മഞ്ചേശ്വരം കോഴക്കേസ്; ബി.ജെ.പി നേതാക്കള്‍ ചോദ്യംചെയ്യലിന് ഹാജരായില്ല
കാസര്‍കോട്: കെ. സുരേന്ദ്രന് പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ അന്വേഷണസംഘം നോട്ടിസ് നല്‍കിയെങ്കിലും ബി.ജെ.പി നേതാക്കള്‍ ചോദ്യംചെയ്യലിന് ഹാജരായില്ല. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ ഷെട്ടി, സംസ്ഥാന സമിതിയംഗം ബാലകൃഷ്ണ ഷെട്ടി എന്നിവര്‍ക്കാണ് കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം നോട്ടിസ് നല്‍കിയിരുന്നത്. ഇന്നലെ കാസര്‍കോട് എസ്.പി ഓഫിസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ എന്നിവരെ നേരത്തെ ചോദ്യംചെയ്തിരുന്നു. സുനില്‍ നായ്കിന്റെ നേതൃത്വത്തിലാണ് വീട്ടിലെത്തി പണം നല്‍കിയതെന്ന് സുന്ദരയുടെ മാതാവ് മൊഴിനല്‍കിയിരുന്നു.
അതിനിടെ, കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കുമെന്നാണ് വിവരം. സ്പെഷല്‍ പ്രോസിക്യൂട്ടറുടെ നിയമനത്തിനുശേഷം കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. തട്ടിക്കൊണ്ടുപോകല്‍, പട്ടികജാതി, പട്ടികവര്‍ഗ സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകള്‍ അടക്കം ചേര്‍ത്തേക്കുമെന്നാണ് വിവരം. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കൈക്കൂലി നല്‍കിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."