റിലേയില്‍ ഇന്ത്യക്ക് ഏഷ്യന്‍ റെക്കോര്‍ഡ്
ടോക്കിയോ: പുരുഷ റിലേയില്‍ ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ ടീം. പുരുഷന്മാരുടെ 4-400 റിലേയില്‍ രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച ഇന്ത്യ നാലാം സ്ഥാനത്തെത്തിയെങ്കിലും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഫൈനല്‍ കാണാതെ പുറത്തായി. മലയാളികളായ മുഹമ്മദ് അനസ്, അമോജ് ജേക്കബ്, നോഹ നിര്‍മല്‍ ടോം എന്നിവരോടൊപ്പം ബാറ്റണേന്തിയ തമിഴ്നാട്ടുകാരന് ആരോക്യ രാജീവും ചേര്‍ന്നാണ് മത്സരം 3.00.25 മിനുട്ടു കൊണ്ട് പൂര്‍ത്തിയാക്കി ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയത്. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ ഖത്തര്‍ കുറിച്ച 3.00.56 എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ഇതോടെ ദേശീയ റെക്കോര്‍ഡ് കുറിക്കാനും ഇന്ത്യക്ക് കഴിഞ്ഞു.
രണ്ടാം ഹീറ്റ്സില്‍ ഇന്ത്യക്ക് മുന്നില്‍ മൂന്നാമതായി ബെല്‍ജിയം ഫൈനലിലേക്ക് മുന്നേറി. 2.59.37 മിനുട്ടാണ് ബെല്‍ജിയത്തിന്റെ സമയം. പോളണ്ട്, ജമൈക്ക എന്നിവരാണ് രണ്ടാം ഹീറ്റ്സില്‍ നിന്ന് ഫൈനലിലേക്ക് യോഗ്യത നേടിയ മറ്റു ടീമുകള്‍. രണ്ട് ഹീറ്റ്സുകളില്‍ നിന്നായി ആദ്യമെത്തുന്ന മൂന്ന് ടീമും വേഗതയേറിയ രണ്ട് ടീമുമാണ് ഫൈനലിലേക്ക് മുന്നേറുക. അമേരിക്ക, ബോട്സ്വാന, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നിവരാണ് ഒന്നാം ഹീറ്റ്സില്‍ നിന്ന് നേരിട്ട് യോഗ്യത നേടിയത്. വേഗതയേറിയ റിലേയുടെ അടിസ്ഥാനത്തില്‍ ഇറ്റലിയും ഹോളണ്ടും അവസാന സ്ഥാനക്കാരായി ഫൈനലിലേക്ക് മുന്നേറി. ഓവറോള്‍ റാങ്കിങ്ങില്‍ ഇവര്‍ക്ക് പിന്നിലായി ഇന്ത്യക്ക് ഒന്‍പതാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."