സോഷ്യല്‍ മീഡിയ വഴി ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ പഠിക്കാം; ലോകത്തിലെ ആദ്യ ഇന്‍ഫ്‌ളുവന്‍സര്‍ കോഴ്‌സ് ആരംഭിച്ച് അയര്‍ലാന്റ്
സോഷ്യല്‍ മീഡിയ വഴി ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ പഠിക്കാം; ലോകത്തിലെ ആദ്യ ഇന്‍ഫ്‌ളുവന്‍സര്‍ കോഴ്‌സ് ആരംഭിച്ച് അയര്‍ലാന്റ്
സോഷ്യല്‍ മീഡിയകള്‍ വ്യാപകമായതോടെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെയും ഇന്‍ഫ്‌ളുവന്‍സര്‍മാരുടെയും തിക്കുംതിരക്കുമാണ്. റീല്‍സുകള്‍ മുഖേന പുതിയ കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്ത് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ സമ്പാദിച്ച നിരവധിയാളുകളും നമുക്കിടയിലുണ്ട്. ഇവരില്‍ പ്രമുഖരായ പല സോഷ്യല്‍ മീഡിയ ക്രിയേറ്റര്‍മാര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് വരുമാനമായി കമ്പനികള്‍ നല്‍കുന്നതും. ലോകത്താകമാനം 1600 കോടി യൂറോ വരെ മൂല്യമുള്ള വരുമാന മേഖലയായാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സിങ്ങിനെ കണക്കാക്കുന്നത്.
ഇനി നിങ്ങള്‍ക്കും ഇന്‍ഫ്‌ളുവന്‍സിങ് പഠിച്ച് സോഷ്യല്‍ മീഡിയ വഴി കണ്ടന്റുകള്‍ ഉണ്ടാക്കി സ്റ്റാറാവാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി ഇന്‍ഫ്‌ളുവന്‍സര്‍ കോഴ്‌സുമായി രംഗത്തെത്തിയിരിക്കുകയാണ് അയര്‍ലാന്റിലെ ഒരു സര്‍വ്വകലാശാല. ലോകത്തില്‍ തന്നെ ആദ്യമായാണ് ഒരു അംഗീകൃത യൂണിവേഴ്‌സിറ്റി സോഷ്യല്‍ മീഡിയ കണ്ടന്‍് ഇന്‍ഫ്‌ളുവന്‍സിങ്ങില്‍ ബിരുദം ഓഫര്‍ ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. അയര്‍ലാന്റിലെ കാര്‍ലോയിലുള്ള സൗത്ത് ഈസ്റ്റ് ടെക്‌നിക്കല്‍ സര്‍വ്വകലാശാലയാണ് കണ്ടന്റ് ക്രിയേഷന്‍ ആന്റ് സോഷ്യല്‍ മീഡിയ എന്ന വിഷയത്തില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് ബിരുദം നല്‍കുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയുടെ ഉപയോഗം വ്യാപകമായതായും, ധാരാളം ആളുകള്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സായി ജോലി നോക്കുന്നുണ്ടെന്നും, അതുകൊണ്ടാണ് പുതിയ കോഴ്‌സുമായി തങ്ങള്‍ രംഗത്തെത്തിയതെന്നും സര്‍വ്വകലാശാലയിലെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായ ഡോ. എലിനോര്‍ ഒലിയറി പറഞ്ഞു. പുതിയ തീരുമാനത്തോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് അനുകൂലനിലപാടാണ് ഉളളതെന്നും അടുത്ത വര്‍ഷം സെപ്റ്റംബറോടെ കോഴ്‌സുകള്‍ ഔദ്യോഗികമായി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴ്‌സിന്റെ രീതി
നിലവിലുള്ള മീഡിയ, പി.ആര്‍ കോഴ്‌സുകളുമായി ഇന്‍ഫ്‌ളുവന്‍സര്‍ കോഴ്‌സുകള്‍ക്ക് സാമ്യമുണ്ടെങ്കിലും ഇതൊരു പുതിയ പഠന മേഖലയാണ്. എങ്ങനെ സമൂഹ മാധ്യമ ശ്രോതാക്കളെ സൃഷ്ടിക്കാം അത് നിലനിര്‍ത്താം എന്നൊക്കെയാണ് കോഴ്‌സിലൂടെ പഠിപ്പിക്കുന്നത്. നാല് വര്‍ഷത്തേക്കാണ് കോഴ്‌സിന്റെ കാലാവധി. ബിസിനസ് സ്‌കില്‍, വീഡിയോ എഡിറ്റിങ്, ഓഡിയോ എഡിറ്റിങ്, സാംസ്‌കാരിക പഠനം, ക്രിയേറ്റീവ് റൈറ്റിങ് തുടങ്ങിയ മേഖലകള്‍ കോഴ്‌സിന്റെ ഭാഗമാവും. ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ സ്വന്തമായി പ്രവര്‍ത്തിക്കാനോ സംരംഭങ്ങള്‍ ആരംഭിക്കാനോ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്നതാണ് കോഴ്‌സ്.
നവംബര്‍ 1 മുതല്‍ കോഴ്‌സിനായുള്ള അപേക്ഷ ക്ഷണിച്ച് തുടങ്ങും. അടുത്ത വര്‍ഷം സെപ്റ്റംബറോടെ ആദ്യ ബാച്ച് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാനാണ് സര്‍വ്വകലാശാല ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."