രണ്ടാഴ്ച മുമ്പ് ലൈലയുടെ വീട്ടില്‍ പോയെന്നും അജ്ഞാതനെ കണ്ടെന്നും ബന്ധു; ഇലന്തൂര്‍ നരബലിയില്‍ അന്വേഷണം മറ്റു ജില്ലകളിലേക്കും
ഇലന്തൂര്‍: ഇലന്തൂര്‍ നരബലി കേസില്‍ കണ്ടെത്തിയ തെളിവുകള്‍ വിശദമായി പരിശോധിക്കാന്‍ അന്വേഷണ സംഘം. പ്രതികളെ ചോദ്യം ചെയ്യുന്നത് കൊച്ചിയില്‍ ഇന്നും തുടരും. പ്രതികളുമായി ബന്ധപ്പെട്ടവരെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. പത്തനംതിട്ട , എറണാകുളം ജില്ലകള്‍ക്ക് പുറമെ ഷാഫിയുടെ സാന്നിധ്യമുണ്ടായിരുന്ന ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
അതിനിടക്ക് പത്മയുടെ കൊല നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് ലൈലയുടെ വീട്ടില്‍ പോയെന്നും അജ്ഞാതനെ കണ്ടെന്നും ലൈലയുടെ ബന്ധു വ്യക്തമാക്കി. മരുന്ന് വാങ്ങാന്‍ വന്നയാളാണെന്നാണ് തന്നോട് പറഞ്ഞതെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു.
ഇലന്തൂരില്‍ നിന്ന് പുലര്‍ച്ചയോടെ കൊച്ചിയില്‍ എത്തിച്ച മൂന്ന് പ്രതികളെയും ഇന്നലെ മുഴുവന്‍ സമയവും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇലന്തൂരിലെ വീട്ടീല്‍ നിന്നും പറമ്പില്‍ നിന്നുമായി കണ്ടെടുത്ത തെളിവുകളുടെ വിശദമായ പരിശോധനയും ഒരേ സമയം നടത്തുകയാണ് പൊലിസ്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ക്കൊപ്പം നിരവധി തെളിവുകളും പൊലിസിന് ലഭിച്ചിട്ടുണ്ട്. മനുഷ്യ മാംസം പാചകം ചെയ്ത പ്രഷര്‍ കുക്കര്‍ , രക്തം ശേഖരിച്ച പാത്രം , മൃതദേഹ അവശിഷ്ടങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗങ്ങള്‍ തുടങ്ങി 40ലധികം തെളിവുകള്‍ ഫോറന്‍സിക് പരിശോധനയില് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ഷാഫി നല്‍കുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. പത്മത്തെ കെട്ടിയിടാന്‍ ഉപയോഗിച്ച കയറും മൃതദേഹങ്ങള്‍ വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തികളും വാങ്ങിയ കടകളില്‍ ഭഗവല്‍ സിങിനെ എത്തിച്ചുള്ള തെളിവെടുപ്പാണ് ഇനി ഇലന്തൂരില്‍ നടക്കാനുള്ളത്. ഇതിനായി ഭഗവല്‍ സിംഗിനെ വീണ്ടും ഇലന്തൂരിലെത്തിക്കും.
മൂന്ന് വര്‍ഷമായി പ്രതികള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. റോസ്‌ലിന്റെയും പത്മത്തിന്റെ കൊലപാതകങ്ങള്‍ക്ക് മുന്‍പ് തന്നെ നിരവധി സ്ത്രീകളെയും വിദ്യാര്‍ത്ഥികളെയും വലയിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."