാപനം യാതനാനിര്‍ഭരമായ അധ്വാനമാക്കുക. ഇതായിരിക്കാം മന്ത്രി പ്ലസ് വണ്‍ പ്രവേശനത്തിന്റെ അവസാന മണിക്കൂറുകളില്‍ പുറത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന പരിഹാരക്രിയ. കഴിഞ്ഞ വര്‍ഷവും ഇടത് മുന്നണി സര്‍ക്കാര്‍ ക്രൂരമായ ഈ പരിഹാരക്രിയ തന്നെയായിരുന്നുവല്ലോ മലബാറില്‍ പ്രയോഗിച്ചത്.
രണ്ടാം അലോട്ട്‌മെന്റിന് ശേഷം ജില്ല തിരിച്ചു കണക്ക് പരിശോധിക്കാമെന്ന് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉറപ്പുകൊടുത്തിട്ടുണ്ടാവുക മുന്‍പ് പറഞ്ഞ കുത്തിനിറയ്ക്കല്‍ മനസില്‍ കണ്ടിട്ടായിരിക്കണം. 65 ല്‍ കൂടുതല്‍ കുട്ടികള്‍ ക്ലാസുകളില്‍ പാടില്ലെന്ന് കോടതി വിധിയുള്ളപ്പോഴാണ് സര്‍ക്കാര്‍ മലബാറിലെ പ്ലസ് വണ്‍ സീറ്റുകളില്‍ കുട്ടികളെ കുത്തിനിറയ്ക്കാന്‍ ഒരുങ്ങുന്നത്. ഒരു ക്ലാസില്‍ 65 കുട്ടികള്‍ തന്നെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പീഡനമാണ്. മലബാറിലെ എല്ലാ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറിയനുവദിക്കുക. നിലവിലെ ഹയര്‍ സെക്കന്‍ഡറികളില്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കുക. ഇതല്ലാതെ മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാനാകില്ല. മലബാറിലെ കുട്ടികള്‍ മികച്ച മാര്‍ക്ക് വാങ്ങി പാസായിട്ടും, കാലങ്ങളായി പുറത്ത് നില്‍ക്കേണ്ടി വരുന്ന ദുരവസ്ഥക്ക് എങ്കില്‍ മാത്രമേ ഒരവസാനമുണ്ടാകുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."