ഉറപ്പ് രേഖാമൂലം കൈമാറിയെന്ന് മന്ത്രി; നൽകിയത് മിനുട്‌സിന്റെ കോപ്പിയെന്ന് ദയാബായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം • എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരും. സർക്കാർ രേഖാമൂലം ഉറപ്പായി നൽകിയത് മിനുട്‌സിന്റെ കോപ്പിയാണെന്ന് ദയാബായി സുപ്രഭാതത്തോട് പറഞ്ഞു. മിനുട്‌സിൽ തന്നെ അവ്യക്തതയുണ്ട്. ഇതിൽ വ്യക്തത വരുത്താതിനാലാണ് സമരം തുടരുന്നതെന്നും മൂന്ന് ദിവസമായി ആശുപത്രിയിൽ ചികിത്സയിലുള്ള ദയാബായി പറഞ്ഞു.
എൻഡോസൾഫാൻ ബാധിതരെ കണ്ടെത്തുന്നതിനുള്ള അപേക്ഷ രണ്ട് മാസത്തിനുള്ളിൽ നൽകിയാൽ പരിശോധിച്ച് പ്രത്യേക മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കാമെന്ന് മാത്രമാണ് ഉറപ്പു നൽകിയത്. എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നും ദയാബായി അറിയിച്ചു. സമരം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിതല ചർച്ച നടത്തിയത്. ഇതിനു ശേഷം മന്ത്രിമാർ ദയാബായിയെ കണ്ട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ രേഖാമൂലം ഉറപ്പു നൽകിയാൽ മാത്രമേ സമരത്തിൽ പിൻമാറൂവെന്ന് മന്ത്രിമാരെ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ഇന്നലെ രേഖാമൂലം ഉറപ്പു നൽകിയത്.
എന്നാൽ ഞായറാഴ്ച നടന്ന യോഗത്തിന്റെ മിനുട്‌സ് പ്രിന്റ് ചെയ്താണ് ഇന്നലെ വൈകീട്ടോടെ സമരസമിതിക്ക് കൈമാറിയത്. ഇത് ആശുപത്രിയിൽ നിരാഹാരമിരിക്കുന്ന ദയാബായിയെ സമരസമിതി നേതാക്കൾ വായിച്ചു കേൾപ്പിച്ചു. എന്നാൽ ഇന്നലെ പറഞ്ഞ പല കാര്യങ്ങളും അവ്യക്തമായാണ് രേഖപ്പെടുത്തിയതെന്നും എയിംസ് അടക്കമുള്ള വിഷയങ്ങളിൽ അനുകൂല നിലപാടുണ്ടാകുന്നതു വരെ സമരം തുടരുമെന്നും ദയാബായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."