ഗ്രോവാസുവിന് അഭിവാദ്യം അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സി.പി.ഒ ഉമേഷ് വള്ളിക്കുന്നിന് മെമ്മോ
ഗ്രോവാസുവിന് അഭിവാദ്യം അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സി.പി.ഒ ഉമേഷ് വള്ളിക്കുന്നിന് മെമ്മോ
കോഴിക്കോട്: മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ സാമൂഹികപ്രവര്ത്തകന് ഗ്രോ വാസുവിന് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പൊലിസ് ഉദ്യോഗസ്ഥന് മെമ്മോ. ആറന്മുള പൊലിസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറായ ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് നടപടി. സംഭവത്തില്‍ വിശദീകരണം തേടി പത്തനംതിട്ട ഡിവൈ.എസ്.പി ആണ് മെമ്മോ നല്‍കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ കോടതി വെറുതെവിട്ട ഗ്രോവാസുവിന് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാണ് മെമ്മോയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ജില്ലാ ജയിലില്‍നിന്നു പുറത്തിറങ്ങിയ ഗ്രോ വാസുവിനെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന ചിത്രം പങ്കുവച്ച് അഭിവാദ്യങ്ങള്‍ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളില്‍ പൊലിസ് ഉദ്യോഗസ്ഥരുടെ ഇടപെടലുമായി ബന്ധപ്പെട്ടുള്ള സര്‍ക്കുലറിനും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമാണു നടപടിയെന്നും മെമ്മോയില്‍ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനകം വിശദീകരണം നല്കിയിട്ടില്ലെങ്കില് അച്ചടക്കനടപടി കൈക്കൊള്ളുമെന്നും മെമ്മോയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍, കോടതി നിരപരാധിയെന്നു വിധിച്ച ഒരാളെ കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനും പൊലിസ് മേധാവിയുടെ സര്‍ക്കുലറില്‍ വിലക്കില്ലെന്ന് ഉമേഷ് പൊലിസ് മേധാവിക്കു നല്കിയ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടി. നിസ്സാരമായ കുറ്റം ആരോപിക്കപ്പെടുകയും കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തയാളെ അകറ്റിനിര്‍ത്തുന്നതും ശത്രുവായി കാണുന്നതും പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല. പൊലിസ് മേധാവിയുടെ സര്‍ക്കുലറിനു വിരുദ്ധമായ ഒന്നും ഫേസ്ബുക്ക് പോസ്റ്റിലില്ലെന്നും ഉമേഷ് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."